നാണയത്തുട്ടുകള്‍ കണ്ടെത്തി

Monday 27 February 2017 9:47 pm IST

തൊടുപുഴ: മണക്കാട് മുല്ലയ്ക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ നാണയത്തുട്ടുകള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും കണ്ടെത്തി. ഇന്നലെ രാവിലെ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള വര്‍ക്ക്‌ഷോപ്പ് ഉടമയാണ് നാണയം കണ്ടെത്തിയത്. ഇയാളുടെ വര്‍ക്ക്‌ഷോപ്പിനോട് ചേര്‍ന്ന് 5 കിലോയുടെ അരിച്ചാക്കിലാക്കി മുകള്‍ഭാഗം കെട്ടാതെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. മോഷണ വസ്തുവാകാം എന്ന് സംശയം തോന്നിയ ഉടമ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ഇവരറിയിച്ചതിനെ തുടര്‍ന്ന് തൊണ്ടിമുതല്‍ ഏറ്റെടുക്കുകയായിരുന്നു. 552  രൂപയുടെ നാണയമാണ് കണ്ടെത്തിയതെന്നും ഇത് കോടതിയെ ഏല്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ 21ന് രാത്രിയാണ് വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലെ ഗണപതി കോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തകര്‍ത്താണ് മോഷണം നടത്തിയത്. ഉത്സവത്തിന് ശേഷം കാണിക്കവഞ്ചി തുറന്നിരുന്നില്ല. നിര്‍മ്മാണം നടക്കുന്നതിനാല്‍ മറ്റ് സുരക്ഷാ സംവിധാനങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നില്ല. അതേസമയം മോഷണത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നാണ് പോലീസ് സസ ംശയിക്കുന്നത്. നാണയം കയ്യില്‍ വച്ച് കഴിഞ്ഞാല്‍ പിടിക്കപ്പെടുമെന്ന് ഭയപ്പെട്ടാണ് ഇവിടെ ഉപേക്ഷിച്ചതെന്നും കരുതുന്നു. നോട്ടുകളൊന്നും കണ്ടെത്താനാകാത്തതും സംശയം ബലപ്പെടുത്തുന്നു. മോഷണംപോയ തുകയുടെ ഒരുഭാഗം തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ക്ഷേത്രം ഭാരവാഹികളും ഭക്തരും. കള്ളന് മനസ്ഥാപമുണ്ടായി പണം തിരികെ ഏല്‍പ്പിച്ചതാണെന്നാണ് ഇവരുടെ പക്ഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.