ഇരട്ടത്താപ്പ്, നിയമവിരുദ്ധം

Friday 16 June 2017 12:10 am IST

കഴിഞ്ഞ സര്‍ക്കാരിന്റെ പല നടപടികളിലും അഴിമതിയുടെ പഴുത് കണ്ടെത്തിയ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ ആ അഴിമതികള്‍ക്കു തുല്യം ചാര്‍ത്താന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. കേരളത്തിലെ പ്ലസ് ടു മേഖലയിലെ പഠനസൗകര്യം കുറവാണെന്ന കാരണത്താല്‍ കുറെയേറെ എയ്ഡഡ് , അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അണ്‍ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചത് 2001 ലാണ്. എയ്ഡഡില്‍ അണ്‍ എയ്ഡഡ് പ്ലസ് ടു പ്രവര്‍ത്തിച്ചുവരുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ 2011ലും 2014ലും എയ്ഡഡ് പ്ലസ് ടു അനുവദിച്ചത് ഇരട്ടത്താപ്പും നിയമവിരുദ്ധവുമാണ്. പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകള്‍ എന്ന ന്യായം പറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒരാവശ്യവുമില്ലാതെ കുറെയേറെ സ്‌കൂളില്‍ പ്ലസ്ടു നല്‍കിയത്. അതിലും അഴിമതി ഉണ്ടായിരുന്നു എന്നത് ഏവര്‍ക്കും അറിവുള്ളതുമാണ്. ജാതിമത പ്രീണനമായിരുന്നു പ്രധാനമാനദണ്ഡം. കൊട്ടാരക്കര മേലില പഞ്ചായത്തില്‍ വലിയൊരു എയ്ഡഡ് സ്‌കൂളില്‍ പ്ലസ് ടു ഇള്ളപ്പോള്‍, തൊട്ടടുത്തുതന്നെ, പത്താംക്ലാസില്‍ വെറും പത്തുപേര്‍ ഉള്ള മറ്റൊരു സ്‌കൂളിലും പ്ലസ്ടു നല്‍കി. അതുപോലെ പലേടത്തും. പല പഞ്ചായത്തുകളിലും സര്‍ക്കാര്‍ സ്‌കൂളുകളെ ഒഴിവാക്കി സ്വകാര്യ സ്‌കൂളില്‍ പ്ലസ്ടു നല്‍കി. അതിലെല്ലാമുള്ള അഴിമതിയുടെ പേരില്‍ ഇടതുസംഘടനകള്‍ മുറവിളി കൂട്ടിയിരുന്നു. എന്നാലിപ്പോഴിതാ, അത്തരം അഴിമതി അനുമതികള്‍ക്കെല്ലാം തുല്യം ചാര്‍ത്താനായി ആ സ്‌കൂളുകളില്ലാം തസ്തിക അനുവദിക്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉള്‍പെടുത്താനാണു നീക്കം. എയ്ഡഡില്‍ അണ്‍ എയ്ഡഡ് പ്ലസ് ടു പ്രവര്‍ത്തിച്ചുവരുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ എയ്ഡഡ് പ്ലസ് ടു അനുവദിച്ചത് എന്തിന്? അണ്‍ എയ്ഡഡ് പോരേ? 2001 നു ശേഷം സ്വകാര്യമേഖലയില്‍ ആരംഭിച്ച എല്ലാ പ്ലസ് ടുവും അണ്‍ എയ്ഡഡായി പ്രഖ്യാപിക്കണം. അധ്യാപകര്‍ക്ക് ദിവസവേതന നിരക്കിലെ ശമ്പളം സര്‍ക്കാര്‍ തന്നെ നല്‍കിയാല്‍, കുട്ടികളില്‍നിന്ന് മാനേജര്‍ ഫീസ് വാങ്ങുന്നത് ഒഴിവാക്കുകയും ചെയ്യാം. തസ്തിക വിറ്റ് മാനേജര്‍ കോടികള്‍ വാങ്ങുന്നതും ഒഴിവാക്കാം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17000 കുട്ടികള്‍ കുറവാണ് ഈവര്‍ഷം പത്താംക്ലാസ് എഴുതുന്നത്. മാന്യമായ മൂല്യനിര്‍ണയമാണെങ്കില്‍ ഇക്കുറി പത്താംക്ലാസ് ജയിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുലക്ഷമെങ്കിലും കുറവായിരിക്കും. വരുംവര്‍ഷങ്ങളില്‍ പത്താം ക്ലാസ് എഴുതുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞുവരുന്നതിനാല്‍ പ്ലസ്ടു സ്‌കൂളുകളില്‍ അനേകം എണ്ണം ആവശ്യമില്ലാതാകുമ്പോള്‍ അണ്‍എയ്ഡഡുകള്‍ എളുപ്പത്തില്‍ അടച്ചുപൂട്ടുകയും ചെയ്യാം. പ്ലസ്ടു പ്രവേശനത്തിനുള്ള ഏകജാലകത്തില്‍ എല്ലാ അണ്‍ എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പെടുത്തുകയും വേണം. കുട്ടികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ആ സ്‌കൂളുകളെ തെരഞ്ഞടുത്താല്‍ മതിയല്ലോ. 2011ലും 2014ലും സ്വകാര്യമേഖലയില്‍ അനുവദിച്ച ഒരു പ്ലസ്ടുവിലും സ്ഥിരം തസ്തിക നല്‍കരുത്. ഗസ്റ്റ് തസ്തിക മതിയാകും. തസ്തിക അനുവദിക്കും മുമ്പ്, ഇല്ലാത്ത തസ്തികകളില്‍ മാനേജര്‍മാര്‍ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ തെറ്റാണ്. തസ്തിക അനുവദിച്ച് ഉത്തരവിറങ്ങിയ ശേഷം, രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ വിളിച്ച് അഭിമുഖം നടത്തി റാങ്ക്പട്ടിക തയാറാക്കി നിയമനം നടത്തണമെന്നു ചട്ടമുള്ളപ്പോള്‍ അതിനു വിരുദ്ധമായി ആരെയെങ്കിലും പ്രലോഭിപ്പിച്ചു മാനേജര്‍മാര്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവരുടെ മാത്രം കാര്യമാണ്. സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. ഭാവിയില്‍ പുതിയ ബാച്ചോ സ്‌കൂളോ ആവശ്യമെങ്കില്‍, സര്‍ക്കാരിലോ മേല്‍ പറഞ്ഞ രീതിയില്‍ താല്‍കാലികമായി അണ്‍ എയ്ഡഡായോ മാത്രമേ ആകാവൂ.

ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം

ഗോപൂജ നിയമ ലംഘനമല്ല

ചീമേനിയിലെ തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു എന്ന് വാര്‍ത്ത. ജയിലില്‍ ഈശ്വരന്‍ പശുവിന്റെ രൂപത്തില്‍ ആണ് പ്രത്യക്ഷപ്പെട്ടതെന്ന് വളരെ നിലവാരം കുറഞ്ഞ തമാശയും മുഖ്യമന്ത്രി പറഞ്ഞു. ആ തമാശയിലും വലുതൊരെണ്ണം കൂടി അദ്ദേഹം പറഞ്ഞു: ഉദ്യോഗസ്ഥര്‍ നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്ന്! നിയമവാഴ്ചയോട് അതിരറ്റ ബഹുമാനമുള്ള, നിയമവാഴ്ച പുലര്‍ന്നു കാണാന്‍ നിര്‍ബ്ബന്ധമുള്ള ഒരു മുഖ്യമന്ത്രിയാണോ പിണറായി വിജയന്‍? ഒന്‍പത് മാസമായി കേരളത്തില്‍ ഉണ്ടായിട്ടുള്ള നിയമവാഴ്ചയുടെ തകര്‍ച്ച സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതയില്ലാത്ത വിധമാണെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ത്തന്നെ അദ്ദേഹം അധികാരമേറ്റശേഷം കൊലപാതകവും മറ്റതിക്രമങ്ങളും എത്രയാ നടന്നിട്ടുള്ളത്? അതെല്ലാം നടത്തിയിട്ടുള്ളത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നുള്ള വസ്തുത നിയമവാഴ്ചയോട് അദ്ദേഹം പ്രകടിപ്പിച്ച ആദരവ് തികച്ചും കപടനാടകമാണെന്നും അതിനാല്‍ പരിഹാസ്യമാണെന്നും കേരളത്തിലെ ജനങ്ങള്‍ക്കറിയാം. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ 1968ല്‍ വധിച്ച കേസിലെ പ്രതി, സംസ്ഥാനത്തിന് ഏകദേശം നാനൂറു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കുപ്രസിദ്ധ ലാവ്‌ലിന്‍ അഴിമതിക്കേസിലെ പ്രതി എന്നെല്ലാമുള്ള പട്ടം അലങ്കരിക്കുന്നയാള്‍ക്ക് ഗോപൂജ നടത്തി എന്നുള്ളതുകൊണ്ട് മാത്രം ജയില്‍ ഉദ്യോഗസ്ഥര്‍ നിയമവാഴ്ചയെ അംഗീകരിക്കുന്നവരാണോ എന്ന് സംശയിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല, കഴിഞ്ഞ കുറേ മാസങ്ങളില്‍ പോലീസില്‍ അദ്ദേഹം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം നടത്തിയിട്ടുള്ള അഴിച്ചുപണികളും സ്ഥലം മാറ്റങ്ങളും നിയമവാഴ്ചയെ കേരളത്തില്‍ തകര്‍ക്കുവാനേ സഹായിച്ചിട്ടുള്ളൂ എന്നാണ് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വ്യക്തമാക്കുന്നത്. കേരളം ഇപ്പോള്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായിരിക്കുന്നു എന്നാണ് നാഷണല്‍ െ്രെകം റിക്കോര്‍ഡ് ബ്യൂറോ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ കക്ഷികളും പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി പദം എത്രയും വേഗം ഒഴിയണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. ജയില്‍ ഉേദ്യാഗസ്ഥര്‍ ഗോപൂജ നടത്തിയതുകൊണ്ട് മാത്രം ഇവിടെ ഒരു നിയമ ലംഘനവും നടക്കുകയില്ല. എന്നു മാത്രമല്ല അവര്‍ ആത്മാര്‍ത്ഥമായി പൂജ നടത്തിയാല്‍ അവരുടെ മനസ്സില്‍ സാത്വികത ഉണ്ടാകുകയും അത് ജയിലിലെ അന്തേവാസികളുടെ മനസ്സിലെ കുറ്റവാസനയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ അവരെ കെല്‍പുള്ളവരും ആക്കിയേക്കും. നേരെമറിച്ച് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ കുട്ടിസഖാക്കള്‍ ചെയ്യുന്ന പോലെ വിദ്യാലയങ്ങളില്‍ പോലും ജന്തുഹത്യ നടത്തി മാംസഭക്ഷണോത്സവങ്ങള്‍ സംഘടിപ്പിച്ചാലുണ്ടാകുന്നത് വിദ്യാര്‍ത്ഥികളില്‍ കൊലപാതകം തുടങ്ങിയ ഹീനകൃത്യങ്ങള്‍ അനുഷ്ഠിക്കാനുള്ള വാസന മാത്രമായിരിക്കും.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.