പൈപ്പില്‍ നിന്നും കുടിച്ച വെള്ളം

Thursday 15 June 2017 8:24 pm IST

പ്രശസ്ത സംവിധായകന്‍ ബന്‍സ് കാറില്‍ കോടമ്പാക്കത്തെ വഴിയിലൂടെ മകനെ കൂടെയിരുത്തി ഓടിച്ചു പോകുന്നു. ഒരു പൈപ്പിന്‍ ചുവട്ടിലെത്തിയപ്പോള്‍ വണ്ടി സ്റ്റോപ്പു ചെയ്തു. മകന്‍ കാര്യം തിരക്കി. അച്ഛന്‍ പണ്ട് കോടമ്പക്കത്ത് സിനിമ പഠിക്കാന്‍ വന്നപ്പോള്‍ പട്ടിണിയും പരിവട്ടവുമായി. കാളിയ വയറു നിറച്ചിരുന്നത് ഈ പൈപ്പില്‍ നിന്നും വെള്ളം കുടിച്ചാണ്. സംവിധായകന്‍ പൈപ്പു ചൂണ്ടിക്കാട്ടി മകനോടു പറഞ്ഞു. കുറെ നേരത്തേക്കു മകന്‍ ഒന്നും പറഞ്ഞില്ല. അവന്‍ നിശബ്ദനായിരുന്നു. നന്മയുടെ ആയിരം പേജുള്ള പുസ്തകത്തെക്കാള്‍ വലുതായിരുന്നു സംവിധായകന്റെ ഏതാനും വാക്കുകള്‍. അതില്‍ എല്ലാം ഉണ്ടായിരുന്നു. എത്രവലിയവനും ദുരിതംകൊണ്ടു വലഞ്ഞ ഒരു കഥ പറയാനുണ്ടാകും. അവര്‍ പിന്നീട് കെട്ടിപ്പടുക്കുന്ന ആനപ്പോക്കമുള്ള ജീവിതത്തില്‍ പിറക്കുന്ന മക്കള്‍ക്ക് ഇതെല്ലാം അവര്‍ക്കു വേണ്ടി മാത്രമായി പ്രകൃതി ഒരുക്കിയ സുഖങ്ങളാണെന്നു ചിലപ്പോള്‍ തോന്നിയേക്കാം. വലിയ കാറും ബംഗ്‌ളാവും സൗകര്യങ്ങളുമായി ജീവിക്കുന്ന മക്കള്‍ക്ക് അത്തരം തെറ്റിദ്ധാരണ ഉണ്ടായെന്നു വരാം. അതു പരിഹരിക്കാന്‍ ഇത്തരം പൈപ്പിന്‍ വെള്ളത്തിന്റെ കഥകള്‍ ഉപകരിക്കും. കുഞ്ഞുനാളില്‍ത്തന്നെ സ്വന്തം മക്കളെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്നതും ബോധ്യപ്പെടുത്തുന്നതിലും വലിയ ഗുണ പാഠം മാതാപിതാക്കള്‍ക്കു നല്‍കാനില്ല. അതു സ്വന്തം ജീവിതാനുഭവത്തില്‍ നിന്നായാല്‍ കൂടുതല്‍ നല്ലത്. മക്കള്‍ തങ്ങളെപ്പോലെ തന്നെ വളരണമെന്നു വാശിപിടിക്കുകയും അതിനായി മാത്രം വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവര്‍ വഴി പിഴച്ചു പോയെന്നു വരാം. അവര്‍ക്ക് അവരുടേതായ വഴിയില്‍ സ്വയം ഉപകാരപ്പെട്ടും കുടുംബത്തിനും സമൂഹത്തിനും ഉപദ്രവമില്ലാതെയും ജീവിക്കാനുള്ള ആര്‍ജവവും മനസും ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഒരു പരിധിവരെ മുതിര്‍ന്നവര്‍ക്കു സഹായിക്കാനാവും. പകരം ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ഐഎഎസുകാരും മാത്രമായി മക്കളെ വളര്‍ത്തിയെടുക്കാന്‍ മാത്രം മാതാപിതാക്കള്‍ ബുദ്ധിമുട്ടുമ്പോള്‍ മക്കള്‍ ജീവിത മൂല്യങ്ങലുമായി എത്രകണ്ട് സ്വയം പാകപ്പെടാന്‍ കഴിയുമെന്നു കൂടി കണ്ടറിയണം. ഒരു നല്ല മനുഷ്യന്‍ ഉണ്ടാവുക എന്നത് എല്ലാറ്റിനെക്കാളും എത്ര വലുതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.