വൈദികന്റെ പീഡനം: വിശദീകരണവുമായി ആശുപത്രി അധികൃതര്‍

Thursday 15 June 2017 7:26 pm IST

ഇരിട്ടി: കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ വൈദികന്‍ റോബിന്‍ വടക്കുഞ്ചേരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്ത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് 18 വയസ്സ് എന്നാണ്‌ രക്ഷിതാക്കള്‍ പറഞ്ഞതെന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയധികൃതര്‍ വിശദീകരിച്ചു. ഫെബ്രുവരി ഏഴിനു വയറുവേദനയുമായെത്തിയ കുട്ടിയെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പ്രസവവേദനയാണെന്ന് അറിഞ്ഞതെന്നും, ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നുവെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രസവശേഷം രണ്ടു ദിവസത്തിനുളളില്‍ പെണ്‍കുട്ടി ഡിസ്ചാര്‍ജ്ജ് ആയതായും, ഡിസ്ചാര്‍ജ്ജിന് ഒരു ദിവസം മുന്‍പ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റിയെന്നും വിശദീകരിച്ച ആശുപത്രിയധികൃതര്‍, കുട്ടിയെ കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണെന്ന് എഴുതി വാങ്ങിയിരുന്നതായും അവകാശപ്പെട്ടു. കുട്ടിയെ എവിടേയ്ക്കാണ്‍ കൊണ്ടു പോകുന്നതെന്നോ, എന്തിനാണു കൊണ്ടു പോകുന്നതെന്നോ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടി വിവാഹിതയല്ലെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തിയതിനേത്തുടര്‍ന്ന് മുനിസിപ്പാലിറ്റിയില്‍ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവിവാഹിതയെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നു ആശുപത്രിയധികൃതര്‍വിശദീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 10.02.2017ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടതനുസരിച്ചാണ് പെണ്‍കുട്ടിയുടെ വിലാസമടക്കമുളള വിവരങ്ങള്‍ നല്‍കിയതെന്നും വ്യക്തമാക്കി. വൈദികന്‍ കുട്ടിയെ നിരന്തരമായി പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുട്ടിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. മാതാപിതാക്കള്‍ക്ക് സത്യം ബോധ്യമായതിനെത്തുടര്‍ന്ന് പിന്നീട് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമായി. സംഭവം പുറത്തായതിനെ തുടര്‍ന്ന് ആരോ രഹസ്യമായി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലില്‍ തന്റെ പിതാവ് തന്നെയാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്നും പിതാവില്‍ നിന്നുമാണ് താന്‍ ഗര്‍ഭിണിയായതെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്. വൈദികനെ രക്ഷപ്പെടുത്താനും സംഭവം ഒതുക്കിത്തീര്‍ക്കുവാനുമായി മാതാപിതാക്കളുമായി ചേര്‍ന്ന് നടത്തിയ ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്. ഇതിനായി ഇവര്‍ക്ക് വാഗ്ദാനം ചെയ്തതാണ് ഒരു കോടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭിണിയാക്കിയതിനു പിതാവിനെതിരെ കേസെടുക്കുമെന്നും ജയിലിലടക്കുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് കുട്ടി സത്യം തുറന്നു പറയുന്നത്. ക്രിസ്തീയ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇവിടെ വൈദികന്റെ ഒരു വിശ്വസ്തയെ പരിചരണത്തിനായി നിര്‍ത്തുകയും ചെയ്തു. ഈ വിശ്വസ്തയെക്കുറിച്ചും നാട്ടില്‍ നല്ല വാര്‍ത്തയല്ല പ്രചരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച കാര്യം ആശുപത്രി അധികൃതരും മറച്ചുവെച്ചു. പ്രസവശേഷം നവജാത ശിശുവിനെ ഇവിടെ നിന്നും വയനാട്ടിലെ സഭയുടെ കീഴിലുള്ള ഒരു അനാഥാലയത്തിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ഇവര്‍ നാട്ടില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകളേയും വൈദികന്റെയും കൂട്ടാളികളുടെയും എല്ലാ ശ്രമങ്ങളെയും വിഫലമാക്കിയത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കിട്ടിയ രഹസ്യ വിവരവും അവരുടെ വിദഗ്ധമായ ചോദ്യം ചെയ്യലുമാണ്. ക്രിസ്തീയ സഭകള്‍ നയിക്കുന്ന ഒരു ചാനലിന്റെയും പത്രത്തിന്റെയും ഉന്നതപദവിയിലിരുന്ന വ്യക്തി എന്ന നിലയില്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള വ്യക്തികൂടിയാണ് പ്രതിയായ വൈദികന്‍. വിവാദ വ്യവസായി ഫാരിസ് അബൂബക്കറെപ്പോലുള്ളവരുടെ അടുത്ത കൂട്ടാളിയായും ഇയാള്‍ അറിയപ്പെടുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കോളേജുകള്‍ക്ക് വേണ്ടിയും കാനഡയിലെ ചില ആശുപത്രികള്‍ക്ക് വേണ്ടിയും മറ്റും ഇയാള്‍ പെണ്‍കുട്ടികളെ റിക്രൂട്ട്മെന്റ്മെന്റ് നടത്തുകയും ഇവരെ ഇവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. അഭിമുഖം നടത്തിയിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു എന്ന് ജനങ്ങള്‍ പറയുന്നു. കാനഡയിലടക്കം ഇങ്ങിനെ ഇയാള്‍ പലതവണ പോയിരുന്നു എന്നാണു വിവരം. ഒടുവില്‍ കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പോലീസിന്റെ പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.