പ്രധാന്‍മന്ത്രി ആവാസ് യോജന: 1783 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കി

Friday 16 June 2017 4:53 am IST

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് നഗരത്തില്‍ തുടക്കം. സ്വന്തമായി വീടില്ലാത്ത നഗരത്തിലെ 1783 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള തുക വിതരണം ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വിജില, സുധാബി, ദീപിക, ഷാജു, ദിവാകരന്‍, ബാബുരാജ്, ഹരിദാസന്‍, വേലായുധന്‍, ജലജ, അമ്മാളു തുടങ്ങിയവര്‍ക്കുള്ള ചെക്ക് മേയര്‍ വിതരണം ചെയ്തു. അര്‍ഹരായ മറ്റുള്ളവര്‍ക്കുള്ള തുക നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന സെല്ലിലൂടെ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ആദ്യഗഡുവായ 30,000 രൂപയാണ് വിതരണം ചെയ്തത്. കേന്ദ്രവിഹിതമായി ഒന്നരലക്ഷം രൂപയും സംസ്ഥാന, നഗരസഭ വിഹിതമായി അന്‍പതിനായിരം രൂപ വീതമാണ് ലഭിക്കുക. ഗുണഭോക്തൃവിഹിതമായ 50,000 രൂപ ഒന്നിച്ചോ നാല് ഗഡുക്കളായോ നഗരസഭ സെക്രട്ടറിയുടെ പേരിലുള്ള പി.എം.എ.വൈ അക്കൗണ്ടില്‍ നിക്ഷേപിക്കണം. 60 മീറ്റര്‍ സ്‌ക്വയര്‍ കാര്‍പ്പറ്റ് ഏരിയ വരെയുള്ള വീടാണ് പദ്ധതി പ്രകാരം നിര്‍മ്മിക്കേണ്ടത്. നിര്‍മ്മിതിക്ക് അധികം വരുന്ന തുക ഗുണഭോക്താവ് സ്വയം കണ്ടെത്തണം. പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ ഏഴ് വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ല. വസ്തുവിന്റെ പ്രമാണം ഏഴ് വര്‍ഷം നഗരസഭയില്‍ സൂക്ഷിക്കും. ഗുണഭോക്താക്കളുടെ സൗകര്യാര്‍ത്ഥം നഗരസഭയില്‍ പ്രത്യേക പ്രധാനമന്ത്രി ആവാസ് യോജന സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഭവന പ്ലാന്‍ തയ്യാറാക്കുന്നതിന് ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി സൗജന്യനിരക്കില്‍ പ്ലാന്‍ വരച്ചുകൊടുക്കും. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഉടന്‍ ആരംഭിക്കും. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം മുഖ്യാതിഥിയായി. പിഎംഎവൈ ഡെപ്യൂട്ടി മാനേജര്‍ പി. ബിജു പദ്ധതി വിശദീകരണം നടത്തി. കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി. രാജന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, എം.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, അഡ്വ. പി.എം. സുരേഷ് ബാബു കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യം ചെയര്‍പേഴ്‌സണ്‍ അനിത രാജന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം. ഗോപിനാഥ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.