ബജറ്റ് പിന്നാക്കക്ഷേമ വികസനം അട്ടിമറിക്കും: പുഞ്ചക്കരി സുരേന്ദ്രന്‍

Thursday 15 June 2017 5:20 am IST

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പിന്നാക്ക ഹിന്ദുസമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ പാടെ അവഗണിച്ചെന്ന് പിന്നാക്ക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര വിഹിതമടക്കം 130 കോടിരൂപയാണ് എല്ലാ പിന്നാക്കവിഭാഗങ്ങളുടെയും ക്ഷേമപ്രവര്‍ത്തനത്തിന് നീക്കി വച്ചിട്ടുള്ളത് ഇതില്‍ വെറും 14 കോടിരൂപ മാത്രമാണ് പിന്നാക്ക സമുദായ കോര്‍പ്പറേഷന് നല്‍കുന്നത്. ഈ തുച്ഛമായ തുക കൊണ്ട് പിന്നാക്ക സമുദായക്ഷേമവികസനം കുറ്റമറ്റതാക്കുന്നതിന് കഴിയില്ലെന്നു മാത്രമല്ല പിന്നാക്ക ക്ഷേമ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്നതിനേ ഉപകരിക്കുകയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത ചെറുകിട തൊഴിലാളികളില്‍ മണ്‍പാത്ര തൊഴിലാളികള്‍ക്ക് 5.72 കോടിരൂപ അനുവദിച്ചിരുന്നുവെങ്കില്‍ ഇത്തവണ വെറും 1.8കോടി രൂപയായി വെട്ടിക്കുറച്ചിരിക്കുന്നു. ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള തുകകളിലും വര്‍ദ്ധനവില്ല. എണ്ണയാട്ടല്‍, വിശ്വകര്‍മ്മ, നെയ്ത്, മത്സ്യബന്ധനം എന്നീ മേഖലകളില്‍ പണിയെടുക്കുന്ന പിന്നാക്ക ജാതിക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതിനും സഹായകരമായ പദ്ധതികളോ അതിനുവേണ്ടതായ തുകകളോ ബജറ്റില്‍ വകയിരുത്തിയിട്ടില്ല . വിവിധ സാമുദായിക സംഘടനകളുടെ പിന്തുണയോടെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പുഞ്ചക്കരി സുരേന്ദ്രന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.