ബജറ്റ് ചോര്‍ന്നു

Thursday 15 June 2017 7:31 am IST

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ചോര്‍ന്നു. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെ സഭയില്‍ പറയാനിരിക്കുന്ന കാര്യങ്ങള്‍ വരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്നു. ഇന്നലെ ഒരു പത്രത്തിലും ബജറ്റിലെ വിവരങ്ങള്‍ വച്ച് വാര്‍ത്ത വന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തി. ബിജെപി, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്് പ്രസംഗം ബഹിഷ്‌ക്കരിച്ചു.രാജി തേടി പ്രതിപക്ഷം ഗവര്‍ണറെയും കണ്ടു.പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നാണ് ആവശ്യം. ചോര്‍ച്ചയുടെ ഉത്തരവാദിത്വം ചുമത്തി ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കുമാര്‍ പുതിയവിളയെ മാറ്റി. ബജറ്റ് വിവരം ചോര്‍ന്നത്് അന്വേഷിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക്്് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ സി.പി.എമ്മും തീരുമാനിച്ചു. ബജറ്റ് അവതരണത്തിന് ശേഷം സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലും സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. ധനമന്ത്രിയുടെ പ്രസംഗം മുക്കാലും പൂര്‍ത്തിയായപ്പോഴാണ് ബജറ്റിന്റെ പ്രസക്തഭാഗങ്ങളുടെ പകര്‍പ്പുമായി എത്തി പ്രതിപക്ഷം ബജറ്റ് ചോര്‍ന്നെന്ന ആരോപണം ഉന്നയിച്ചത്. ബഹളത്തെ തുടര്‍ന്ന് ബജറ്റ് അവതരണം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും മുമ്പേ ബജറ്റ് പുറത്തായെന്നും ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു. വിഷയം പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയ്ക്കായി എഴുന്നേറ്റു. ബജറ്റ് വിവരങ്ങള്‍ അപ്പപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പും ഇത് നടന്നിട്ടുണ്ടെന്നും വിഷയം പരിശോധിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ ആരോപണത്തെ വിശദീകരണം നല്‍കാനുള്ള വിവരങ്ങള്‍ തനിക്കില്ലെന്നും ഗൗരവമായ വിഷയമാണെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്പീക്കര്‍ വഴി വിശദീകരണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം സഭയുടെ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത സംഭവമാണിതെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.