ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വെ പുരോഗമിക്കുന്നു

Thursday 15 June 2017 1:20 pm IST

മുക്കം: നിര്‍ദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ക്ക് വീണ്ടും തുടക്കമായി. കഴിഞ്ഞ ശനിയാഴ്ച മുക്കം നഗരസഭയിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൂന്ന് പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞ് ഇന്നലെയാണ് സര്‍വേ പുനരാരംഭിച്ചത്. കാരശേരി ഗ്രാമപഞ്ചായത്തിലെ സര്‍വേ നിര്‍ത്തിവെച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തതിര്‍ത്തിയില്‍ സര്‍വേ ആരംഭിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച സര്‍വേ വന്‍ പോലീസ് സാന്നിധ്യത്തിലാണ് നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊടുവള്ളി സി.ഐ.ബിശ്വാസ് ,മുക്കം എസ്.ഐ.സനല്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ പോലീസ് സംഘമാണ് സര്‍വേ സംഘത്തോടൊപ്പമുള്ളത്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ചെറിയ രീതിയില്‍ ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ജോര്‍ജ് എം തോമസ് എം.എല്‍.എ, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് എന്നിവര്‍ ഗയില്‍ അധികൃതരുമായും ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കാരശേരിയില്‍ അലൈന്‍മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരശേരിയില്‍ സര്‍വേ നിര്‍ത്തിവെച്ചതെന്നാണ് സൂചന. പുതിയ അലൈന്‍മെന്റ് പ്രകാരം പഞ്ചായത്തില്‍ ഒരു വീടു പോലും നഷ്ടപ്പെടില്ലന്നാണ് പ്രത്യേകത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.