കുംഭഭരണി മഹോത്സവം നാളെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Wednesday 1 March 2017 9:39 pm IST

ചെട്ടികുളങ്ങര: കുംഭഭരണി മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കെട്ടുകാഴ്ചകളില്‍ കുതിരയില്‍ ഇടകൂടാരം കയറ്റുന്ന ജോലികളും പ്രഭടയുടെ പണികളുമാണ് ഇന്നലെ നടന്നത്. ഇന്ന് പ്രഭട കയറ്റുകയും മേല്‍ക്കൂടാരത്തിന്റെയും പണികള്‍ പൂര്‍ത്തിയാക്കും. നാളെയാണ് വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം. തേരിന്റെ വെള്ള പിടിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. കെട്ടുകാഴ്ചകള്‍ കടന്നു പോകുന്ന വഴികള്‍ വൃത്തിയാക്കുന്ന ജോലികളും പൂര്‍ത്തിയായി. മറ്റം വടക്ക് ഭീമന്റെയും മറ്റം തെക്ക് ഹനുമാന്‍ പാഞ്ചാലിയുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇന്നു വൈകുന്നേരത്തോടെ ഭൂരിഭാഗം കരകളിലും കെട്ടുകാഴ്ച നിര്‍മ്മാണം പൂര്‍ത്തിയാകും. നാളെ രാവിലെ ആറു മുതല്‍ കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്കെത്തിച്ചേരും. ഒരുമണിയോടെ കുത്തിയോട്ട വഴിപാടുകള്‍ പൂര്‍ത്തീകരിക്കും. വൈകിട്ട് നാലു മുതല്‍ കരകളില്‍നിന്നും കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തിതുടങ്ങും. കരയുടെ ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ ഇറങ്ങുന്നത്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നീ കരകളുടെ കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ ഇറങ്ങും. ദീപാരാധനക്കുശേഷം കുംഭഭരണി ഗ്രാന്റ് വിതരണ സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെട്ടുകാഴ്ചകള്‍ക്കുള്ള ഗ്രാന്റ് ചടങ്ങില്‍ വിതരണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.