ഇന്ത്യ ഇനിയും കുതിക്കും: രാഷ്ട്രപതി

Thursday 15 June 2017 11:38 am IST

എറണാകുളത്ത് രാജാമണി സ്മാരക പ്രദര്‍ശനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ സമീപം

കൊച്ചി: എഴുപതു വര്‍ഷം കൊണ്ട് ഏറെ മാറിയ ഇന്ത്യ, അടുത്ത 10 വര്‍ഷത്തില്‍ വന്‍ കുതിപ്പുനടത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യന്‍ ഭാവി ശോഭനമാണ്, കെ.എസ്. രാജാമണി സ്മാരക പ്രഭാഷണത്തില്‍ ഇന്ത്യ 70ല്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.

സ്വാതന്ത്ര്യത്തിന് 50 വര്‍ഷം മുന്‍പ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒരു ശതമാനമായിരുന്നു. അമ്പതുകളില്‍ രണ്ടും തൊണ്ണൂറുകളില്‍ ഏഴും വരെയായിരുന്നത് ഇപ്പോള്‍ 8 % ആയി. ലോകത്തേറ്റവും വേഗം വളരുകയാണ്.ആഭ്യന്തര വളര്‍ച്ച 2.3 ശതമാനത്തില്‍നിന്ന് 7.9 ആയി. സാക്ഷരത 18ല്‍നിന്ന് 74 ശതമാനമായി. ഭക്ഷ്യോത്പാദനം 450 ലക്ഷം ടണ്ണില്‍ നിന്ന് 2,720 ലക്ഷം ടണ്ണായി, രാഷ്ട്രപതി പറഞ്ഞു. ധാന്യം കയറ്റുമതി ചെയ്യുന്നു. ദരിദ്ര- അവികസിത രാജ്യമെന്ന സ്ഥിതിയില്‍നിന്ന് ലോകത്ത് നാം മൂന്നാം സാമ്പത്തിക ശക്തിയായി.

രാജ്യ പുരോഗതി സാമൂഹ്യ നീതി, സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലാണ്. ഇതിനു ഭരണ സംവിധാനം മാത്രം പോരാ, സാമൂഹ്യ മനസും സങ്കല്‍പ്പവും മാറണം. ഇത് നിയമനിര്‍മ്മാണ സഭകളുടെയോ, ഭരണ സംവിധാനത്തിന്റെയോ കോടതിയുടെയോ മാത്രമല്ല, നാമോരോരുത്തരുടേയും ചുമതലയാണ്.

അക്രമങ്ങളെ അപലപിച്ച രാഷ്ട്രപതി, ഹിറ്റ്‌ലറെയോ ചെങ്കിസ്ഖാനെയോ അല്ല, അശോകനെയും ബുദ്ധനെയും അക്ബറിനെയുമാണ് നായകരായി ജനം കാണുന്നതെന്ന ഓര്‍മ്മിക്കണമെന്നു പറഞ്ഞു.സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനമാണ് സമൂഹത്തെ വിലയിരുത്തുന്ന പരീക്ഷയിലെ മാനദണ്ഡം. ഈ പരീക്ഷണത്തില്‍ ഇന്ത്യ തോല്‍ക്കരുത്, രാഷ്ട്രപതി പറഞ്ഞു.
സംസാര-ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്. സര്‍വകലാശാലകളിലുംമറ്റും ചര്‍ച്ചകളും സംവാദങ്ങളും നടക്കണം, അസ്വസ്ഥതയുടെ സംസ്‌കാരമല്ല വളര്‍ത്തേണ്ടത്.

പാര്‍ലമെന്റ് യുദ്ധക്കളമാക്കരുത്. അതിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ പ്രശ്‌നങ്ങള്‍ തെരുവിലെത്തും. നമുക്ക് പാവങ്ങളില്‍ പാവങ്ങള്‍ക്കു വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം. പത്തുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പുരോഗമിക്കുമെന്ന് എനിക്കുറപ്പുണ്ട്, രാഷ്ട്രപതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.