ചക്ക മഹോത്സവത്തിന് ഇന്ന് സമാപനം

Saturday 4 March 2017 10:30 pm IST

കോട്ടയം: ചക്കമഹോത്സവത്തെ പള്ളിക്കത്തോട്ടിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റി. തെങ്ങിനൊക്കുന്ന കല്പവൃക്ഷമാണ് പ്ലാവെന്നത് വെറുംവാക്കല്ലെന്ന് തെളിയിക്കുന്നതായി ഇവിടെ നടന്നുവരുന്ന മേള. നഗരങ്ങളില്‍ മാത്രം കണ്ടുവരാറുള്ള ഇത്തരം പരിപാടി ഗ്രാമീണമേഖലയിലേക്ക് എത്തിക്കുന്നതില്‍ മുന്‍കൈ എടുത്ത അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി, കാര്‍ഷികരംഗം ഡോട്ട് കോം, സേവാഭാരതി എന്നിവയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്. ചക്കകൊണ്ടുള്ള വിഭവങ്ങളാല്‍ സമൃദ്ധമാണ് മേള നഗര്‍. മുട്ടം വരിക്കയും, സിലോണ്‍ വരിക്കയും, ചെമ്പരത്തി വരിക്കയും, തേന്‍വരിക്കയുമായി ഇനങ്ങള്‍ ധാരാളം. ചക്കയിലെ ഔഷധപ്രിയമേറിയ രുദ്രക്ഷചക്കയും മേളയിലിടം പിടിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ ചൂടേറിയ ചക്കവിഭവങ്ങളുടെ രുചി നാവിന്‍തുമ്പില്‍ ലഭ്യമാക്കുന്ന ഫുഡ് കോര്‍ട്ടും ചക്കമഹോത്സവത്തില്‍ റെഡി. ഇന്നലെ നാടന്‍ പഴങ്ങളുടെ സംസ്‌കരണത്തെക്കുറിച്ച് ലൈല മണ്ണില്‍ ക്ലാസെടുത്തു. നാടന്‍ പശുക്കളുടെ പ്രധാന്യവും പരിചരണവും എന്ന വിഷയത്തില്‍ നടന്ന പഠനക്ലാസ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കേരള ഗോ സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തി. വൈകിട്ട് നടന്ന ചടങ്ങില്‍ ഹരിത ക്ലബ്ബിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ 10ന് ചക്ക ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, വൈകിട്ട് 6ന് ചക്കവെട്ടി ചുളയെടുക്കല്‍, ചക്കക്കുരു ചുരണ്ടല്‍ എന്നീയിനങ്ങളില്‍ മത്സരം നടക്കും. 6.30ന് നടക്കുന്ന സമാപന സമ്മേളനം ഡോ. എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. ആനിക്കാട് ജലസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. വൈകിട്ട് 7ന് ഗോത്ര കലാസന്ധ്യ നടക്കും. രാത്രി 9മണിയോടെ മഹോത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.