ദമ്പതികളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു

Tuesday 28 February 2017 10:12 pm IST

പെരിങ്ങോട്ടുകര: സഹോദരവീഥി വെണ്ടരയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു. ചെറുത്തുനിന്ന ദമ്പതികളെ മോഷ്ടാക്കള്‍ തല്ലി. പരിസരത്തെ വീടുകളിലും മോഷണശ്രമം. ചുള്ളിയില്‍ മുരളി (48), ഭാര്യ സിന്ധു (36) എന്നിവര്‍ക്കാണ് മോഷ്ടാക്കളുടെ ആക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സിന്ധുവിന്റെ നാലരപവന്‍ മാലയില്‍ നിന്ന് പകുതി ഭാഗം മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മുന്‍ പഞ്ചായത്തംഗം ചിറ്റംപറമ്പില്‍ രാജന്റെ വീട്ടില്‍ ഉള്‍പ്പടെ മൂന്നു വീടുകളിലാണ് മോഷണശ്രമം നടന്നത്. കാഞ്ഞാണിയിലെ ഓട്ടോഡ്രൈവറായ മുരളിയും ഭാര്യ സിന്ധുവും വീടിന്റെ ഹാളിലും വിദ്യാര്‍ത്ഥികള്‍ മക്കള്‍ മുറിയിലും ഉറങ്ങുകയായിരുന്നു. രണ്ടംഗ മോഷണസംഘത്തിലെ ഒരാള്‍ പിന്‍വശത്തെ വാതിലിന്റെ ഓടാന്‍പല്‍ പൊളിച്ച് അകത്തുകടന്ന് സിന്ധുവിന്റെ സ്വര്‍ണമാല പൊട്ടിച്ചു. ഈസമയം ഭര്‍ത്താവ് മുരളി ഉറക്കത്തിനിടെ തങ്ങളെ കണ്ടാണ് ഉണര്‍ന്നതെന്ന് കരുതി മോഷ്ടാവ് കയ്യില്‍ കരുതിയിരുന്ന മരവടികൊണ്ട് മുരളിയേയും ഭാര്യയേയും തല്ലുകയായിരുന്നു. പുറത്തുകാത്തുനിന്നിരുന്ന മറ്റൊരു മോഷ്ടാവ് ദമ്പതികളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ച് ടൈല്‍കഷണങ്ങള്‍ എറിഞ്ഞു. മാലയുടെ പകുതിയുംകൊണ്ട് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ അടിയേറ്റ് മുരളിയുടെ കണ്ണിനു താഴേയും തുടയിലും കാലിലും പരിക്കേറ്റു. സിന്ധുവിന്റെ കഴുത്തിനു പരിക്കേറ്റു. പല്ലിളകി. ഇരുവരേയും അന്തിക്കാട് സാമൂഹ്യാരോഗകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി. ചിറ്റംപറമ്പില്‍ രാജന്റെ വീടിന്റെ അടുക്കളവാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. തൃശൂരില്‍ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ്‌സ്‌ക്വാഡും അന്തിക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് ചേര്‍പ്പ് സിഐ മനോജ്കുമാര്‍, അന്തിക്കാട് എസ്‌ഐ എസ്.ആര്‍.സനീഷ്, അഡീഷണല്‍ എസ്‌ഐ ടി.ഒ.ദേവസ്സി, സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ ഷാജി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.