ദൈവംപോലൊരു മനുഷ്യന്‍

Thursday 15 June 2017 6:24 am IST

പഴയ വടക്കന്‍ കോട്ടയം നാട്ടിലെ ഇരുവനാട്ടില്‍പ്പെട്ട കരിയാട്ടെ ചിറയ്ക്കല്‍ തറവാട്ടില്‍ പിറന്ന്, ആ നാടിന്റെയും കേരളത്തിലെങ്ങുമുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും ആദരപാത്രമായിത്തീര്‍ന്ന എന്‍.സി.ടി. മധുസൂദനന്‍ നമ്പ്യാരുടെ നിര്യാണവിവരം മാധ്യമങ്ങളില്‍നിന്നറിഞ്ഞപ്പോള്‍ അവിശ്വസനീയമായിത്തോന്നി. ഏതാണ്ട് രണ്ടുമാസം മുമ്പ് മാത്രമായിരുന്നു കണ്ണൂരിലെ സര്‍വമംഗളാ ട്രസ്റ്റിന്റെ വാര്‍ഷിക പുരസ്‌കാര സമര്‍പ്പണചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തെ കണ്ടത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയില്‍ ഏറെനേരം പഴയ ഓര്‍മകള്‍ അയവിറക്കാന്‍ അവസരമുണ്ടായി. പറയത്തക്ക അസ്വാസ്ഥ്യമൊന്നുമില്ലെന്നും പ്രായക്കൂടുതലിന്റെ ബുദ്ധിമുട്ടുമൂലം യാത്ര കുറച്ചിരിക്കയാണെന്നും എന്‍സിടി പറഞ്ഞു. അക്കാര്യത്തില്‍ ഞാനും സമാനദുഃഖിതനാണെന്നു പറഞ്ഞ് വിശേഷങ്ങള്‍ പങ്കുവച്ചു. സര്‍വമംഗള ട്രസ്റ്റ് നല്‍കുന്ന പുരസ്‌കാരം 2012 ല്‍ അദ്ദേഹത്തിനായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദീനദയാല്‍ജി ജയന്തിക്ക് ഭാരതീയ ജനതാപാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പില്‍വച്ച് പഴയ കണ്ണൂര്‍ ജില്ലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഒരു സമാഗമം നടത്തപ്പെട്ടിരുന്നു. ദീനദയാല്‍ജിയെ നേരിക്കു കണ്ടിട്ടുള്ളവരുടെ ഒത്തുചേരലായിരുന്നു മുഖ്യമായും ഉദ്ദേശിക്കപ്പെട്ടിരുന്നത്. അതില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ എന്നെയും ക്ഷണിച്ചു. നാനൂറിലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുത്തു. വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരനാണ് വിശിഷ്ടാതിഥിയായത്. ഞങ്ങള്‍ വേദിയില്‍ ഇരിക്കുമ്പോള്‍ തിങ്ങിനിറഞ്ഞ സദസ്സിന്റെ ഒരുഭാഗത്ത് എന്‍സിടിയെ കണ്ടു. അദ്ദേഹവുമായി അല്‍പം സംസാരിക്കാനുള്ള മോഹംമൂലം മെല്ലെ വേദിയുടെ പിന്നിലൂടെ പുറത്തുകടന്ന് ഏതാനും നിമിഷം ഒപ്പിച്ചെടുക്കുകയായിരുന്നു. എന്‍സിടിയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് ഞാന്‍ തലശ്ശേരിയില്‍ പ്രചാരകനായിരുന്ന 1960-കളുടെ തുടക്കത്തിലാണ്. പാനൂര്‍ ഭാഗത്തെ കോണ്‍ഗ്രസുകാരനെന്ന നിലയ്ക്ക് പത്രങ്ങളില്‍ പേര്‍ കണ്ടിരുന്നു. പാനൂര്‍ കൂത്തുപറമ്പ് മേഖല അക്കാലത്ത് പി.ആര്‍. കുറുപ്പ് എന്ന പിഎസ്പി മാടമ്പി നേതാവിന്റെ തേര്‍വാഴ്ചയിന്‍ കീഴിലായിരുന്നു. മറ്റൊരു പ്രസ്ഥാനത്തെയും തന്റെ സാമ്രാജ്യത്തില്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന ഉറപ്പിലായിരുന്നു കുറുപ്പ്. 1960 ല്‍ കോണ്‍ഗ്രസ്-ലീഗ്-പിഎസ്പി മുന്നണിയായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ശതമാനം പോളിങിനും വലിയ ഭൂരിപക്ഷം നേടിയതിനും, മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിച്ച മെഡല്‍ നേടിയത് പി.ആര്‍. കുറുപ്പ് മത്‌സരിച്ച ആ മണ്ഡലമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പായപ്പോള്‍ മുന്നണികളുടെ ചേരുവകള്‍ മാറി. കോണ്‍ഗ്രസിനെതിരെ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന നമ്പൂതിരിപ്പാട് സിദ്ധാന്തമനുസരിച്ച് പെരിങ്ങളം മണ്ഡലത്തില്‍ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ത്ഥിയായി പി.ആര്‍. കുറുപ്പ് നിന്നു. കോണ്‍ഗ്രസിന് നില്‍ക്കാനാളുണ്ടായില്ല. ബാല്യം മുതലേ ഗാന്ധിയനും കോണ്‍ഗ്രസുമായിരുന്ന എന്‍.സി.ടി. മധുസൂദനന്‍ നമ്പ്യാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. അങ്ങനെയാണ് അക്കാലത്ത് കോട്ടയത്ത് പ്രചാരകനായിരുന്ന ഞാന്‍ പിന്നീട് അദ്ദേഹത്തിന്റെ പേര് കേട്ടത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം അന്നായിരുന്നല്ലൊ. പ്രചാരണക്കാലത്തും അതിനുശേഷവും എന്‍സിടിക്കു വന്ന അരക്ഷിതാവസ്ഥ ഭയാനകമായിരുന്നത്രെ. തുടര്‍ന്ന് അദ്ദേഹം ചില പൊതുസുഹൃത്തുക്കള്‍ വഴി കോഴിക്കോട്ടെ ചില മുതിര്‍ന്ന സംഘപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അന്ന് ജനസംഘം സംഘടനാ കാര്യദര്‍ശിയായിരുന്ന രാ. വേണുഗോപാല്‍, പരമേശ്വര്‍ജി, കുന്ദമംഗലത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കൊളായി ദാമോദരന്‍നായര്‍, അദ്ദേഹത്തിന്റെ അനുജനും പ്രചാരകനുമായിരുന്ന കെ. ചന്ദ്രശേഖര്‍ജി, രാമന്‍പിള്ള തുടങ്ങിയവരുമായി അദ്ദേഹം അടുത്തു. അധികം വൈകാതെ 1967 അവസാനം കോഴിക്കോട്ട് സംഘടിപ്പിക്കപ്പെട്ട ജനസംഘത്തിന്റെ അഖിലഭാരതീയ സമ്മേളനം ഭാരതത്തിലെങ്ങുമെന്നപോലെ കേരളത്തിലും നടന്നുകൊണ്ടിരുന്ന രാഷ്ട്രീയ മന്ഥനത്തില്‍, പുതിയ ദിശ തേടി ഉഴന്നവര്‍ക്ക് വഴിവിളക്കായിത്തീര്‍ന്നു. കണ്ണൂര്‍ ജില്ലയില്‍ കെ.ജി. മാരാര്‍ പൂര്‍ണസമയവും ജനസംഘത്തിനായി ഉഴിഞ്ഞുവച്ചുകൊണ്ട് രംഗത്തിറങ്ങിയപ്പോള്‍ എന്‍സിടിയെപ്പോലുള്ള ഒട്ടേറെ പ്രമുഖ വ്യക്തികള്‍ മുന്നോട്ടുവന്നു. അണിയാരത്തെ അദ്ദേഹത്തിന്റെ വീട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സ്വന്തമായി. അദ്ദേഹം അവരിലൂടെ ഒരു പുതിയ സാമൂഹ്യ സേവന സംസ്‌കാരത്തിന്റെ സുഗന്ധം അനുഭവിച്ചുവെന്ന് ഒരുമിച്ച് താമസിച്ച ഒരു അവസരത്തില്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ വീട് സംഘത്തിലെ പ്രമുഖ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനമായിരുന്നു. രണ്ടുപ്രാവശ്യം അവിടെ ചെന്ന് താമസിക്കാന്‍ എനിക്കവസരമുണ്ടായി. മാധവജിയും ഭാസ്‌കര്‍റാവുജിയും ആ സൗകര്യം ഉപയോഗിച്ചവരായിരുന്നു. സംഘത്തിന് അടിയന്തരാവസ്ഥക്കാലത്തെ നിരോധനത്തെ ഫലപ്രദമായി ചെറുക്കാനും സുരക്ഷിതത്വം നിലനിര്‍ത്താനും കഴിഞ്ഞത്, പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിപാലിച്ചുവന്ന ഉറ്റ കുടുംബബന്ധങ്ങളായിരുന്നു. പൊതുസ്ഥലങ്ങളെ തീരെ ആശ്രയിക്കാതെ സങ്കീര്‍ണമായ പ്രവര്‍ത്തനരീതികള്‍ കൊണ്ടുനടത്താന്‍ എന്‍സിടിയെപ്പോലുള്ള പക്ഷമതികളായ ധാരാളംപേരെ സൃഷ്ടിച്ചെടുക്കുന്നതിന് സംഘസംസ്‌കാരത്തിന് കഴിഞ്ഞു. എന്‍സിടിയുടെ ഭാഗിനേയന്‍ രാജഗോപാലനും ഉന്നതമായ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന ആളാണ്. പഞ്ചാബില്‍ ഖാലിസ്ഥാന്‍ ഭീകരത സംഹാര താണ്ഡവമാടിയ കാലത്ത്, അതിന്റെ കേന്ദ്രസ്ഥാനമായ അമൃതസറില്‍ രാജഗോപാലന്‍ സംഘപ്രചാരകനായിരുന്നു. സംഘം നിര്‍ദ്ദേശിച്ച കാലത്തിന് ശേഷമാണദ്ദേഹം കേരളത്തിലേക്കു മടങ്ങിയത്. സുവര്‍ണക്ഷേത്രമെന്ന ഹര്‍മന്ദിര്‍ സാഹിബിന്റെ കാഴ്ചപ്പാടിനടുത്തുതന്നെയായിരുന്നു കാര്യാലയവും. ഇന്നദ്ദേഹം വിദ്യാഭാരതിയുടെ ദേശീയ സഹകാര്യദര്‍ശിയെന്ന സമുന്നത ചുമതല സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നു. മധുസൂദനന്‍ നമ്പ്യാര്‍ പാനൂര്‍ താലൂക്ക് സംഘചാലകനായും, ബിജെപിയുടെ ജില്ലാ അധ്യക്ഷനായും ചുമതല വഹിച്ചിട്ടുണ്ട്. ഒരിക്കല്‍ തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുകയും ചെയ്തു. സമാജസേവനത്വര അദ്ദേഹത്തിന്റെ രക്തത്തില്‍ത്തന്നെ കലര്‍ന്നിരിക്കുന്നതുപോലെയാണ്. ഗാന്ധിജിയുടെ പ്രേരണയാല്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവന്ന ഗാന്ധി സ്മാരക ട്രസ്റ്റിന് സ്വന്തം തറവാട് സ്വത്തില്‍നിന്ന് കനത്ത സംഭാവന നല്‍കിയതായി കേട്ടിട്ടുണ്ട്. ക്ഷേത്രസംരക്ഷണ, പുനരുദ്ധാരണ രംഗത്തും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്തു മുപ്പതോളം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്തിയത്രേ. ജീവിതം മുഴുവന്‍ സമാജസേവനത്തില്‍ മുഴുകിയ ദൈവംപോലത്തെ മനുഷ്യനായിരുന്നു എന്‍സിടി എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അദ്ദേഹത്തിന് 'അനായാസേന മരണം'- എന്ന ഭാഗ്യവും സിദ്ധിച്ചു. തലേ സന്ധ്യക്ക് ഭക്ഷണത്തിനുശേഷം അതു സംഭവിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആ സച്ചരിതത്തിന്റെ ഓര്‍മ്മക്ക് അഞ്ജലികള്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.