ഓര്‍മ നൊമ്പരത്തിന് ഒരു വയസ്

Wednesday 14 June 2017 9:38 pm IST

മലയാളി പ്രേക്ഷകന്റെ നൊമ്പര കനപ്പും ഇനിയും തെളിയാത്തൊരു മരണത്തിന്റെ ദുരൂഹതയും ബാക്കിയാക്കി കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്ക് ഒരു വയസ്. അത്രയ്ക്കുമേല്‍ മനസില്‍ കയറി ഇരിക്കുന്നതും ഇന്നും മണിയുടെ സിനിമ കാണുന്നതും കൊണ്ടാവണം അദ്ദേഹം മരിച്ചെന്നു പെട്ടെന്നൊരു നിമിഷം നമ്മള്‍ മറന്നുപോകുന്നത്. ദക്ഷിണേന്ത്യ മുഴുവനും കരഞ്ഞ മണിയുടെ വേര്‍പാട് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നു തീരുന്നതല്ല. സിനിമയില്‍ അത്രയ്‌ക്കൊന്നും ചേരാത്തൊരു പേരാണ് ജനകീയന്‍. അസത്യങ്ങളെ സത്യം എന്നതുപോലെ അവതരിപ്പിക്കുന്ന സിനിമയ്ക്കു പക്ഷേ, പൊതു സമൂഹത്തിലെ സാധാരണ മനുഷ്യന്റെ പ്രാതിനിധ്യങ്ങളെ അവതരിപ്പിച്ചും സ്വന്തം ദേശത്തെ ആള്‍ക്കൂട്ടത്തില്‍ തനിയെ ആകാതെ അവരിലൊരാളായും മാറി കലാഭവന്‍ മണി സിനിമയിലും ജീവിതത്തിലും ഒരുമിച്ച് ജനകീയനാവുകയായിരുന്നു. പ്രേക്ഷകന് താനോ തനിക്കു പരിചിതരോ എന്നു സാദൃശ്യം തോന്നുന്ന കഥാപാത്രങ്ങളെയാണ് മണി സിനിമയില്‍ അവതരിപ്പിച്ചിരുന്നത്. സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായിരുന്നു. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും വ്യാപരിക്കാനാവാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ പേരായിരുന്നു കലാഭവന്‍ മണി എന്നത്. സിനിമയില്‍ ചേക്കേറിയാല്‍ നക്ഷത്രമായി മാറാന്‍ വിധിക്കപ്പെട്ടവര്‍ക്കിടയില്‍ സ്വന്തം മണ്ണിലേക്കു മാത്രം ഇറങ്ങി നിന്ന നടനായിരുന്നു മണി. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ ജനംഅവസാനിക്കാത്ത കടല്‍ത്തിരപോലെ വന്ന് കരഞ്ഞു കരഞ്ഞ് മറ്റൊരു സാഗരം തീര്‍ത്തത്. മിമിക്രി തിളക്കത്തോടെ സിനിമയിലേക്കു മണി വന്നതും ഒരര്‍ഥത്തില്‍ സ്വന്തം വേഷത്തിലായിരുന്നു. ഓട്ടോ റിക്ഷ ഓടിച്ചിരുന്ന മണി അക്ഷരം എന്ന സിനിമയില്‍ ഓട്ടോ ഡ്രൈവറായാണ് മുഖം കാട്ടിയത്. മിമിക്രിയുടെ പൊലിമയില്‍ ആദ്യം കിട്ടിയ വേഷങ്ങളധികവും നര്‍മ്മ പ്രധാനമായിരുന്നു. അങ്ങനെ മണിക്ക് ഹാസ്യനടനെന്ന പേരുവീണു. പിന്നീട് എല്ലാത്തരം വേഷങ്ങളും വന്നു ചേര്‍ന്നു. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ അന്ധന്റെ വേഷത്തില്‍ സ്വഭാവ നടന്റെ പരിവേഷവും വന്നു ചേര്‍ന്നു. തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പടെ ഇരുനൂറോളം സിനിമ ചെയ്തു. ഉശിരന്‍ വല്ലനായിട്ടാണ് ഇതര ഭാഷാ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടത്. കുറെക്കാലം തമിവിലെ പ്രധാന വില്ലന്‍ മണിയായിരുന്നു. നര്‍മ്മത്തിന്റെ തനതായ രസ ധ്വനികളായിരുന്നു മണിയുടെ നര്‍മത്തിന്. സ്വയം തീര്‍ത്തൊരു ഏങ്കോണിപ്പുള്ള ഹാസ്യമായിരുന്നു അത്. ശബ്ദത്തിലെ ആരോഹണാവരോഹണംകൊണ്ടും കണ്ണും മൂക്കും ചുണ്ടും പ്രത്യേക തരത്തില്‍ നീട്ടിയും കുറുക്കിയും അദ്ദേഹം തന്റെ നര്‍മ്മ വേഷങ്ങള്‍ക്കു താദാല്‍മ്യം നല്‍കി. നാടന്‍ പാട്ടും നാടന്‍ ജീവിതവുമായി തനതായി ജീവിച്ചൊരു പച്ച മനുഷ്യന്‍. ഔപചാരിക ഡിഗ്രികളൊന്നുമില്ലാതിരുന്ന ഈ മനുഷ്യന്‍ വൈവിധ്യങ്ങളുള്ള നാട്ടു ജീവിതാനുഭവങ്ങളില്‍ അനൗപചാരികതയുടെ മാസ്റ്റര്‍ ബിരുദങ്ങള്‍ അനവധി നേടിയിട്ടുണ്ട്. നാടന്‍ പാട്ടുകളുടെ ആശാനായിരുന്ന മണി നിരവധി ചിത്രങ്ങളില്‍ ഇത്തരം പാട്ടുകള്‍ പാടിയിട്ടുണ്ട്. ആധുനിക ജീവിതത്തിന്റെ വേഗതയേറിയ നിലയില്ലായ്മയില്‍ മുങ്ങി അവശയായ നാടന്‍ പാട്ടുകളുടെ പുനര്‍ജന്മ സ്രോതസന്വേഷിക്കുന്ന നാളത്തെ ഗവേഷകര്‍ ഒരു പക്ഷേ വന്നെത്തുന്നത് ചാലക്കുടിയിലും ചാലക്കുടിക്കാരന്‍ എന്ന മണിയിലുമാകാം. നാളുകള്‍ക്കു ശേഷം മലയാളി നാടന്‍ പാട്ടുകേട്ടുണര്‍ന്നത് മണിയുടെ വായ്ത്താരിയിലൂടെയാണ്. മണി പാടിയ നാടന്‍ പാട്ടുകള്‍ വര്‍ഷങ്ങളോളം കാസറ്റുകളിലായി മലയാളികള്‍ ഉള്ളിടത്തെല്ലാം കേട്ടിട്ടുണ്ടാകും. സ്വദേശമായ ചാലക്കുടിമുഴുവനും മണിയുടെ കളിത്തട്ടായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും അമ്പലം പള്ളി സ്‌ക്കൂള്‍ അങ്കണങ്ങള്‍ മുഴുവനും ആ കളിയും പാട്ടും അറിഞ്ഞു. മണി അകമഴിഞ്ഞു സഹായിച്ചതിന്റെ പങ്കു പറ്റിയത് ആയിരങ്ങള്‍. ജനകീയനായ ഈ താരത്തിന്റെ ജീവിതം ഇത്ര സുതാര്യമായിട്ടുമെന്തേ ആ മരണം ഇത്ര ദുരൂഹമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.