വിനോദയാത്രക്ക് പോയ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് വീരാജ്‌പേട്ട ചുരത്തില്‍ തലകീഴായി മറിഞ്ഞ് 36 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 44 പേര്‍ക്ക് പരിക്ക്

Saturday 4 March 2017 10:32 pm IST

ഇരിട്ടി: ഇരിട്ടിക്കടുത്ത് ഉളിയില്‍ നിന്നും കര്‍ണ്ണാടകത്തിലെ കുശാല്‍ നഗറിലേക്ക് വിനോദയാത്രക്ക് പോയ സ്‌ക്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് വീരാജ്‌പേട്ട ചുരം റോഡില്‍ തലകീഴായി മറിഞ്ഞ് 36 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 44പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഇരിട്ടി വീരാജ്‌പേട്ട, കണ്ണൂര്‍ ആസ്പത്രികളായി പ്രവേശിപ്പിച്ചു. ഉളിയില്‍ മജ്‌ലീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്‌ക്കൂളില്‍ നിന്നും 200ഓളം വിദ്യാര്‍ത്ഥികളുമായി ശനിയാഴ്ച്ച രാവിലെയാണ് മൂന്ന് ടൂറിസ്‌ററ് ബസ്സുകള്‍ കുശാല്‍ നഗറിലേക്ക് യാത്ര പുറപ്പെട്ടത്. മാക്കൂട്ടം ചുരം കയറിയതിന് ശേഷം പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഇതേസ്‌ക്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച മറ്റൊരു ടൂറിസ്റ്റ് ബസ്സ് മറികടന്നു കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് ബസ്സില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി 60തോളം പേര്‍ ഉണ്ടായിരുന്നു. മൂന്ന് ബസ്സുകളും ഒരേ കമ്പനിയുടെതായിരുന്നു. മുന്നിലെത്താന്‍ ഡ്രൈവര്‍മാര്‍ കാണിച്ച അമിതാവേശവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. ബസ്സിന്റെ ഒരുവശത്തെ ടയറുകള്‍ മുഴുവന്‍ മേലോട്ട് പൊങ്ങിയ നിലയിലാണ്. ചെരിഞ്ഞുവീണ ബസ്സില്‍ നിന്നും കുട്ടികളാരും പുറത്തേക്ക് തെറിച്ചുപോകാഞ്ഞത് അപകടത്തിന്റെ ഭീകരത കുറച്ചു. ബസ്സിനുള്ളില്‍ അകപ്പെട്ട കുട്ടികളെ ബസ്സിന്റെ മുന്നിലേയും പിന്നിലേയും ഗ്ലാസ്സുകള്‍ പൊളിച്ചാണ് പുറത്തെത്തിച്ചത്. എല്ലാവര്‍ക്കും കൈക്കും കാലിനും തലയ്ക്കുമാണ് പരിക്ക്. അപകടം നടന്നസ്ഥലത്ത് നെറ്റ്‌വര്‍ക്ക് സംവിധാനം ഇല്ലാഞ്ഞതിനാല്‍ എന്താണ് സംഭവിച്ചതെന്നറിയാതെ നാട്ടിലുള്ളവര്‍ മണിക്കൂറുകളോളം ആശങ്കയിലായിരുന്നു. ഇരിട്ടിയിലെ ആശുത്രിയിലേക്ക് കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും പ്രവഹിച്ചു. പരിക്കേറ്റവരെയെല്ലാം ആദ്യം വീരാജ്‌പേട്ട താലൂക്ക് ആസ്പത്രിയിലേക്കും ഇരിട്ടി അമല ആസ്പത്രിയിലേക്കും മാറ്റി. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളായ റജുല(13), റിഫ(12), ഷഹര്‍ബാന(12), എം.കെ നസ്ല(15),അധ്യാപിക റഹീന (32) എന്നിവരെ കണ്ണൂര്‍ എ.കെ.ജി അസ്പത്രിയിലേക്കുമാറ്റി. പരിക്കേറ്റ ഫാത്തിമ(15), ജാസ്മിന്‍(15), സറീന(15), വിസ്മയ(12), സഹാന(15), ഫാത്തിമ(14), അലിഷ(15), നസീന(13), റിസ്വാന(14), ആയിഷ(14),നിഹാല(15), ഷെറിന്‍(13), ശ്രീലക്ഷ്മി(12), നിഹാന(14), ഫിദ(15), സഫീല(14), ഫര്‍ഗാന(15), ഹസീല(13), ജഹാന(14), ഫാത്തിമ(15),റിസ(15), റഫ്‌ന(14)ഫിത(14) ബസ്സ് ഡ്രൈവര്‍ അബ്ദുള്‍ കരീം (30), ഖാലിദ്(30), അനുഷ(24), ഗീത (45), ലീല(42), റുബീന(23), അനുശ്രീ(24), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് വീരാജ്‌പേട്ട താലൂക്ക് ആസ്പത്രിയിലും ഇരിട്ടി അമല ആസ്പത്രിയിലും വെച്ച് ചികിത്സ നല്‍കി. വിനോദയാത്ര റദ്ദാക്കി മറ്റ് വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നാട്ടിലെത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.