ഉദ്യോഗസ്ഥരെ വട്ടംകറക്കി നിര്‍ദ്ദേശങ്ങള്‍; റോഡ് പണി നിലയ്ക്കുന്നു

Thursday 15 June 2017 11:58 am IST

കോഴിക്കോട്: സംസ്ഥാനത്തെ റോഡ് പണിക്ക് ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു. തുടരെത്തുടരെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന വകുപ്പ് മേധാവികള്‍ ചട്ടങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരാറുകാര്‍ക്കും കണ്‍വീനര്‍മാര്‍ക്കും ടാര്‍ (ബിറ്റുമിന്‍) ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മൂന്നാമത്തെ നിര്‍ദ്ദേശമാണിപ്പോള്‍ ഇറങ്ങിയത്. നിര്‍വഹണ ഉദ്യോഗസ്ഥന്‍, ടാറിനായി എസ്റ്റിമേറ്റില്‍ കാണിച്ച തുക ട്രഷറിയില്‍നിന്ന് പിന്‍വലിച്ച് സ്വന്തം അക്കൗണ്ടില്‍ (ടിഎസ്ബി) സൂക്ഷിക്കണം. പിന്നീടത് സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നുമാണ് കഴിഞ്ഞ ദിവസം ചീഫ് എഞ്ചിനീയര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥരായ എഞ്ചിനീയര്‍മാര്‍ക്ക് നിലവില്‍ ടിഎസ്ബി അക്കൗണ്ടില്ല. ഇത് തുടങ്ങണമെങ്കില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം വേണം. പിന്നീട് തുടര്‍നടപടികളും. ഇതിനെല്ലാം കാലതാമസമെടുക്കും. തൊട്ടുമുമ്പുള്ള ''അടിയന്തര നിര്‍ദ്ദേശ''ത്തില്‍, വാങ്ങി നല്‍കിയ ടാറിന്റെ അളവ് പ്രത്യേകം പട്ടികയില്‍ തയ്യാറാക്കി മേലുദ്യോഗസ്ഥന് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രൈസ് സോഫ്റ്റ്‌വെയറില്‍ ടാര്‍ നല്‍കുന്നതിന് നിരക്ക് നിശ്ചയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍, ടാര്‍ വാങ്ങാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാകില്ലെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ച വകുപ്പ് മേധാവിക്കും വ്യക്തമാണ്. സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോ മുഖേന ടാര്‍ വാങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയതോടെയാണ് സംസ്ഥാനത്തെ റോഡ് പണി സ്തംഭിച്ചത്. ടാര്‍ സ്വന്തം നിലക്ക് വാങ്ങി ഉപയോഗിക്കാന്‍ കരാറുകാരും കണ്‍വീനര്‍മാരും തയ്യാറായില്ല. ഈ സ്ഥിതി വ്യാപകമായതോടെ നിര്‍ദ്ദേശം തിരുത്തി, തദ്ദേശ സ്ഥാപന സെക്രട്ടറി ടാര്‍ വാങ്ങി നല്‍കണമെന്ന് അറിയിക്കുകയായിരുന്നു. നിര്‍വഹണ ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന നിര്‍ദ്ദേശങ്ങളാണിതെല്ലാം. വകുപ്പ് നിര്‍ദ്ദേശം പാലിച്ചാല്‍, ഭാവിയില്‍ വിജിലന്‍സ് അടക്കമുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. ഇത്തരം സാഹചര്യത്തില്‍ ടാര്‍ വാങ്ങി നല്‍കല്‍ മന്ദഗതിയിലാണ്. ഇക്കാരണത്താല്‍ റോഡ് പണിയില്‍ പുരോഗതിയുമില്ല. കരാറുകാര്‍ കുറഞ്ഞ തോതില്‍ ടാര്‍ വാങ്ങി പേരിന് പണി നടത്തുന്നുണ്ടെങ്കിലും കണ്‍വീനര്‍മാര്‍ അനങ്ങുന്നില്ല. പുതിയ ടാര്‍ ഉപയോഗിച്ച് പണിത റോഡ് പെട്ടെന്ന് പൊളിയുന്ന സ്ഥിതിയുമുണ്ട്. അതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ബില്‍ പാസ്സാക്കി നല്‍കാന്‍ മടിക്കും. അതുകെണ്ടെല്ലാം തല്‍ക്കാലം റോഡ് പണി വേണ്ടെന്ന നിലപാടിലാണ് പല കണ്‍വീനര്‍മാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.