മുതലെടുപ്പിന് ആന്റോആന്റണി എം പി പാസ്‌പോര്‍ട്ട് സേവാകേന്ദ്രം നരേന്ദ്രമോദിയുടെ സമ്മാനം

Tuesday 28 February 2017 8:26 pm IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ്. ബിജെപി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഭാഗമായി അനുവദിച്ച സേവാകേന്ദ്രം തന്റെ നേട്ടമായി കൊട്ടിഘോഷിക്കുകയാണ് ആന്റോ ആന്റണി എംപി. പാസ്‌പോര്‍ട്ട് ഓഫീസ് സേവനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ 56 കേന്ദ്രങ്ങളില്‍ സേവാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു മറച്ചുവച്ച് സ്വന്തം ശ്രമത്താലാണ് പത്തനംതിട്ടയില്‍ സേവാകേന്ദ്രം വരുന്നതെന്ന് പ്രചരിപ്പിക്കുകയാണ് ആന്റോ ആന്റണി എംപി. സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സേവാകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന്റെ കത്ത് എംപി നല്‍കിയിരുന്നു. നേരത്തെ പത്തനംതിട്ടയിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട്‌സേവാകേന്ദ്രം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊല്ലത്തേക്ക് മാറ്റിയിരുന്നു. അന്ന് മാറ്റത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേന്ദ്രം നിലനിര്‍ത്താന്‍ ചെറുവിരലനക്കാന്‍ ആന്റോ ആന്റണി എംപി തയ്യാറായിരുന്നില്ല. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പത്തനംതിട്ടയിലാരംഭിക്കണമെന്ന് ബിജെപി നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ബിജെപി നേതൃത്വം ആവശ്യമുന്നയിച്ച് സുഷമാസ്വരാജിന് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് എംപിയുടെ നീക്കം. സേവാകേന്ദ്രത്തിന്റെ ഇന്ന് നടക്കുന്ന ഉദ്ഘാടനം കോണ്‍ഗ്രസ്സ് പരിപാടിയായി മാറ്റാനാണ് എംയുടെ ശ്രമം. എംപി അധ്യക്ഷതവഹിക്കുന്ന പരിപാടിയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനാണ് ഉദ്ഘാടകന്‍. സംസ്ഥാന ജലവിഭവ മന്ത്രി മാത്യു ടി.തോമസും ജില്ലയിലെ എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി ജില്ലാ അധ്യക്ഷന്‍ അശോകന്‍ കുളനടയുംമറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട്‌സേവാകേന്ദ്രം വരുന്നത് തന്റെ നേട്ടമായി പ്രചരിപ്പിച്ച് ആന്റോ ആന്റണി പത്തനംതിട്ട നഗരത്തില്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ഒറ്റ ബോര്‍ഡിലും പ്രധാനമന്ത്രിയുടെയോ വിദേശകാര്യമന്ത്രിയുടെയോ ചിത്രമില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ടൗണ്‍ഹാളിലാണ് ഉദ്ഘാടന പരിപാടി. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് സോവാകേന്ദ്രം ആരംഭിക്കുന്നത്. ഹെഡ്‌പോസ്റ്റ്ഓഫീസിന്റെ പിന്‍വശത്തുള്ള 1000 ചതുരശ്രഅടി സ്ഥലത്താണ് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. വാഹന പാര്‍ക്കിംഗിന് അടക്കം വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ രണ്ടുമാസം തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ളവരാകും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ പോസ്റ്റ് ഓഫീസിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി അവരാകും സേവാകേന്ദ്രം പ്രവര്‍ത്തിപ്പിക്കുക. നിലവില്‍ പത്തനംതിട്ട ജില്ലയിലുള്ളവര്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി കൊല്ലത്തുവരെ പോകേണ്ട അവസ്ഥയായിരുന്നു. ഈ ദുരിതത്തിനാണ് സേവാകേന്ദ്രം പത്തനംതിട്ടയില്‍ വരുന്നതോടെ പരിഹാരമാകുന്നത്. മോദി സര്‍ക്കാര്‍ പത്തനംതിട്ടക്കാര്‍ക്ക് നല്‍കുന്ന സമ്മാനത്തെ സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ആന്റോ ആന്റണി എംപിയുടെ ശ്രമത്തെ പരിഹാസ്യത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.