വരള്‍ച്ചയില്‍ മലയോര മേഖലയില്‍ വന്‍ കൃഷി നാശം

Wednesday 1 March 2017 10:00 pm IST

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ കൃഷികള്‍ വരള്‍ച്ചയില്‍ നശിച്ചു തുടങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 1.45 കോടി രൂപയുടെ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നതെന്ന് കൃഷി വകുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാഴ, കുരുമുളക്, ജാതി, എന്നിവയ്ക്കാണ് ഏറെയും നാശമുണ്ടായത്. ബ്ലോക്കിന് കീഴിലെ ഏഴു കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ആറ് ഹെക്ടറോളം സ്ഥലത്തെ 15000ത്തിലധികം കുലച്ച ഏത്തവാഴകള്‍ നശിച്ചു. 5600 കുലയ്ക്കാത്ത വാഴകളും നശിച്ചു. 12 ഹെക്ടറോളം സ്ഥലത്തെ 15200 കുരുമുളക് ചെടികളും നശിച്ചു. ആറ് ഹെക്ടറിലെ 960 ജാതികള്‍ നശിച്ചു. രണ്ട് ഹെക്ടറോളം സ്ഥലത്തെ ഇരുനൂറോളം ഗ്രാമ്പുവും, ഒരു ഹെക്ടറോളം സ്ഥലത്തെ അറുന്നുറിലധികം കൊക്കോയും വരള്‍ച്ചയില്‍ നശിച്ചു. ഒരു ഹെക്ടറോളം സ്ഥലത്തെ പച്ചക്കറികളും നശിച്ചതായാണ് കണക്കുകള്‍. കൃഷി ഭവനുകളില്‍ ലഭിച്ച കര്‍ഷകരുടെ അപേക്ഷകള്‍ പ്രകാരമുള്ള കണക്കുകള്‍ മാത്രമാണിവ. ഇതിനു പുറമയെുള്ള കൃഷിനാശവും കൂടി കണക്കിലെടുത്താല്‍ നാശം ഇരട്ടിയോളം വരും. കൂട്ടിയ്ക്കല്‍, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പഞ്ചായത്തുകളിലാണ് വരള്‍ച്ച കൂടുതലും ബാധിച്ചിരിക്കുന്നത്. വേനല്‍ ഒരുമാസം പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വാഴകളും, കുരുമുളക് ചെടിയും, ജാതിയും നശിച്ചു. റബ്ബറിന്റെ പാല്‍ ഉല്‍പ്പാദന ഗണ്യമായി കുറഞ്ഞു. വേനല്‍ മഴ ലഭിക്കാത്തതിനാല്‍ ടാപ്പിങ് നിര്‍ത്തി വച്ചരിക്കുകയാണ് കര്‍ഷകര്‍. പറമ്പുകളില്‍ ഇറങ്ങി പണികള്‍ ചെയ്യാന്‍ കഴിയാത്തവിധം അസഹനീയമായ ചൂടും കര്‍ഷകരെ ദുരിതത്തിലായിക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.