പാടത്ത് എരണ്ട ശല്യം രൂക്ഷം: കര്‍ഷകര്‍ ആശങ്കയില്‍

Wednesday 1 March 2017 7:37 pm IST

എടത്വ: നെല്‍ക്കര്‍ഷകര്‍ക്കു ഭീഷണിയായി കൊയ്ത്തു തുടങ്ങിയ പാടത്ത് എരണ്ടശല്യം രൂക്ഷം, എടത്വ കൃഷിഭവന്‍ പരിധിയില്‍പെട്ട കോണാട്ടുകരി പാടത്താണ് എരണ്ടശല്യം രൂക്ഷമായത്. ഒന്നര ഏക്കര്‍ നെല്‍വയല്‍ പൂര്‍ണമായി എരണ്ടകള്‍ തിന്നു തീര്‍ത്തു. അഞ്ചര ഏക്കര്‍ നിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ ചെക്കിടിക്കാട് വെന്ത്യാനിക്കല്‍ ജോസ് മാത്യു, കൊച്ചുമെതിക്കളത്തില്‍ റോയി എന്നിവരുടെ നെല്‍ക്കൃഷിയാണ് തിന്നു നശിപ്പിച്ചത്. പാടത്ത് കൊയ്ത്തു നടന്നുകൊണ്ടിരിക്കെ നെല്‍ക്കതിര്‍ വീണുകിടന്ന പാടത്താണ് എരണ്ടകള്‍ കൂട്ടത്തോടെ എത്തിയത്. പുലര്‍ച്ച ആയതിനാല്‍ കൂട്ടമായെത്തിയ എരണ്ടകളെ തുരത്താന്‍ കര്‍ഷകര്‍ക്കു കഴിയാതെപോയി. മണിക്കൂറുകള്‍ക്കകം ഒന്നര ഏക്കറിലെ നെല്ല് പൂര്‍ണമായി തിന്നു നശിപ്പിച്ചു. കര്‍ഷകര്‍ തകഴി കൃഷി ഓഫീസറുമായി ബന്ധപ്പെട്ടതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടുത്ത വേനല്‍ചൂടില്‍ കൊയ്‌തെടുത്ത നെല്ലിന്റെ തൂക്കകുറവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയപ്പോഴാണ് നിനച്ചിരിക്കാതെ എത്തിയ എരണ്ടശല്യം കര്‍ഷകക്കു കനത്ത തിരിച്ചടിയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.