ഒടുവള്ളി-കുടിയാന്‍മല റോഡ് നവീകരണ പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍

Thursday 2 March 2017 3:08 am IST

ചെമ്പേരി: ജില്ലയിലെ ഏക ദേശസാല്‍കൃത റൂട്ടായ ഒടുവള്ളി- കുടിയാന്‍മല റോഡ് നവീകരണ പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍. റോഡ് വീതികൂട്ടി നവീകരിച്ച് മെക്കാഡന്‍ ടാറിംഗ് നടത്താനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നാല് പതിറ്റാണ്ടോളമായി നവീകരണ പ്രവര്‍ത്തികളൊന്നും നടത്താതെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന മലയോരത്തെ ഈ പ്രധാന പാതയുടെ പുനരുദ്ധാരണത്തിന് കഴിഞ്ഞ സര്‍ക്കാരാണ് ഫണ്ട് അനുവദിച്ചത്. ടെന്‍ഡറില്‍ 23 ശതമാനം കുറവ് തുക രേഖപ്പെടുത്തിയിരുന്ന കരാറുകാര്‍ പ്രവര്‍ത്തി ചെയ്യാന്‍ അര്‍ഹത നേടിയിരുന്നെങ്കിലും ഇവര്‍ക്കെതിരെ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് കരാര്‍ ഉറപ്പിക്കാനായില്ല. ഈ സാഹചര്യത്തില്‍ 12 ശതമാനം കുറവ് തുക രേഖപ്പെടുത്തി രണ്ടാംസ്ഥാനത്തുണ്ടായിരുന്ന കരാറുകാര്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും സാങ്കേതിക തടസ്സങ്ങളുയര്‍ത്തി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ പ്രസ്തുത കരാറുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ് റോഡ് നവീകരണം അനിശ്ചിതത്വത്തിലായത്. നിലവിലുള്ള ടെന്‍ഡറിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചോ പുതിയ ടെന്‍ഡര്‍ ഉറപ്പിച്ചോ റോഡിന്റെ നവീകരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.