പാക് സേനയ്ക്കുള്ള സഹായം യു.എസ് നിര്‍ത്തുന്നു

Sunday 10 July 2011 6:23 pm IST

വാഷിങ്‌ടണ്‍: പാക്കിസ്ഥാന് നല്‍കിയിരുന്ന സൈനിക സഹായം അമേരിക്ക നിര്‍ത്തുന്നു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന സമീപനങ്ങളിലുള്ള അതൃപ്തിയാണ് സൈനിക സഹായം നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിവര്‍ഷം നല്‍കുന്ന 300 കോടി ഡോളര്‍ സൈനിക സഹായത്തില്‍ 80 കോടി ഡോളര്‍ തല്‍ക്കാലം നല്‍കേണ്ട എന്നാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. സൈനിക പരിശീലനത്തിനും അഫ്ഗാന്‍ അതിര്‍ത്തിയില്‍ സേനാവിന്യാസത്തിനുമായാണ് അമേരിക്ക നല്‍കുന്ന സൈനിക സഹായത്തില്‍ ഏറെയും വിനിയോഗിക്കുന്നത്. ഉസാമ ബിന്‍‌ലാദന്റെ കൊലപാ‍തകത്തിലേക്ക് നയിച്ച കാര്യങ്ങളാണ് അമേരിക്ക പാക്കിസ്ഥാന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ലാദന്‍ ഉള്‍പ്പടെയുള്ള അല്‍‌-ക്വയ്ദ ഭീകരര്‍ പാക്കിസ്ഥാനില്‍ താവളമടിച്ചിട്ടും പാക്കിസ്ഥാന്‍ നടപടികള്‍ എടുക്കാത്തതാണ് അമേരിക്കയുടെ എതിര്‍പ്പിന് കാരണമായത്. അതേസമയം പാക്കിസ്ഥാനില്‍ ഏകപക്ഷീയമായി കടന്ന് സൈനിക നടപടികള്‍ സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് 100 അമേരിക്കന്‍ സൈനിക പരിശീലകരെ പാക്കിസ്ഥാന്‍ തിരിച്ചയച്ചിരുന്നു. പാക്കിസ്ഥാന്‍ ഭീകരതെയ്ക്കെതിരെ ഉചിതമാ‍യ രീതിയില്‍ ആ രാജ്യത്തിന് നല്‍കുന്ന സൈനിക സഹായത്തില്‍ കുറവ് വരുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ നേരത്തേ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.