കേരളം ഐഎസിന്റെ ഹബ്ബാകരുത്

Thursday 15 June 2017 8:06 pm IST

ഐഎസ് ഭീകരവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മലയാളികളില്‍ കാസര്‍കോട് പടന്ന സ്വദേശി ടി.കെ. ഹാഫിസുദ്ദീന്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്നു. ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ 'ഷഹീദ്'ആയെന്ന സന്ദേശമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് സ്വാധീന മേഖലയിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന വാര്‍ത്ത 2016 മെയ് മാസത്തിലാണ് പുറത്തുവന്നത്. പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 17 പേരാണ് തീര്‍ത്തും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായത്. മലയാളത്തിലാണ് സന്ദേശമയച്ചതെന്ന് തിരിച്ചറിയുമ്പോള്‍ കേരളത്തില്‍നിന്ന് അപ്രത്യക്ഷരായ യുവാക്കള്‍ അഫ്ഗാന്‍ ഐഎസ് മേഖലയില്‍ ഒരുമിച്ചുണ്ടെന്ന് ഉറപ്പിക്കാവുന്നതാണ്. ഭീകരവാദ പ്രവര്‍ത്തനത്തിന്റെ റിക്രൂട്ട്‌മെന്റ് താവളമായി കേരളം മാറുന്നുവെന്ന നിരന്തരമായ മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഹാഫിസുദ്ദീന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത വന്നദിവസം തന്നെയാണ് ഐഎസ് ബന്ധമുള്ള രണ്ട് യുവാക്കള്‍ ഗുജറാത്ത് പോലീസിന്റെ പിടിയിലാവുന്നത്. ഐഎസ് റിക്രൂട്ട്‌മെന്റും പ്രവര്‍ത്തനവും ശക്തമാകുന്നുവെന്നതിന്റെ സൂചനകളാണിത്. എന്നാല്‍ 17 പേര്‍ കേരളത്തില്‍ നിന്നും കാണാതായിട്ടും സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഐഎസ് ഭീകരവാദം ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരതരമായ പ്രശ്‌നമാണ്. പതിനായിരം 'പടയാളികളെ' ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഐഎസ് റിക്രൂട്ട്‌ചെയ്‌തെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കേരളമൊഴിച്ച് മറ്റെല്ലാ പ്രദേശങ്ങളും ഈ പ്രശ്‌നത്തെ ഗൗരവമായി പരിഗണിക്കുമ്പോള്‍ കേരളം ഭീകരവാദികളുടെ പറുദീസയായി പരിഗണിക്കപ്പെടുന്നു. ഐഎസ് ഭീകരവാദത്തെ അനുകൂലിച്ചുവെന്നും ഐഎസ് നേതാവ് അബൂബക്ര്‍ അല്‍ ബാഹ്ദാദിയെ പിന്തുണച്ചുവെന്നുള്ള കുറ്റത്തിന് സൗദിഅറേബ്യ പ്രത്യേക കോടതി രാജ്യത്തെ ഒരു കവിയെ ആറ് വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയുണ്ടായി. എന്നാല്‍ കേരളത്തില്‍ ഒരു സര്‍വ്വകലാശാല കവിയുടെ മുഖംമൂടിയണിഞ്ഞ ഒരു കൊടുംഭീകരവാദിയുടെ കവിത പഠിപ്പിച്ചാണ് തങ്ങളുടെ ആവിഷ്‌ക്കാരസ്വാതന്ത്ര്യം പ്രകടിപ്പിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2011ല്‍ ലിറ്ററേച്ചര്‍ ആന്റ് കണ്ടമ്പററി ഇഷ്യൂസ് എന്ന വിഭാഗത്തിലാണ് ഇബ്രാഹിം അല്‍ റൂബായിഷിന്റെ കവിത പാഠഭാഗമായത്. പിന്നീട് ഇയാള്‍ കൊല്ലപ്പെട്ടതായി ലോകത്തിന് വിവരം ലഭിച്ചു. അല്‍ഖ്വയ്ദയാകട്ടെ തങ്ങളുടെ 'പോരാളിയാണ്' ഇയാളെന്ന് അവകാശപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ സൗദിഅറേബ്യ ഭീകരവാദബന്ധമുള്ളവരെ ജയിലിലടയ്ക്കുമ്പോള്‍ കേരളം അവരുടെ കവിതകള്‍ സര്‍വ്വകലാശാലയില്‍ പാഠപുസ്തകമാക്കുന്നു. വാഗമണ്‍, പാനായിക്കുളം ക്യാമ്പുകള്‍, മാറാട് കൂട്ടക്കൊല, കൈവെട്ട് കേസ് തുടങ്ങി കേരളത്തെ നടുക്കിയ സംഭവങ്ങളില്‍ നിന്നും സംസ്ഥാനത്തെ അധികാരിവര്‍ഗ്ഗം പാഠം പഠിച്ചില്ല. മുസ്ലിം ഭീകരവാദ സംഘടനകള്‍ യുവാക്കളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ പിന്നീട് റിക്രൂട്ട്‌മെന്റ് ഇന്റര്‍നെറ്റ് വഴിയായി മാറി. ഐഎസ് റിക്രൂട്ട്‌മെന്റ് നല്‍കുന്ന പാഠം അതാണ്. 2008 ലാണ് നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനില്‍ ഇസ്ലാമിക ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പരിശീലനം നേടാന്‍ അതിര്‍ത്തി കടക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ നടുക്കിയ ഈ സംഭവത്തിനുനേര്‍ക്ക് പലരും ബോധപൂര്‍വ്വം കണ്ണടയ്ക്കുകയായിരുന്നു. ദേശവിരുദ്ധമായ ഇത്തരം സമീപനമാണ് മറ്റ് പല സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണൊരുക്കിയത്. ലഷ്‌കറെ തൊയ്ബയില്‍നിന്ന് അല്‍ ഖ്വയ്ദയിലേക്കും, അല്‍ ഖ്വയ്ദയില്‍നിന്ന് ഐഎസിലേക്കും അധികം ദൂരമൊന്നുമില്ല. ആധുനിക രീതികളും സങ്കേതങ്ങളും ഉപയോഗിച്ച് ഭീകരവാദം തഴച്ചുവളരുമ്പോള്‍ അതിനെ ചെറുക്കാനും ഇല്ലാതാക്കാനും പുതുവഴികളും രീതികളും തേടുന്നതിന് പകരം പരമ്പരാഗത അന്വേഷണമാര്‍ഗ്ഗങ്ങളില്‍ തന്നെ കറങ്ങുകയാണ് സംസ്ഥാനത്തെ പോലീസും ഇന്റലിജന്‍സും. ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളാണ് ഭീകരവാദപ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ കയ്യിലെടുത്തിരിക്കുന്നത്. ഭീകരവാദപ്രവര്‍ത്തനത്തിന്റെ ആകര്‍ഷണ വലയത്തിലേക്ക് എടുത്തുചാടുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്താനും പിന്തിരിപ്പിക്കാനുമുള്ള ദൗത്യത്തില്‍ നിന്ന് മുസ്ലിം മതപണ്ഡിതന്മാര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. എന്നാല്‍ ഭീകരവാദ പ്രവണതക്ക് വളംവച്ചു കൊടുക്കുന്ന പ്രബോധനങ്ങളാണ് പലരില്‍ നിന്നുമുണ്ടാകുന്നത്. ഇതിനെതിരെ നിയമപരമായ നടപടികള്‍ ഉണ്ടാവുമ്പോള്‍ മുസ്ലിം വേട്ടയെന്ന മുറവിളി ഉയര്‍ത്തി അതിനെ തടയുകയും ചെയ്യുന്നു. ആഗോള ഐഎസ് ഭീകരതയും രാജ്യത്തിനുള്ളിലെ നിരവധി ഭീകരവാദ സംഘടനകളും ആത്യന്തികമായി രാഷ്ട്ര ഭദ്രതയും ശാന്തിയും തകര്‍ക്കുകയാണെന്ന തിരിച്ചറിവ് ഉണ്ടാവണം. കേരളത്തിലെ മുസ്ലിം ഭീകരവാദത്തിന്റെ തായ്‌വേരറുക്കാന്‍ സംസ്ഥാന ഭരണകൂടവും മുസ്ലിം മതനേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.