തെരുവുവിളക്ക് കരാറില്‍ അഴിമതിയെന്ന് കൗണ്‍സില്‍ യോഗത്തില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

Friday 16 June 2017 1:52 am IST

കോഴിക്കോട്: നഗരത്തിലെ ആറ് റോഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി നല്‍കിയ കരാര്‍, താല്‍പ്പര്യപത്രത്തിന് വിരുദ്ധമായി ഒപ്പുവെച്ച നടപടി അഴിമതിയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷിസംഘം അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണപക്ഷം നിരാകരിച്ചതിനെത്തുടര്‍ന്ന് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ആറ് റോഡുകളില്‍ എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലാണ് അഴിമതി ആരോപണം. സോളാര്‍ ആഡ് സൊല്യൂഷന്‍സ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 600 പോസ്റ്റുകള്‍ സ്ഥാപിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് താല്‍പര്യപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിന് വിരുദ്ധമായി നിലവുള്ള പോസ്റ്റുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് കരാറില്‍ രേഖപ്പെടുത്തിയത്. ഇതുവഴി കരാര്‍ എടുത്ത കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടാവുന്നതെന്നും ആരോപണം ഉയര്‍ന്നു. പ്രതിപക്ഷത്തുനിന്ന് പി. കിഷന്‍ചന്ദ് ആണ് വിഷയം ശ്രദ്ധക്ഷണിക്കലായി സഭയില്‍ കൊണ്ടുവന്നത്. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡിന്റെ വലിപ്പം താല്‍പര്യപത്രത്തില്‍ നിന്ന് വിരുദ്ധമായി വര്‍ദ്ധിപ്പിച്ചതിന്റെ പിന്നില്‍ അഴിമതിയുണ്ടെന്ന് കിഷന്‍ചന്ദ് പറഞ്ഞു. പരസ്യഇടപാടുമായി ബന്ധപ്പെട്ട ചില മാഫിയകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കിഷന്‍ചന്ദ് ആരോപിച്ചു. എന്നാല്‍ ഇത് ക്ലറിക്കല്‍ മിസ്റ്റേക്ക് മാത്രമാണെന്നായിരുന്നു കോര്‍പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ മറുപടി. സര്‍വ്വകക്ഷി സംഘത്തിന്റെ അന്വേഷണം അനിവാര്യമാണെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനും പ്രതിപക്ഷനേതാവ് അഡ്വ. പി.എം. സുരേഷ്ബാബു അഭിപ്രായപ്പെട്ടു. ഈ വിഷയം സംബന്ധിച്ച് സര്‍കക്ഷിസംഘം അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്‍ വാക്കാല്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തയാറായില്ല. വിഷയം കൗണ്‍സിലും കമ്മിറ്റിയും അംഗീകരിച്ചതാണ്. എന്നാല്‍ കരാറില്‍ പാകപ്പിഴവ് വന്നു. മേയര്‍ സമ്മതിച്ചു. ഇക്കാര്യത്തില്‍ സെക്രട്ടറി അന്വേഷിച്ച് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മേയര്‍ നിര്‍ദേശിച്ചു. മേയറുടെ നിലപാട് നിരാശാജനകമാണെന്നും ഈ തീരുമാനത്തോട് യോജി ക്കാനാ കില്ലെന്നും പ്രതിപ ക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി പറഞ്ഞു. ആരോപണത്തിന് പിന്നിലെ നിജസ്ഥിതി അറിയുന്നതിന് സര്‍വകക്ഷിസംഘത്തിന്റെ അന്വേഷണമാണ് ഫലപ്രദമെന്ന് നമ്പിടി നാരായണന്‍ പറഞ്ഞു. സഭയോടുള്ള അനാദരവാണെന്നും തെറ്റു വരുത്തിയ ഉദ്യോഗസ്ഥരെ തന്നെ അന്വേഷിക്കാന്‍ ഏല്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നും പി.എം. സുരേഷ്ബാബു പറഞ്ഞു. വാക്കാലുള്ള പ്രമേയം വോട്ടിനിട്ടു തള്ളാന്‍ മേയര്‍ ശ്രമിച്ചതോടെ സഭ ബഹിഷ്‌കരിക്കുന്നതായി ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനും പ്രതിപക്ഷനേതാവ് അഡ്വ. പി.എം. സുരേഷ്ബാബുവും അറിയിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്ന് അഡ്വ. പി.എം. നിയാസ്, കെ.ടി. ബീരാന്‍കോയ, ഭരണപക്ഷത്തുനിന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി ബാബുരാജ്, എം.സി. അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.