പ്രധാനമന്ത്രി ഇസ്രയേലിലേക്ക്

Thursday 15 June 2017 1:52 am IST

ന്യൂദല്‍ഹി: ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന ചരിത്രം കുറിക്കാനൊരുങ്ങുന്ന നരേന്ദ്രമോദി പതിവു ചിട്ടവട്ടങ്ങളും തെറ്റിക്കുന്നു. ഇസ്രയേല്‍ മാത്രം സന്ദര്‍ശിക്കാന്‍ മോദി തീരുമാനിച്ചത് ഇന്ത്യയുടെ പശ്ചിമേഷ്യന്‍ നയത്തില്‍ കാതലായ മാറ്റം വരുന്നതിന്റെ ഭാഗമാണെന്ന് നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്ന ഇന്ത്യയുടെ ഭരണാധികാരകളെല്ലാം പലസ്തീനിലും പോകാറുണ്ട് എന്ന പതിവാണ് മോദി തിരുത്തുന്നത്. അടുത്ത ജൂലൈയില്‍ ഇസ്രയേലിലേക്കു പോകുന്ന മോദി തന്റെ സന്ദര്‍ശന പരിപാടിയില്‍ പലസ്തീനിനെ ഒഴിവാക്കി എന്നത് ഉറപ്പായിക്കഴിഞ്ഞു. ഇതെക്കുറിച്ച് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നെങ്കിലും പശ്ചിമേഷ്യന്‍ ബന്ധത്തിലെ പതിവു സന്തുലിതാവസ്ഥ തെറ്റിക്കാതിരിക്കാന്‍ പലസ്തീന്‍ സന്ദര്‍ശനം ഒഴിവാക്കില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല എന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. ജൂലൈ രണ്ടാം വാരത്തില്‍ ഹാംബര്‍ഗിലെ ജി20 ഉച്ചകോടി കഴിഞ്ഞു മടങ്ങുമ്പോഴാണ് മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമാണ് ഈ വര്‍ഷം. മോദിയുടെ സന്ദര്‍ശനം ഇതു വരെയുള്ള ബന്ധത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കും എന്നാണ് കരുതുന്നത്. എന്നാല്‍ മോദിയുടെ സന്ദര്‍ശനം പലസ്തീനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴിക്കരുതെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. മോദിയുടെ യാത്രയ്ക്കു മുമ്പ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ സാധ്യതയുണ്ട്. മോദി ഇസ്രയേല്‍ മാത്രം സന്ദര്‍ശിക്കുന്നു എന്നത് ഒരു പ്രശ്‌നമായി ഉന്നയിക്കാന്‍ പലസ്തീന്‍ ഉദ്ദേശിക്കുന്നുമില്ല. മോദി ഈ യാത്രയില്‍ പലസ്തീനില്‍ എത്തുന്നില്ല. ഞങ്ങളുടെ പ്രസിഡന്റ് ഈ വര്‍ഷം ഇങ്ങോട്ടു വരുന്നുണ്ടല്ലോ, എന്നാണ് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അദ്‌നാന്‍ അബു അല്‍ഹൈജ ഇതെക്കുറിച്ച് പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.