നടിയെ തട്ടിക്കൊണ്ടുപോകല്‍; അേന്വഷണം അവസാനിപ്പിക്കുന്നു

Thursday 2 March 2017 9:29 pm IST

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും കസ്റ്റഡി കാലാവധി 5 ന് അവസാനിക്കും. മറ്റ് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കസ്റ്റഡിക്കാലാവധി നീട്ടാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അന്വേഷണം ഗൂഢാലോചനയിലേക്ക് കടക്കാതെ പള്‍സര്‍ സുനിയില്‍ അവസാനിപ്പിക്കാനാണ് നീക്കം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആക്രമണത്തിന് ഇരയായ നടിയും സഹപ്രവര്‍ത്തകരും പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് പോലീസിന്. സുനിയെ നുള്ളിനോവിക്കുക പോലും ചെയ്യരുതെന്നാണ് ഉന്നത നിര്‍ദ്ദേശം. കസ്റ്റഡിയിലിരുന്ന് പോലീസിനെ കബളിപ്പിക്കുന്ന രീതിയാണ് സുനി പിന്തുടരുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് സുനിയുടെ പെരുമാറ്റം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ആദ്യം ഓടയില്‍ കളഞ്ഞുവെന്നു പറഞ്ഞ സുനി പിന്നീട് ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പറഞ്ഞത്. പിന്നീട് വാഗമണിലാണ് ഉപേക്ഷിച്ചതെന്നും പറഞ്ഞു. തെളിവെടുപ്പിന്റെ പേരില്‍ കസ്റ്റഡി കാലാവധി തള്ളിനീക്കാനാണ് സുനി ശ്രമിക്കുന്നതെന്നാണ് പോലീസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ സുനി കാണിച്ചതായി പോലീസ് പറയുന്നു. ഇവരില്‍ നിന്ന് രഹസ്യമൊഴി എടുക്കാന്‍ പോലീസ് തയ്യാറായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.