എബിവിപിയും എസ്എഫ്‌ഐയും യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്: മന്ത്രി ബാലന്‍

Wednesday 14 June 2017 10:54 pm IST

തിരുവനന്തപുരത്ത് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുടെ ആറ് പുസ്തകങ്ങളുടെ പ്രകാശനത്തിനു ശേഷം പുസ്തകങ്ങളുമായി കെ.രാമന്‍പിള്ള, മന്ത്രി എ.കെ. ബാലന്‍, ചെറിയാന്‍ ഫിലിപ്പ്, കെ.മുരളീധരന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍, എം.എസ്.കുമാര്‍, അഡ്വ. എസ്.സുരേഷ് എന്നിവര്‍

തിരുവനന്തപുരം: അടിയന്തരാവസ്ഥകാലത്ത് എബിവിപിയും എസ്എഫ്‌ഐയും പല സ്ഥലങ്ങളിലും യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിയമന്ത്രി എ.കെ. ബാലന്‍. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ ആറുപുസ്തകങ്ങളുടെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അടിയന്തിരാവസ്ഥകാലത്ത് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയും എബിവിപിയും സംയുക്തമായാണ് മത്സരിച്ചത്. അതില്‍ ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്. ശ്രീധരന്‍പിള്ളയെന്നു മന്ത്രി ഓര്‍മ്മിച്ചു. തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യം രൂപപ്പെടുകയാണെങ്കില്‍ അതിനെപ്പറ്റി ആലോചിക്കും. ജഡ്ജി അനുസൃത നീതിക്കു പകരം നിയമാനുസൃത നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒ. രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ പുസ്തക പരിചയം നടത്തി. അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളായ ‘വധശിക്ഷ, അറിയേണ്ടതും അറിയിക്കേണ്ടതും’ മന്ത്രി എ.കെ. ബാലന്‍ കെ. രാമന്‍പിള്ളയ്ക്കും ‘അവിനാഭാവം’ കെ. മുരളീധരന്‍ എംഎല്‍എ ഡോ. പീയുഷ് നമ്പൂതിരിപ്പാടിനും ‘മര്‍മ്മരങ്ങള്‍’ ചെറിയാന്‍ ഫിലിപ്പ് ഡോ. എം.വി. തോമസിനും ‘നെറ്റില്‍ കുരുങ്ങിയ മലയാളി’ ഒ. രാജഗോപാല്‍ എംഎല്‍എ സി.സി. എബ്രഹാമിനും ‘ദേശീയതയും വിഘടന ശക്തികളും’ പി. നാരായണക്കുറുപ്പ് പ്രൊഫ. എം.എസ്. രമേശന്‍നായര്‍ക്കും ‘ബലൂച് മൊഹാജിര്‍ പ്രശ്‌നങ്ങളും പാക്കിസ്ഥാനും’ ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷിനും നല്‍കി പ്രകാശനം ചെയ്തു.

ലേഖന സമാഹാരം, കവിത, പഠനം, വിശകലനം തുടങ്ങിയ വിഭാഗങ്ങളിലെ ആറു പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്. എ. സുരാജ് സ്വാഗതം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.