70,000 കോടിയുടെ കള്ളപ്പണം കണ്ടെത്തി: എസ്എടി

Thursday 15 June 2017 7:50 am IST

  ന്യൂദല്‍ഹി: ഇതുവരെ 70,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. എസ്എടി ഡപ്യൂട്ടി ചെയര്‍മാന്‍ ജസ്റ്റിസ് അരിജിത് പസായത്താണ് ഇക്കാര്യം അറിയിച്ചത്. എസ്എടിയുടെ ആറാം റിപ്പോര്‍ട്ട് ഏപ്രിലില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പ് മേധാവിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് ഇതുവരെ കണ്ടെത്തിയ കള്ളപ്പണം സംബന്ധിച്ച വിവരം ജസ്റ്റിസ് പസായത്ത് വെളിപ്പെടുത്തിയത്. അടുത്ത മാസം ആദ്യ ആഴ്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കള്ളപ്പണം തടയുന്നതിനായി എസ്എടി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചെന്ന് പസായത് പറഞ്ഞു. ബഹുഭൂരിപക്ഷം നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. കള്ളപ്പണം തടയുന്നതിന് ഊര്‍ജ്ജിത നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. 15 ലക്ഷം രൂപയിലധികം കൈവശം വെച്ചാല്‍ അനധികൃത സമ്പാദ്യമായി കണക്കാക്കി നടപടി സ്വീകരിക്കണം എന്ന പ്രധാന ശുപാര്‍ശ അടക്കം കേന്ദ്രം പരിഗണിക്കുകയാണ്, ജസ്റ്റിസ് പസായത് പറഞ്ഞു. മൂന്നുലക്ഷം രൂപയ്ക്ക് മുകളില്‍ പണമായി കൈമാറുന്നത് കുറ്റകരമാക്കണമെന്ന ശുപാര്‍ശയും കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും പസായത്ത് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.