ഭാരത സംസ്കാരവുമായി കശ്മീരിനുള്ള ബന്ധം

Wednesday 14 June 2017 11:30 pm IST

ഭാരത സംസ്‌കാരവുമായി ജമ്മു-കശ്മീരിന് അഭേദ്യമായ ബന്ധമുണ്ട്. ഇന്നറിയുന്ന കശ്മീരില്‍നിന്ന് വേറിട്ട, അവിടെ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞുനിന്നിരുന്ന കാലമുണ്ടായിരുന്നു. കശ്മിര്‍ ജനതയ്ക്ക് ഇന്‍ഡസ്‌വാലി സംസ്‌കാരവുമായും ബന്ധമുണ്ടെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ശ്രീനഗറിലെ ബുര്‍സഹോം, തെക്കലകോട്ടൊ, നാഗാര്‍ജ്ജുന, പിക്ലിഹല്‍ എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കശ്മീരിലെ ജനങ്ങള്‍ ഇന്‍ഡസ്‌വാലി സംസ്‌കാരത്തിന്റെ തുടര്‍ച്ചക്കാരായി കണക്കാക്കുന്നു. വേദവ്യാസന്‍ മഹാഭാരതത്തില്‍ പറയുന്നതുപോലെ, പാണ്ഡവ കൗരവയുദ്ധം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കൗരവസഭയിലേക്ക് യാത്രയായി. ധൃതരാഷ്ട്രര്‍ കൃഷ്ണന് സമ്മാനമായി നല്‍കിയത് പതിനായിരം കശ്മീരി വസ്ത്രങ്ങളായിരുന്നുവത്രെ. നാഗലോകത്തെപ്പറ്റി ഹൈന്ദവ പുരാണങ്ങളിലും, ഇതിഹാസങ്ങളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഈ നാഗലോകം കശ്മീര്‍ ആയിരുന്നുവത്രെ. സ്വര്‍ഗ്ഗം, ഭൂമി, പാതാളം എന്നീ മൂന്നുലോകങ്ങളില്‍ പാതാളത്തിലാണ് നാഗലോകം. നാഗരാജാക്കന്മാര്‍ നാഗകന്യകളോടൊത്ത് അവിടെ താമസിച്ചിരുന്നു. 'കശ്യപമഹര്‍ഷി' നാഗരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കശ്മീരിനെ വീണ്ടെടുത്തു എന്ന് ഐതിഹ്യങ്ങളില്‍ പറയുന്നു. അതുകൊണ്ട് ഈ സ്ഥലം 'കശ്യപ്മീര്‍' എന്ന നാമത്താല്‍ അറിയപ്പെട്ടു. 'കശ്യപ്മീര്‍' ലോപിച്ച് കശ്മീര്‍ ആയി. 'അനന്തനാഗ്', 'കൊക്കര്‍ നാഗ്', 'വെറിനാഗ്', 'നീല്‍ നാഗ്', 'വീച്ചാര് നാഗ്' എന്നിങ്ങനെ 'നാഗില്‍' അവസാനിക്കുന്ന ധാരാളം സ്ഥലപ്പേരുകള്‍ കശ്മീരിലുണ്ട്. അവയൊക്കെ നാഗരാജാക്കന്മാരുടെ അധീനതയിലുള്ള പ്രദേശങ്ങളായിരുന്നുവത്രെ. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങളില്‍ കശ്മീര്‍ വലിയ ജലാശയമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ വനിതകളുടെ അഭൗമസൗന്ദര്യവും, ജലത്തിലെ നൗകകളില്‍ വീടുണ്ടാക്കി താമസിക്കുവാനുള്ള അവരുടെ ജന്മവാസനയും ചേര്‍ത്തുവായിക്കുമ്പോള്‍ ഇവര്‍ പണ്ടത്തെ നാഗകന്യകമാരുടെ പിന്മുറക്കാര്‍ അല്ലേ എന്ന് വിചാരിക്കുന്നതില്‍ അതിശയോക്തിയില്ല. സരസ്വതി നദി ഒരു ചരിത്ര സത്യം ''എല്ലാ നദികളുടെയും മാതാവ്'' എന്ന് സരസ്വതി നദിയെ ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ നദി- ജമ്മു-കശ്മീരിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ഒഴുകിയിരുന്നുവത്രെ. മഹാഭാരതത്തിലും സരസ്വതി നദിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. 'സരസ്വതി' എന്നാല്‍ എല്ലായിടത്തും വ്യാപിക്കുന്നവള്‍ എന്നാണ് അര്‍ത്ഥം. സരസ്വതിയെ പുണ്യനദിയായി വിശ്വസിച്ച് പൂജിക്കുന്നവരുണ്ട്. 1500 മുതല്‍ 5000 വര്‍ഷം വരെ ഈ നദിക്ക് കാലപ്പഴക്കം പറയുന്നു. ''ദ ലോസ്റ്റ് റിവര്‍: ഓണ്‍ ദ ട്രയല്‍ ഓഫ് സരസ്വതി'' എന്ന പുസ്തകത്തില്‍ ''മിഷേ ഡാനിനോ'' സരസ്വതി നദിയുടെ പ്രവാഹവും പ്രത്യേകതകളും വിലയിരുത്തുന്നുണ്ട്. അടിസ്ഥാനപരമായി ശാസ്ത്രീയ വിലയിരുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍, കാര്‍ബണ്‍ ഡേറ്റിങ്ങ്, ഭൂനിരീക്ഷണം എന്നിവയിലൂടെ സരസ്വതി നദിയുടെ വിവിധ തെളിവുകള്‍ നിരത്തുന്നുണ്ട്. നദികളെ നമസ്‌കരിക്കുന്ന സംസ്‌കാരം ഭാരതത്തില്‍ ആദികാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. നദീ നമസ്‌കാര സ്തുതിയില്‍ സരസ്വതി നദിയെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്. ''ഗംഗേ, യമുനേ ചൈവ ഗോദാവരി, സരസ്വതി നര്‍മ്മദാ, സിന്ധു, കാവേരി തീര്‍ത്ഥേസ്മിന്‍ സന്നിധംകുരു:'' വരണ്ടുപോയ 'ഖഗ്ഗാര്‍-ഹക്ര' നദിയാണ് സരസ്വതി എന്നും വിലയിരുത്തപ്പെടുന്നു. ഹാരപ്പന്‍ കാലത്തെ സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ വിലയിരുത്തുന്നതും ഈ നദിയെ ആധാരമാക്കിയാണ്. ഹാരപ്പന്‍ സംസ്‌കാര കാലത്ത് സരസ്വതി നദിയുടെ തീരത്ത് ചെറുതും വലുതുമായ 1700 നഗരങ്ങളുണ്ടായിരുന്നു. 100 ഹെക്ടറിലധികം വലിപ്പമുള്ളവയായിരുന്നു അവയില്‍ പലതും. 5500 വര്‍ഷങ്ങളോളം അവ നിലനിന്നു. എഎസ്‌ഐ പല സ്ഥലങ്ങളിലും സരസ്വതി നദിയെ കണ്ടെത്താനുള്ള പര്യവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നൂറ്റിയമ്പതടി ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ പ്രൊഫ. കെ. എസ്. വാല്‍ദിയയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി നദിയെപ്പറ്റിയുള്ള സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. ഹിമാലയത്തില്‍ നിന്നാരംഭിക്കുന്ന നദി ഹരിയാന, രാജസ്ഥാന്‍, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. 4000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദി ആയിരുന്നുവത്രെ സരസ്വതി. നദി ഒഴുകിയിരുന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും 30 അടിയിലേറെ ഉയരത്തില്‍ മണല്‍ത്തിട്ടകള്‍ ഇപ്പോഴുമുണ്ട്. നദിക്ക് അഞ്ച് കിലോമീറ്റര്‍ വരെ വീതിയുണ്ടായിരുന്നു. എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിന്റെ സാഹിത്യ സാംസ്‌കാരിക പൈതൃകം കശ്മീരിലെ ''അനന്തരാജാ''വിന്റെ സദസ്യനായി പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച കവിയും, നാടകകൃത്തും, ആലങ്കാരികനുമായിരുന്ന ''ക്ഷേമേന്ദ്ര വ്യാസദാസ''നാണ് ''കവികണ്ഠാഭരണ''ത്തിന്റെ കര്‍ത്താവ്. ''കവിശിക്ഷ'' എന്ന സാഹിത്യശാസ്ത്ര ശാഖയിലെ ഒരു പ്രധാന കൃതിയാണ് ''കവികണ്ഠാഭരണം.'' കവി ശിക്ഷയെന്നാല്‍ കവി ആകുവാന്‍ ഇച്ഛിക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷണമാണ്. അന്തരാത്മാവിന്റെ നിലീനവാസനയായ സാഹിത്യരചന വൈഭവത്തെ സ്വന്തം പരിശ്രമത്തിലൂടെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന് ഉപദേശിക്കുന്ന ഇത്തരം കൃതികള്‍ കവികളുടെ ആചാര്യസുഹൃത്തുക്കളാകുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കശ്മീര്‍ ഭരിച്ചിരുന്ന അനന്ത രാജാവിന് അടിസ്ഥാന കവി സദസ്സ് ലഭിച്ചിരുന്നു എന്നത് കശ്മീരിന്റെ സാംസ്‌കാരിക സാഹിത്യപൈതൃകങ്ങളെ വിളിച്ചോതുന്നു. സാധാരണക്കാരെ കവികളായി വളര്‍ത്തിയെടുക്കുന്ന ഒരു ശിക്ഷണ പദ്ധതി രാജസദസ്സില്‍ നടന്നിരുന്നു. സാഹിത്യ രചനകളെ പതിനൊന്നാം നൂറ്റാണ്ടില്‍ത്തന്നെ കശ്മീരില്‍ മുക്തകണ്ഠം പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന് തെളിവാണത്. (കശ്മീര്‍ ഭാരതത്തിന് സ്വന്തം എന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തില്‍നിന്ന്: 9349394799)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.