നടിയെ തട്ടിക്കൊണ്ടുപോകല്‍: പോലീസിന് നിര്‍ണ്ണായക ദൃശ്യങ്ങള്‍ കിട്ടി

Thursday 15 June 2017 4:06 pm IST

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. സംഭവ ദിവസം നടി സഞ്ചരിച്ചിരുന്ന കാറിനെ പ്രതികള്‍ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ദേശീയ പാതയിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് ട്രാവലറില്‍ പോകുന്ന ദൃശ്യങ്ങളും തിരിച്ച് കൊരട്ടിയില്‍ നിന്ന് നടിയെ പിന്തുടരുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിട്ടുള്ളത്. വെണ്ണല, കാക്കനാട്, ഇന്‍ഫോ പാര്‍ക്ക് എന്നിവിടങ്ങളിലെ കാമറകളില്‍ നിന്നാണ് ടെമ്പോ ട്രാവലറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചത്. വെണ്ണലയിലെ പെട്രോള്‍ പമ്പ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കാമറയില്‍ നിന്നും പള്‍സര്‍ സുനിയും മറ്റും മറ്റൊരു കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സമയം നടി സഞ്ചരിച്ചിരുന്ന കാറും ടെമ്പോ ട്രാവലറിന്റെ സമീപത്തുണ്ടായിരുന്നു. നടിയെ ഉപദ്രവിച്ചശേഷം നടിയുമായി പോകുന്ന ദൃശ്യങ്ങളാണ് കാക്കനാട് നിന്ന് ലഭിച്ചത്. കൊരട്ടിയില്‍ നിന്ന് ട്രാവലറില്‍ കാറിനെ പിന്തുടരുന്ന കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കോയമ്പത്തൂരിലെയും ആലപ്പുഴയിലെയും കാമറ ദൃശ്യങ്ങള്‍ക്കായി പോലീസ് ശ്രമം തുടങ്ങി. അതേസമയം അറസ്റ്റിലാകും മുമ്പ് പള്‍സര്‍ സുനിയും വിജീഷും ഭക്ഷണം വാങ്ങാനെത്തിയിരുന്നുവെന്നും ഒഴുക്കുള്ള പുഴ അന്വേഷിച്ചുമെന്നും കൊച്ചിയിലെ ഹോട്ടലുടമസ്ഥ വെളിപ്പെടുത്തി. ഭക്ഷണം പാഴ്‌സല്‍ വാങ്ങിയ ശേഷം ഹോട്ടലിന് സമീപം ശക്തമായ ഒഴുക്കുള്ള പുഴയെവിടെയെന്ന് സുനി ചോദിച്ചു. ഈ സമയം സുനി ഹെല്‍മെറ്റ് വച്ചിരുന്നുവെങ്കിലും മുഖം മറച്ചിരുന്നില്ല. വിജീഷും മുഖം മറയ്ക്കാതെയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയതെന്നും ഹോട്ടലുടമ പറഞ്ഞു. ബൈക്കിലെത്തിയ ഇവര്‍ രണ്ട് കുറ്റി പുട്ടും നാല് മുട്ടക്കറിയും വാങ്ങി. ഈ സ്ഥലം ചൂണ്ടിക്കാട്ടിയെന്നും ഹോട്ടലുടമസ്ഥ പറഞ്ഞു. പൊലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് സുനിയേയും വിജീഷിനെയും തിരിച്ചറിയുന്നത്. ചൊവ്വാഴ്ച ഇരുവരെയുംകൊണ്ട് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സുനിയും വിജീഷുമാണ് എത്തിയതെന്ന് ഹോട്ടലുടമ പൊലീസിനോട് പറഞ്ഞു. നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കോടതിയിലെത്തുംമുമ്പ് ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞെന്ന് സുനി പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് സമീപത്താണ് ഹോട്ടലും. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധരുമൊത്ത് കായലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. സുനിയുമൊത്തുള്ള പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ്. സുനിയെ മുണപരിശോധനയ്ക്ക് വിധേയമാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സുനി മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തിലാണിത്. സംഭവത്തിനുശേഷം സുനി അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കിയ മൊബൈല്‍ ഫോണും പോലീസ് സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ മെമ്മറികാര്‍ഡും സിംകാര്‍ഡുകളും വിദഗ്ദ്ധ പരിശോധനയ്ക്കായി തീരുവനന്തപുരം ഫോറന്‍സിക് ലാബിലേയ്ക്ക് അയയ്ച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.