മഞ്ജു വഞ്ചിക്കപ്പെടരുത്

Thursday 15 June 2017 5:30 pm IST

ആദ്യമായാണെന്ന് തോന്നുന്നു ഒരു മലയാള സിനിമ ചിത്രീകരണത്തിന് വളരെ മുന്‍പെ ഇത്ര വിവാദമാവുന്നത്. അഭിനയിക്കാമെന്നേറ്റ കരാറില്‍നിന്ന് നടീനടന്മാര്‍ അവസാനനിമിഷം പിന്മാറുന്നത് സിനിമാരംഗത്ത് പുതുമയുള്ള കാര്യമല്ല. മലയാളത്തിന്റെ സൗഭാഗ്യമായിരുന്ന മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ 'ആമി'യില്‍നിന്ന് നടി വിദ്യാബാലന്‍ പിന്മാറിയതാണ് വിവാദത്തിന് തുടക്കമായത്. കരുത്തുറ്റ റോളുകള്‍ ചെയ്യുന്ന നടിയെന്നതുപോലെ ഉറച്ചതീരുമാനങ്ങളെടുക്കുന്ന വ്യക്തിയുമാണ് വിദ്യാബാലന്‍. 'ആമി'യില്‍നിന്ന് പിന്മാറാന്‍ അവര്‍ക്ക് തന്റേതായ കാരണങ്ങളും വിലയിരുത്തലുമുണ്ടാവാം. വിദ്യതന്നെ എന്നെങ്കിലും അത് വെളിപ്പെടുത്തുമായിരിക്കാം. എന്നാല്‍ അസാധാരണമൊന്നുമല്ലാത്ത നടപടിയുടെ പേരില്‍ അവസരം പരമാവധി മുതലാക്കുകയാണ് സംവിധായകന്‍ കമല്‍ ചെയ്തത്. അപരിഹാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ വിദ്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇത് ആലോചിക്കുകയാണെന്ന് മാത്രം പറഞ്ഞ് അവര്‍ക്കെതിരെ നിശിതമായ വിമര്‍ശനം കമല്‍ തുടരുകയാണുണ്ടായത്. സിനിമയില്‍നിന്ന് നടി പിന്മാറിയതിന്റെ പേരില്‍ ഏതെങ്കിലുമൊരു സംവിധായകന്‍ ഇത്ര ക്ഷോഭിച്ചു കണ്ടിട്ടില്ല. വിദ്യയ്ക്ക് പകരക്കാരിയായി 'ആമി'യെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ രംഗത്തുവന്നപ്പോഴും വിവാദം കെട്ടടങ്ങാതെയിരിക്കാന്‍ കമല്‍ ശ്രദ്ധിച്ചു. ''ഏതെങ്കിലും ഭീഷണികളെ തുടര്‍ന്ന് മഞ്ജു പിന്മാറുമെന്ന് ഞാന്‍ കരുതുന്നില്ല'' എന്ന അദ്ദേഹത്തിന്റെ ദുരുപദിഷ്ടമായ പ്രസ്താവന ഇതിന് തെളിവാണ്. 'ആമി'യെ അവതരിപ്പിക്കാന്‍ പോകുന്നതുകൊണ്ട് മഞ്ജുവിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിവില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില 'പിതൃശൂന്യമായ' കമന്റുകള്‍ക്ക് കാര്യഗൗരവമുള്ള ആരും വില കല്‍പ്പിക്കില്ലല്ലോ. അപ്പോള്‍ മഞ്ജുവിനെ ആരൊക്കെയോ ഭീഷണിപ്പെടുത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയാണ് കമല്‍. മഞ്ജു ആക്രമിക്കപ്പെടണമെന്ന് കമല്‍ തീവ്രമായി ആഗ്രഹിക്കുന്നതുപോലെ തോന്നും അദ്ദേഹത്തിന്റെ വ്യഗ്രത കണ്ടാല്‍. ഇതില്‍ കച്ചവടക്കണ്ണിനപ്പുറമുള്ള ദുഷ്ടലാക്കുണ്ട്. അറിഞ്ഞിടത്തോളം കമലിന്റെ 'ആമി' കമലാസുരയ്യയില്‍ അവസാനിക്കുന്നതാണ്. ഇവിടെയാണ് ഈ സിനിമയുടെ മത-രാഷ്ട്രീയ അജണ്ട ചോദ്യം ചെയ്യപ്പെടേണ്ടതും. കഥയുടെ രാജകുമാരിയായിരുന്ന മാധവിക്കുട്ടിയുടെ ജീവിതവും അവരുടെ കഥകള്‍പോലെ മോഹിപ്പിക്കുന്നതും, പ്രവചനം അസാധ്യമാക്കുന്നതുമായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തിലേക്ക് പ്രണയത്തിന്റെ രൂപത്തില്‍ വന്ന പ്രലോഭനമായിരുന്നു മതംമാറ്റം. ഇത് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള ഒരാളുടെ അവകാശമായി കണ്ട് എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും പിന്തുണയ്ക്കുകയുണ്ടായി. സുരയ്യയായി മാറിയ മാധവിക്കുട്ടിയെ പിന്തുണച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതം സ്വീകരിക്കുകപോലുമുണ്ടായി. പര്‍ദ്ദയും നിസ്‌കാരവും നോമ്പുമൊക്കെയായി നടന്ന സുരയ്യ ഇന്ത്യയ്ക്കകത്തും പുറത്തും കൊണ്ടാടപ്പെട്ടു. ഇങ്ങനെ ചെയ്യാന്‍ പലര്‍ക്കും, രക്തബന്ധമുള്ളവര്‍ക്കുപോലും തങ്ങളുടെതായ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടായിരുന്നു. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് കമലാ സുരയ്യ തിരിച്ചറിയുകയുണ്ടായി. വീണ്ടും മാധവിക്കുട്ടിയാവാന്‍ ആഗ്രഹിക്കുന്നുവെന്ന് ബെംഗളൂരുവില്‍ താമസിക്കുമ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തോട് പറയുകയും അത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാംമതം സ്വീകരിച്ച മാധവിക്കുട്ടിയെ മത്സരബുദ്ധിയോടെ പിന്തുണച്ചവരൊക്കെ അവര്‍ വീണ്ടും ഹിന്ദുവാകാന്‍ ആഗ്രഹിച്ചപ്പോള്‍ കനത്ത നിശബ്ദത പാലിച്ചു. മാത്രമല്ല, അതിനകം മാധവിക്കുട്ടി വെറുത്തിരുന്ന പര്‍ദ്ദയില്‍ അവരെ തളച്ചിടാന്‍ ശ്രമിച്ച ഇസ്ലാമിക മതമൗലികവാദികള്‍ക്ക് കൂട്ടുനിന്നു. കീറിക്കളഞ്ഞ പര്‍ദ്ദക്കുപകരം മാര്‍ക്കറ്റില്‍പോയി പുതിയതൊന്ന് വാങ്ങി നിര്‍ബന്ധപൂര്‍വം ധരിപ്പിച്ചു. ഇതൊന്നുമറിയാന്‍ എംടിമാര്‍ ശ്രമിച്ചില്ല. അറിഞ്ഞ സക്കറിയമാര്‍ അറിയാത്ത ഭാവം നടിച്ചു. ബുദ്ധമാര്‍ഗത്തിലായ ചുള്ളിക്കാട് തഥാഗതനെ വെല്ലുന്ന മൗനത്തിലാണ്ടു. പൂനെയിലെ മകന്റെ വീട്ടില്‍ സുരയ്യയായല്ല, മാധവിക്കുട്ടിയായാണ് ജീവിച്ചത്. പര്‍ദ്ദക്കു പകരം മുണ്ടും നേര്യതുമാക്കി. വീണ്ടും മനോഹരമായ മുടിയഴിച്ചിട്ടു. ദിവസവും ഹരിനാമകീര്‍ത്തനം കേട്ടു. പക്ഷെ ഇതൊക്കെ പുറംലോകമറിയാതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിച്ചു. ഒടുവില്‍ മാധവിക്കുട്ടിയായി ഈ ലോകത്തുനിന്നു മടങ്ങാനാണ് സുരയ്യ ആഗ്രഹിച്ചതും. ഹൈന്ദവാചാരപ്രകാരം സംസ്‌കരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിന് തെളിവാണ് അധികൃതര്‍ക്ക് പൂരിപ്പിച്ച് നല്‍കിയ അപേക്ഷ. പക്ഷെ രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍ അടങ്ങിയിരുന്നില്ല. മരണത്തിനുശേഷവും സുരയ്യ, കമലയാവുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. പിടിച്ചപിടിയാലെ നാലപ്പാട്ടെ ആമിയുടെ ചേതനയറ്റ ശരീരം തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ കൊണ്ടുവന്ന് കബറടക്കി. ഈ നൃശംസതയ്ക്ക് അപ്രതീക്ഷിതമായ കോണുകളില്‍നിന്ന് ചിലരുടെ പിന്തുണയും കിട്ടി. ഈ പശ്ചാത്തലത്തിലാണ് മാധവിക്കുട്ടിയുടെ ജീവിതം കമല്‍ സിനിമയാക്കുന്നത് തീര്‍ത്തും നിര്‍ദോഷമായി കാണാന്‍ പലര്‍ക്കും പറ്റാത്തത്. 'ആമി'യില്‍ നാലപ്പാട്ടെ കമലയെയും ചിത്രീകരിക്കണം എന്ന് ചിലര്‍ പറയുന്നുണ്ട്. അവര്‍ കഥയറിയാതെ ആട്ടംകാണുന്ന നിഷ്‌കളങ്കരാണ്. പ്രശ്‌നം അതല്ല. നാലപ്പാട്ടെ കമലയെ ചിത്രീകരിക്കാന്‍ കമലിന് വൈമനസ്യമൊന്നുമുണ്ടാവില്ല. അഭ്രപാളിയിലെ കാഴ്ചകള്‍ കവിത തുളുമ്പുന്നതാക്കാന്‍ കഴിവുള്ള സംവിധായകന് ഇതില്‍ സന്തോഷമേ കാണൂ. കമലിന്റെ ആമി, സുരയ്യയില്‍ ഒതുങ്ങുമ്പോഴാണ് അതില്‍ ബഹുസ്വരതയുടെ പ്രശ്‌നം വരുന്നത്. പര്‍ദ്ദയുപേക്ഷിച്ച കമലയെ ചിത്രീകരിക്കാന്‍ കമല്‍ തയ്യറാവുമോ? ഹരിനാമകീര്‍ത്തനം കേള്‍ക്കുന്ന കമലാ സുരയ്യയെ അംഗീകരിക്കുമോ? ഒരുപക്ഷെ സംവിധാന കലയില്‍ കയ്യടക്കമുള്ള കമല്‍ ഇവിടെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചേക്കാം. സുരയ്യയുടെ പില്‍ക്കാല ജീവിതം വെറുമൊരു സ്വപ്‌നമാക്കിയാല്‍ മതിയല്ലോ. കമലയ്ക്ക് ഖുറാന്‍ മതഗ്രന്ഥമായിരുന്നില്ല, പുസ്തകമായിരുന്നു എന്ന് കഥാകാരി പ്രിയ എ.എസ്. ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ''അല്ലയോ കൃഷ്ണ ഞാനുരുകുന്നു, ഉരുകുന്നു, ഒന്നും അവശേഷിക്കുന്നില്ല, നീയൊഴിച്ച്'' എന്നാണ് സുരയ്യ തന്നെ എഴുതിയിട്ടുള്ളത്. മതംമാറിയ സന്ദര്‍ഭത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ''ഞാന്‍ കൃഷ്ണനെ മുഹമ്മദ് എന്ന് പുനര്‍നാമകരണം ചെയ്തു'' എന്ന് പ്രതികരിച്ചയാള്‍ തന്നെയാണ് ഇങ്ങനെ മനസ്സുമാറ്റിയത്. ആമിയുടെ തിരക്കഥയില്‍ ഇതൊക്കെ ഉള്‍പ്പെടുമോ? സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയല്ല. മാധവിക്കുട്ടിയുടെ കഥ സിനിമയാകുമ്പോള്‍ ആ ജീവിതത്തോട് നീതി പുലര്‍ത്തണമെന്ന ആഗ്രഹമുള്ളതിനാലാണ്. മാധവിക്കുട്ടിയെക്കുറിച്ച് സുഹൃത്തും കനേഡിയന്‍ എഴുത്തുകാരിയുമായ മെറിലി വെയ്‌സ്‌ബോര്‍ഡ് എഴുതിയ 'പ്രണയത്തിന്റെ രാജകുമാരി'യെ കമല്‍ വിമര്‍ശിച്ചത് കാണുമ്പോള്‍ മാധവിക്കുട്ടിയുടെ ജീവിതത്തോട് നീതിപുലര്‍ത്തുന്നതായിരിക്കില്ല കമലിന്റെ സിനിമയെന്ന് ഉറപ്പിക്കാം. 'ഇസ്ലാമായ' മാധവിക്കുട്ടിയെ മതംമാറ്റത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കുകയാണ് മതമൗലികവാദികള്‍ ചെയ്തത്. വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞുവെങ്കിലും വൈകിപ്പോയിരുന്നു. മഞ്ജുവാര്യര്‍ നല്ല നടിയാണ്. മലയാള നടന്മാരില്‍ മോഹന്‍ലാലിനെപ്പോലെ കഥാപാത്രങ്ങളുടെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍. സ്വന്തം ശരീരഘടനയെ അതിവര്‍ത്തിക്കുന്ന അഭിനയശേഷി പുറത്തെടുത്ത് 'കന്മദ'ത്തിലെ കാരിരുമ്പിന്റെ കരുത്തുള്ള ഭാനുമതിയെയും, 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലെ കാമനെയും മയക്കുന്ന ഭദ്രയെയുമൊക്കെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരിയാണ്. ''ദയവായി 'ആമി'യെ ഒരു സിനിമയും, എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്'' എന്ന് മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് അവരുടെ ആരാധകരും പ്രേക്ഷകരും പൂര്‍ണമായി അംഗീകരിക്കും. എന്നാല്‍ ആമിയെന്ന സിനിമയെടുക്കുന്നവര്‍ക്ക് അത് ഒരു കലാസൃഷ്ടി മാത്രമായിരിക്കില്ല. പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തിന്റെ, തെളിച്ചുപറഞ്ഞാല്‍ 'ലൗജിഹാദി'ന്റെ പ്രചാരണോപാധിയായി ഈ സിനിമ മാറാം. മഞ്ജു തന്നെ ചൂണ്ടിക്കാട്ടുന്നപോലെ ''അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയ നിലപാടുകളുമുണ്ടാകാം.'' സങ്കുചിത മത-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഏതറ്റംവരെയും പോകാന്‍ കമല്‍ എന്ന സിനിമക്കാരന്‍ മടിക്കില്ലെന്ന് തെളിയിച്ചുകഴിഞ്ഞല്ലോ. പഴയ മുഖംമൂടി ഇനിയൊരിക്കലും അദ്ദേഹത്തിന് ചേരില്ല. 'ആമി'യിലെ കഥാപാത്രത്തിനപ്പുറം ഇക്കൂട്ടരുടെ കയ്യിലെ ആയുധമാവാന്‍ നിന്നുകൊടുത്ത് മഞ്ജു വഞ്ചിക്കപ്പെടരുത്. e-mail: muralijnbi@gmail.com    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.