കടമ്പൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായ ആരോപണം അസംബന്ധം: പിടിഎ

Friday 3 March 2017 6:01 pm IST

കണ്ണൂര്‍: കടമ്പൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തികച്ചും അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പിടിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരും മാനേജുമെന്റും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാന്‍ പിടിഎ ജനറല്‍ബോഡി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എട്ടാം തിയ്യതി ഇതുസംബന്ധിച്ച് യോഗം ചേരാനിരിക്കെയാണ് പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴക്കാനും ഗുരുതരമാക്കാനും ചില അധ്യാപകര്‍ ബോധപൂര്‍വ്വം നീക്കം നടത്തിയത്. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ മാനേജരുടെ മുമ്പാകെ ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് വേണ്ടത്. ഇത് മറികടന്നുകൊണ്ടാണ് കലക്‌ട്രേറ്റിന് മുന്നില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ നോട്ടീസ് ക്ലാസ്സ് മുറിയില്‍ കയറി അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത നിലപാട് ശരിയല്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നൂറു ശതമാനം വിജയം നേടുന്ന സ്‌കൂളാണ് കടമ്പൂര്‍ എച്ച്എസ്എസ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കടമ്പൂര്‍ സ്‌കൂളിന്റെ അഭിവൃദ്ധി സമീപത്തെ മറ്റ് സ്‌കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളെ ലഭിക്കുന്നില്ലെന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. സ്‌കൂളിനെ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ടീച്ചിങ് മാന്വല്‍ തയ്യാറാക്കുന്നതിന് പുറത്തുനിന്നുള്ള വിദഗ്ദരുടെ സഹായം സ്വീകരിക്കുന്നത് നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാണ്. അത് അധ്യാപകരെ അവഹേളിക്കാനാണെന്ന പ്രചാരണം ശരിയല്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് അനാവശ്യമായി പണം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വിദ്യാര്‍ത്ഥികല്‍ നിന്ന് സ്വീകരിക്കുന്ന തുക പിടിഎ പ്രസിഡണ്ടിന്റെയും പ്രധാനാധ്യാപികയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവെന്നും സ്‌കൂള്‍ മാനേജര്‍ ഇതില്‍ ഇടപെടാറില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പിടിഎ പ്രസിഡണ്ട് വെങ്കിലാത്ത് സജീവന്‍, പ്രധാനാധ്യാപിക പി.എം.സ്മിത ടീച്ചര്‍, പിടിഎ വൈസ്പ്രസിഡണ്ട് എ.പി.രാഗേഷ്, മദര്‍ പിടിഎ പ്രസിഡണ്ട് അഡ്വ.ബിന്ദു, എക്‌സിക്യൂട്ടീവി കമ്മറ്റി അംഗം കെ.എം.ഫാറൂഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.