ഏറ്റുമാനൂരില്‍ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്

Thursday 15 June 2017 5:06 am IST

ഏറ്റുമാനൂര്‍: എട്ടാം ഉത്സവദിവസമായ ഇന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും. ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദര്‍ശനവും വലിയകാണിക്കയും നടക്കുന്നത്. അര്‍ദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാനദര്‍ശനം. ആസ്ഥാനമണ്ഡപത്തിന്റെ മുന്നിലെ പന്തലില്‍ വലിയ കാണിക്ക സമയത്ത് സര്‍വ്വാഭരണ വിഭൂഷിതനായി എഴുന്നള്ളുന്ന ഭഗവാന് അകമ്പടി സേവിക്കാന്‍ ഏഴരപ്പൊന്നാനകള്‍ അണിനിരക്കും. മണ്ഡപത്തില്‍ പ്രത്യേകം ക്രമീകരിച്ച പീഠത്തില്‍ മഹാദേവന്റ തിടമ്പിന് ഇരുവശവുമായാണ് പൊന്നാനകളെ അണിനിരത്തുന്നത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയും മുന്നിലായി പീഠത്തില്‍ അരപ്പൊന്നാനയെയും സ്ഥാപിക്കും. രാത്രി 11.30ന് ശ്രീകോവിലില്‍ നിന്ന് മഹാദേവനെ ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഏഴരപ്പൊന്നാന ദര്‍ശനത്തിന് ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് മണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ച ചെമ്പില്‍ കഴകക്കാര്‍ പൊന്നിന്‍കുടം വയ്ക്കും. പണ്ടാര പ്രതിനിധിയും ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ഭക്തരും കാണിക്കയര്‍പ്പിച്ച് ദേവനെ വണങ്ങും. വരിക്കപ്ലാവിന്റെ തടിയില്‍ ആനയുടെ വിഗ്രഹം കൊത്തിയെടുത്ത് സ്വര്‍ണ്ണപ്പാളികള്‍ തറച്ചാണ് പൊന്നാനയെ നിര്‍മിച്ചിരിക്കുന്നത്. വലിയ ആനയ്ക്ക് പത്തു കിലോ സ്വര്‍ണ്ണവും അരപ്പൊന്നാനക്ക് അഞ്ചു കിലോ സ്വര്‍ണ്ണവുമാണുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവാണ് പൊന്നാനകളെ നടയ്ക്ക് വച്ചത്. അഷ്ട ദിക്പാലകരെയാണ് എട്ട് ഗജങ്ങളായി സങ്കല്‍പ്പിച്ചിരിക്കുന്നത്. അതില്‍ വാമനന്‍ ചെറുതായതിനാല്‍ അര പൊന്നാന ആയതെന്നാണ് ഐതിഹ്യം. ഈ അര പൊന്നാനയുടെ പുറത്താണ് ഭഗവാന്‍ ആസ്ഥാന മണ്ഡപത്തില്‍ ഇരിക്കുന്നത്. ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡരീകന്‍, കുമുദന്‍, അഞ്ജനന്‍, പുഷ്പദന്തന്‍, സുപ്രദീകന്‍, സാര്‍വദൗമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.