എല്‍എന്‍ജി എല്‍പിജിയേക്കാള്‍ സുരക്ഷിതം: ഗെയില്‍

Friday 16 June 2017 12:32 am IST

കൊച്ചി: പ്രകൃതി വാതക പൈപ്പ് ലൈനിന് പാചക വാതക സിലിണ്ടറിനേക്കാള്‍ അപകടം കുറവാണെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) ഹൈക്കോടതിയെ അറിയിച്ചു. പ്രകൃതി വാതകം ചോര്‍ന്നാല്‍ പാചകവാതകത്തെ പോലെ തീപിടിക്കാന്‍ സാധ്യത കുറവാണ്. പൈപ്പ് ലൈനിനൊപ്പം സ്ഥാപിച്ചിട്ടുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേന എവിട ചോര്‍ച്ച ഉണ്ടെങ്കിലും ഉപഗ്രഹ സഹായത്തോടെ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. പ്രകൃതി വാതക ചോര്‍ച്ചയുണ്ടോയെന്ന് കൊച്ചിയില്‍ സ്ഥാപിക്കുന്ന റീജിയണല്‍ ഗ്യാസ് മാനേജ്‌മെന്റ് സെന്റര്‍ തുടര്‍ച്ചയായി നിരീക്ഷിക്കും. ദല്‍ഹിയിലെ നാച്വറല്‍ ഗ്യാസ് മാനേജ്‌മെന്റ് സെന്ററും ഇതോടൊപ്പം നിരീക്ഷണം നടത്തും. അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൈപ്പിടുന്നത്. ദല്‍ഹി, മുംബൈ നഗരങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒരു അനിഷ്ട സംഭവം പോലുമില്ലാതെ പ്രകൃതി വാതകം ഉപയോഗിക്കുന്നത് ഗെയിലിന്റെ പദ്ധതി എത്രമാത്രം സുരക്ഷിതമാണെന്നതിന് ഉദാഹരണമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടകം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പ്രകൃതി വാതക പൈപ്പ് ലൈന്‍ ഗാര്‍ഹിക, വാണിജ്യ, ഗതാഗത മേഖലകളില്‍ പ്രകൃതിവാതകം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു. കൊച്ചി - കൂറ്റനാട് - ബെംഗളൂരു - മംഗലാപുരം പൈപ്പ് ലൈന്‍ 503 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് 3,300 കോടി രൂപയുടെ പദ്ധതി. രാജ്യത്ത് ആകമാനം ഇതുവര 12, 000 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. സ്ഥലം സ്ഥിരമായി ഏറ്റെടുക്കുകയല്ല, മറിച്ച് പൈപ്പ് ലൈന്‍ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനായി ഭൂമി ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോര്‍പ്പറേഷനും ഭൂമിയില്‍ സര്‍വേ ഉള്‍പ്പടെ നിയമാനുസൃത നടപടികള്‍ തുടങ്ങാം. ഇതിനു തടസമുണ്ടായാല്‍ സംരക്ഷിക്കാന്‍ പോലീസിന് ബാദ്ധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കളമശേരിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഗെയില്‍ ചീഫ് എന്‍ജിനീയര്‍ ടോം മാത്യുവാണ് മറുപടി സത്യവാങ്മൂലം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.