ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റ് നാളെ മുതല്‍

Thursday 15 June 2017 12:10 pm IST

വിരാട് കോഹ്‌ലി ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ക്യാച്ചിങ് പരിശീലനത്തില്‍

ബെംഗളൂരു: ഇന്ത്യ-ഓസീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് നാളെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തുടക്കം. എതിരാളികള്‍ക്കായി വാരിക്കുഴി തീര്‍ത്ത് സ്പിന്‍ പിച്ച് ഒരുക്കിയ പൂനെയില്‍ ഇന്ത്യ തന്നെ വീണിരുന്നു. ഇനി ചിന്നസ്വാമിയിലെ പിച്ച് ഏത് വിധത്തിലുള്ളതാണെന്നാണ് കണ്ടറിയാനുള്ളത്.

ക്യൂറേറ്റര്‍മാര്‍ പിച്ചിന്റെ അവസ്ഥയെ കുറിച്ച് ഇതുവരെ യാതൊന്നും പറഞ്ഞിട്ടുമില്ല. എങ്കിലും പൂനെയിലെ പോലെ ചതിക്കുഴി നിറഞ്ഞ പിച്ചാവില്ല ബെംഗളൂരുവിലേതെന്നാണ് ലഭിക്കുന്ന സൂചന.

പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടര ദിവസം കൊണ്ടാണ് ഇന്ത്യ തോറ്റത്. അതുകൊണ്ടുതന്നെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റാണ് ആരാധകര്‍ക്ക് ആവശ്യം. ആദ്യ മൂന്ന് ദിനം പിച്ച് ബാറ്റ്‌സ്മാന്മാരെയും പിന്നീട് സ്പിന്നര്‍മാരെയും അനുകൂലിക്കാനാണ് സാധ്യത. പൂനെയില്‍ ഒകീഫിയും ലിയോണും തകര്‍ത്താടിയെങ്കിലും ഇത്തരമൊരു പിച്ചൊരുക്കിയാല്‍ അശ്വിനും ജഡേജയും അവരെ കവച്ചുവയ്ക്കും എന്നാണു പ്രതീക്ഷ.

അതേസമയം സന്ദര്‍ശകരുടെ ഇഷ്ട ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, വിന്‍ഡീസ് ടീമുകളെല്ലാം ഇവിടെ നിര്‍ണായക മല്‍സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഇവിടെ നടന്ന 21 ടെസ്റ്റുകളില്‍ ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അത്രയും തന്നെ തോല്‍ക്കുകയും ചെയ്തു. ഒന്‍പതെണ്ണം സമനിലയില്‍ കലാശിച്ചു.

2000-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിങ്ങ്‌സിനും 71 റണ്‍സിനും തോറ്റതാണ് ഏറ്റവും വലിയത്. ഇന്ത്യയ്‌ക്കെതിരെ ഓസീസിന് ഇവിടെ നേരിയ മുന്‍തൂക്കമുണ്ട്. രണ്ടു ടെസ്റ്റില്‍ അവര്‍ ജയിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് ഒന്നു മാത്രം. ഒരെണ്ണം സമനിലയിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.