ഗതാഗത തടസം സൃഷ്ടിച്ച് അനധികൃത പാര്‍ക്കിങും വഴിവാണിഭവും

Tuesday 28 February 2017 12:34 pm IST

സ്വന്തം ലേഖകന്‍ കുന്നത്തൂര്‍: ഭരണിക്കാവ്-കടപുഴ റോഡില്‍ പാതയോരം കൈയ്യേറിയുള്ള കച്ചവടവും അനധികൃത വാഹനങ്ങളുടെ പാര്‍ക്കിങും ഗതാഗതതടസം സൃഷ്ടിക്കുന്നു. കൊല്ലം-തേനീ ദേശീയപാതയുടെ ഭാഗമായ പ്രദേശത്താണ് ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് സ്റ്റേ ബസുകളുടെ അനധികൃത പാര്‍ക്കിങ്. സ്റ്റേ ബസുകള്‍ക്ക് വിശ്രമിക്കാനും മറ്റുമായി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഉണ്ടെങ്കിലും അവ ഉപയോഗിക്കാതെയാണ് ബസുകള്‍ പാതയോരത്ത് പാര്‍ക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കുന്നത്. പൊതുവേ വീതി കുറഞ്ഞ റോഡിന്റെ ഒരുവശത്ത് വാഹന പാര്‍ക്കിങ് നടക്കുമ്പോള്‍ മറുവശം കച്ചവടക്കാരും കൈയ്യടക്കി വച്ചിരിക്കുകയാണ്. ഇവിടുത്തെ തട്ട് കടകളില്‍ എത്തുന്ന വാഹനങ്ങള്‍ കൂടി അലക്ഷ്യമായി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗതതടസം രൂക്ഷമാകുന്നു. വൈകുന്നേരങ്ങളില്‍ ഇതുവഴിയുള്ള കാല്‍നടയാത്ര പോലും ദുസഹമാണ്. സമീപത്തെ കശുവണ്ടി ഫാക്ടറിയിലെ സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ ഇതുവഴി വളരെ ബുദ്ധി മുട്ടിയാണ് കടന്നുപോകുന്നത്. സ്ത്രീകളോട് ചില സ്വകാര്യ ബസ് ജീവനക്കാര്‍ മോശം കമന്റുകള്‍ അടിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്ത വിധം ബസുകള്‍ നിരത്തിയിടുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു. നിയമപാലകര്‍ തന്നെ നിയമം ലംഘിക്കുന്ന കാഴ്ച്ചയും ഇവിടെ നിത്യസംഭവമാണ്. അനധികൃത പാര്‍ക്കിംഗും വഴിവാണിഭവും മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.