കിഴക്കേകല്ലടയില്‍ കുടിവെള്ളക്ഷാമം മുതലെടുത്ത് കുഴല്‍ക്കിണര്‍ മാഫിയ

Saturday 4 March 2017 1:46 pm IST

ചിറ്റുമല: കിഴക്കേകല്ലട പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയര്‍ന്ന പ്രദേശങ്ങളായ ചിറ്റുമല, തെക്കേമുറി, മുട്ടം, കൊച്ചാലുംമൂട്, കൊടുവിള, ശിങ്കാരപ്പള്ളി മേഖലകളിലെ കിണറുകളെല്ലാം വറ്റി. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളമുണ്ടെങ്കിലും ഓരു കലര്‍ന്നതാണ്. കുണ്ടറ ശുദ്ധജല വിതരണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാട്ടര്‍ അതോററ്റി ഇവിടെ കുടിവെള്ള വിതരണം ചെയ്യുന്നത്. അതാകട്ടെ ആഴ്ചയില്‍ ഒരു ദിവസം മാത്രം. പഞ്ചായത്ത് ഇതുവരെ കുടിവെള്ളവിതരണം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഈ അവസരം കുഴല്‍ക്കിണര്‍ മാഫിയകള്‍ പരമാവധി മുതലെടുക്കുകയാണ്. കൊടുവിള, കൊച്ചുപ്ലാമൂട്, ചിറ്റുമല മേഖലകളിലുള്ള കുഴല്‍ക്കിണറുകള്‍ വഴി 24 മണിക്കൂറും വാഹനങ്ങളില്‍ വെള്ളം കൊണ്ടുപോകുകയാണ്. 750 ലിറ്ററിന് ദൂരപരിധിയനുസരിച്ച് 250 രൂപ മുതല്‍ 1000 രൂപ വരെയാണ് ഇവര്‍ വാങ്ങുന്നത്. എന്നാല്‍ ടാങ്കുകളില്‍ കുടിവെള്ളം എന്നെഴുതി വയ്ക്കുകയോ പഞ്ചായത്തിന്റെ അനുമതി വാങ്ങുകയോ ഇവര്‍ ചെയ്യാറില്ല. കെട്ടിട നിര്‍മ്മാണാവശ്യത്തിനും കുഴല്‍ക്കിണര്‍ മാഫിയ കുടിവെള്ളം ഊറ്റി എടുക്കുകയാണ്. ഇതുമൂലമാണ് മിക്ക പ്രദേശത്തെയും കിണറുകള്‍ വറ്റുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി നടപടിയെടുക്കുകയും കുടിവെള്ള വിതരണം നടത്തുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.