കഴിഞ്ഞ ബജറ്റ് നോക്കുകുത്തിയായി ഐസക്കിന്റെ സമ്പൂര്‍ണ ബജറ്റ് നാളെ

Thursday 15 June 2017 5:28 pm IST

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്ക് നാളെ നിയമസഭയിലെത്തും. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി ഒന്‍പത് മാസം മുമ്പാണ് ഇടത് സര്‍ക്കാര്‍ ചുമതലയേറ്റത്. ജൂലൈ എട്ടിനാണ് പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. 'ജനകീയ'മെന്ന് പലരും പുകഴ്ത്തിയ ബജറ്റ് ഏട്ടിലെ പശുവായിരുന്നു. വാഗ്ദാനങ്ങളുടെ വക്കുപോലും തൊടാന്‍ സര്‍ക്കാരിനായില്ല. പ്രധാനപ്പെട്ട വാഗ്ദാനം അഞ്ചുവര്‍ഷത്തേക്ക് നിതേ്യാപയോഗസാധനങ്ങളുടെ വില കൂടില്ല എന്നായിരുന്നു. വിലക്കയറ്റം വാണംപോലെ കുതിക്കുന്നു. ക്ഷാമകാലത്ത് കൊണ്ടുവന്ന ഡോ. ഐസക്കിന്റെ ബജറ്റ് ക്ഷേമം കൊണ്ടുവരുമെന്ന് കൊട്ടിപ്പാടി. പക്ഷെ ഒന്നും സംഭവിച്ചില്ല. അധികാരത്തിലെത്തിയപ്പോള്‍ ഖജനാവ് കാലിയെന്ന് വിലപിച്ച് മുന്‍കൂര്‍ ജാമ്യമെടുത്തതാണ്. 'നഞ്ച് വാങ്ങി തിന്നാന്‍പോലും നയാ പൈസയില്ലെ'ന്ന് പഴം പാട്ട് പാടിയ ധനമന്ത്രി ധനസംബന്ധമായി ഒരു ധവളപത്രവും ഇറക്കി. എന്നാലും ബജറ്റില്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കി. അതിന്റെ 10 ശതമാനംപോലും ലക്ഷ്യത്തിലെത്തിക്കാന്‍ സര്‍ക്കാരിനായില്ല. പണമില്ലാത്തതും പദ്ധതിയില്ലാത്തതുമല്ല ഇതിന്റെ മുഖ്യകാരണം. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കവും മുഖ്യമന്ത്രിയും ഗവണ്‍മെന്റ് സെക്രട്ടറിമാരും തമ്മിലുള്ള പോരുമെല്ലാം ഇതിന് വഴിവച്ചു. എന്നാല്‍ ഐസക്ക് നിരത്താന്‍പോകുന്ന ന്യായം നോട്ട് മരവിപ്പിച്ചതിലെ ''ദുരന്തം'' എന്നാകുമെന്നുറപ്പ്. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപനം വന്ന് മണിക്കൂറിനകം തന്നെ 'വിഡ്ഢിത്തം' എന്ന് വിശേഷിപ്പിച്ച ഒരേ ഒരു ധനമന്ത്രിയാണ് ഐസക്ക്. നവംബറിലെയും ഡിസംബറിലെയും ജനുവരിയിലെയും ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് പ്രസ്താവിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി. പക്ഷെ അവ മുറപോലെ ലഭിച്ചു. ഈ വര്‍ഷം മുഴുവന്‍ ജനങ്ങള്‍ കെടുതി നേരിടേണ്ടിവരുമെന്ന് ഗവര്‍ണറെ കൊണ്ട് പറയിപ്പിച്ച് മണിക്കൂറുകള്‍ തികയും മുമ്പുതന്നെ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ധന ഇടപാട് സംബന്ധിച്ച നിയന്ത്രങ്ങളെല്ലാം നീക്കി. രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ വിപ്ലവകരമായ സാമ്പത്തികപരിഷ്‌ക്കരണത്തെ ഇടതുപക്ഷം സ്വാഗതം ചെയ്യേണ്ടതായിരുന്നു. പക്ഷേ മോദിയായതുകൊണ്ടുമാത്രം അവര്‍ എതിര്‍ക്കുന്ന സമീപനമാണ് കണ്ടത്. കഴിഞ്ഞ ബജറ്റില്‍ മുഖ്യ വാഗ്ദാനം ഭൂമിയില്ലാത്തവര്‍ക്ക് മൂന്നുസെന്റ് ഭൂമി നല്‍കുമെന്നതാണ്. ഒരാള്‍ക്കുപോലും ഭൂമി നല്‍കിയിട്ടില്ല. ഇതും നോട്ട് മരവിപ്പിക്കലും തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ. വനവാസികള്‍ക്ക് ഒരേക്കര്‍വീതം ഭൂമി നല്‍കാന്‍ 42 കോടിയാണ് നീക്കിവച്ചത്. ഒരാള്‍ക്കു പോലും ഭൂമി നല്‍കിയില്ല. സ്ത്രീകള്‍ക്കായി പ്രതേ്യക വകുപ്പെന്ന് കഴിഞ്ഞ ബജറ്റില്‍ ഉറപ്പു നല്‍കിയതാണ്. ഗവര്‍ണറുടെ പ്രസംഗത്തില്‍ അതാവര്‍ത്തിച്ചു. ഭൂരിപക്ഷം തൊഴിലുറപ്പ് പദ്ധതി കുടുംബങ്ങള്‍ക്കും സൗജന്യറേഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍ റേഷന്‍വിതരണം തന്നെ മൊത്തമായി സ്തംഭിപ്പിച്ചു. അഞ്ചുവര്‍ഷമായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന ഉറപ്പും വായുവില്‍ ലയിച്ചു. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും 40 കോടി ചെലവില്‍ നവോത്ഥാന സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുമെന്ന പ്രഖ്യാപനപ്രകാരം ഒരു തറക്കല്ലുപോലും നാട്ടിയില്ല. എല്ലാ ജില്ലകളിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉറപ്പു നല്‍കി. അതും നടന്നില്ല. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,206 കോടി നീക്കിവച്ചു. പുതുതായി ഒരു പാലവും വന്നില്ല. മാന്ദ്യവിരുദ്ധ പാക്കേജും കേരള ബാങ്കും ആവിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.