കടംകേറി മുടിയുന്ന നമ്മുടെ കേരളം

Thursday 15 June 2017 5:54 pm IST

രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഇരുപത്തി ഒന്നാംസ്ഥാനമാണ് കേരളത്തിന്. 3.34 കോടി ജനങ്ങളുള്ള കേരളം എല്ലാ രംഗത്തും ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടാറുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം എന്നും അവകാശപ്പെടാറുണ്ട്. അതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതിനേക്കാള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മേഖലകളും കേരളത്തിലുണ്ട്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ കണക്കെടുത്താല്‍ നമ്മുടെ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. അതോടൊപ്പം കടത്തിന്റെ കാര്യത്തിലും മറ്റാരേക്കാളും മുന്നിലാണ് കേരളം. ഏറ്റവും ഒടുവിലത്തെ സിഎജി റിപ്പോര്‍ട്ട് പ്രകാരം പൊതുകടം അതിഭീകരമായി ഉയര്‍ന്നുകഴിഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം കോടിയോളം കടന്നു കേരളത്തിന്റെ കടം എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കാനാവില്ല. കാല്‍പണത്തിന്റെ പൂച്ച മുക്കാല്‍ പണത്തിന്റെ പാലുകുടിക്കുന്നു എന്നതുപോലെയാണ് നമ്മുടെ കടം മുന്നോട്ടുപോകുന്നത്. കടം വാങ്ങാനായി ഒരു ഭരണം എന്ന അവസ്ഥയാണിന്നുള്ളത്. ഏത് സര്‍ക്കാര്‍ വന്നാലും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം കടംവാങ്ങാനുള്ള പരിധി ഉയര്‍ത്തി നല്‍കിയില്ല എന്നതായിരുന്നല്ലൊ. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടം 80 ശതമാനമായി വര്‍ധിച്ചെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കടം കാലാവധി പൂര്‍ത്തിയാക്കല്‍ രേഖയനുസരിച്ച് 47.4 ശതമാനം 2023 മാര്‍ച്ചോടെ തിരിച്ചടക്കണം. ഇത് ഏതാണ്ട് 52087.13 കോടി രൂപ വരുമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുകയാണ്. 2011-12ല്‍ 8,880 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്ന് കടമെടുത്തതെങ്കില്‍ 2015-16ല്‍ ഇത് 15,000 കോടിയായി. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ചുള്ള കേന്ദ്ര വിഹിതം ലഭിച്ചതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ കമ്മിയും ധന കമ്മിയും കുറഞ്ഞു. 2014-15ല്‍ റവന്യൂ കമ്മി 13,796 കോടി രൂപ. 2015-16ല്‍ 9,657 കോടിയായി. റവന്യൂ വരവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. തനതു നികുതി വരുമാനം 3,763 കോടി രൂപ വര്‍ദ്ധിച്ചെങ്കിലും വളര്‍ച്ചാ നിരക്ക് റവന്യൂ വരവുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനവും, റവന്യൂ ചെലവ് മുന്‍വര്‍ഷത്തേക്കാള്‍ 2015-16ല്‍ 9.7 ശതമാനവും വര്‍ദ്ധിച്ചു. പലിശയും പെന്‍ഷന്‍ ചെലവും 14 മുതല്‍ 16 ശതമാനം വരെ ഉയര്‍ന്നെങ്കിലും ഇവയുടെ വളര്‍ച്ചാ നിരക്ക് പത്തു ശതമാനത്തില്‍ താഴെ. പെന്‍ഷന്‍, പലിശ ബാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നുണ്ട്. സിഎജി എന്തുതന്നെ നിര്‍ദ്ദേശിച്ചാലും സംസ്ഥാനം അതൊന്നും കൂസാന്‍പോകുന്നില്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ മുഖമുദ്ര. ഏത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും അതിനൊരു മാറ്റവും അനുഭവപ്പെടുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങളും പൊങ്ങച്ചവുമാണ് കേരളത്തിലെ ഭരണക്കാരുടെ കൈമുതല്‍. ഏത് വകുപ്പെടുത്താലും കാണാന്‍ കഴിയുന്നത് അതാണ്. പൊതുമരാമത്ത് വകുപ്പില്‍ എട്ട് റോഡ്‌സ് ഡിവിഷനുകളും അഞ്ച് ബില്‍ഡിങ് ഡിവിഷനുകളും കൃത്യ സമയത്തു പണി പൂര്‍ത്തിയാക്കാത്തതും തുക കൈമാറാതിരുന്നതു മൂലവും 606.02 കോടി രൂപ ഉപയോഗിച്ചില്ല. പൊതുമരാമത്തിനു ലഭിക്കുന്ന തുക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്‍ഡിങ് ഡിവിഷനുകള്‍ പണി ചെയ്യുന്നതില്‍ ക്രമാതീതമായ കാലതാമസം ഉണ്ടാക്കുന്നു. വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനു നല്‍കിയ തുകയില്‍ 496.28 കോടി രൂപ ചെലവഴിച്ചില്ല. ലാന്‍ഡ് അക്വിസേഷന്‍ ഓഫീസര്‍മാര്‍ രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കലുകള്‍ ഫണ്ടില്ലാത്തതുകൊണ്ടല്ല കാര്യക്ഷമതയില്ലാത്തതുകൊണ്ടാണ് മുടങ്ങുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിരവധി പദ്ധതികള്‍ക്കുള്ള തുക ചെലവഴിക്കാതിരിക്കുകയോ വഴിമാറി ചെലവാക്കുകയോ ചെയ്തതായി നേരത്തെതന്നെ പരാതികളുയര്‍ന്നിരുന്നു. സംസ്ഥാനം വിഭവ സമാഹരണത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന പരാതി പുതുതല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉദാരസമീപനമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ധനസഹായം മുന്‍കാലങ്ങളെ അപേക്ഷിച്ച് 2015-16 സാമ്പത്തിക വര്‍ഷം ഗണ്യമായി വര്‍ധിച്ചു. 2014-15 വര്‍ഷത്തില്‍ 750 കോടിയായിരുന്നെങ്കില്‍ നടപ്പുസാമ്പത്തിക വര്‍ഷം 8921 കോടിയായിരുന്നു. പദ്ധതി ഗ്രാന്‍ഡുകള്‍ 1984 കോടിയായിരുന്നെങ്കില്‍ ഇപ്പോഴത് 5178 കോടിയാണ്. സംസ്ഥാനത്തിന്റെ വരുമാനവും ചെലവും ഒരിക്കല്‍പ്പോലും പൊരുത്തപ്പെടുന്നില്ലെന്ന ഭീകരമായ അവസ്ഥ ദശാബ്ദങ്ങളായി തുടരുകയാണ്. വരുമാനത്തിന്റെ ഭീമമായ തുക ഉല്‍പാദന മേഖലകളിലല്ല വിനിയോഗിക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കി കഴിഞ്ഞാല്‍ പിന്നെ ഭാവി ശൂന്യമാണ്. പലിശകൂടി കൊടുത്താല്‍ കീശ കാലി. അക്ഷരാര്‍ത്ഥത്തില്‍ കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.