വില കുറഞ്ഞിട്ടും ഗുണം ലഭിക്കാതെ മലയാളികള്‍

Wednesday 14 June 2017 10:18 pm IST

പീരുമേട് (ഇടുക്കി): കേരളത്തിലേക്ക് പ്രധാനമായും പലവ്യജ്ഞന സാധനങ്ങള്‍ എത്തിയിരുന്ന അന്യസംസ്ഥാനങ്ങളില്‍ മികച്ചവിളവ്. ഇവിടെ ഉല്‍പ്പാദിപ്പിച്ച സാധനങ്ങള്‍ കൂടി വന്‍തോതില്‍ തമിഴ്‌നാട്ടിലെ വിവിധ മാര്‍ക്കറ്റുകളില്‍ എത്തിയതോടെ വെളുത്തുള്ളി, പരിപ്പ്, വറ്റല്‍ മുളക്, വാളന്‍പുളി എന്നിവയുടെ വിലയില്‍ വന്‍ ഇടിവ്. തമിഴ്‌നാട്ടിലും കേരളത്തിലും കാലാവസ്ഥ ചതിച്ചെങ്കിലും മറ്റിടങ്ങളില്‍ ഇത് അനുകൂലമായതാണ് ഉല്‍പ്പാദനം കൂടാനും വിലകുറയാനും കാരണമായത്. വില കുറഞ്ഞിട്ടും കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ ഇത് വേണ്ട രീതിയില്‍ പ്രതിഫലിക്കുന്നില്ല. ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ചെന്നൈ മാര്‍ക്കറ്റിലേയ്ക്ക് വെളുത്തുള്ളി എത്തുന്നത്. ചെന്നൈയില്‍ നിന്നാണ് കേരളത്തിലേയ്ക്ക് പ്രധാനമായും പലവ്യജ്ഞന സാധനങ്ങള്‍ എത്തുന്നത്. ഇവിടുത്തെ വിലയെ ആശ്രയിച്ചാണ് കേരളത്തിലും വില നിശ്ചയിച്ചിരുന്നത്. ചെന്നൈ മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസംവരെ 160 രൂപയായിരുന്ന ഒന്നാന്തരം വെളുത്തുള്ളി 80 ആയും, 120 ആയിരുന്ന രണ്ടാംതരം 50 രൂപയായും കുറഞ്ഞു. വലുപ്പം കൂടിയ ഊട്ടി വെളുത്തുള്ളിയ്ക്ക് 220 രൂപയായിരുന്നത് 120 ആയും കുറഞ്ഞിട്ടുണ്ട്. 380 രൂപയായിരുന്ന ഒന്നാംതരം വറ്റല്‍ മുളക് 280 ആയും, 340 ആയിരുന്ന രണ്ടാംതരം 250 ആയും കുറഞ്ഞു. ആന്ധ്രയില്‍ നിന്നെത്തുന്ന നീളംകൂടി ചുരുണ്ട ഇനം വറ്റല്‍ മുളകിന് 150 ല്‍ നിന്നും 90 ആയും കുറഞ്ഞു. കര്‍ണ്ണാടകയില്‍ നിന്നുമാണ് പ്രധാനമായും വാളന്‍പുളി എത്തുന്നത്. ഒന്നാന്തരത്തിന് 160 ല്‍ നിന്നും 110 രൂപയായും രണ്ടാം തരത്തിന് 130-ല്‍ നിന്നും 90 രൂപയായും വിലകുറഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും പരിപ്പ് എത്തിയിരുന്നത്. തുവരപരിപ്പ് ഒന്നാന്തരത്തിന് 95 ല്‍ നിന്നും 75 രൂപയായും രണ്ടാം തരത്തിന് 85 ല്‍ നിന്നും 65 രൂപയായും കുറഞ്ഞു. നാടന്‍ തുവരപരിപ്പിന് 75 ല്‍ നിന്നും 55 രൂപയായും വിലകുറഞ്ഞിട്ടുണ്ട്. ഉഴുന്ന് പരിപ്പിന് 115 ല്‍ നിന്നും 95 രൂപയായും വിലകുറഞ്ഞു. മഴ മികച്ച് രീതിയില്‍ ലഭിച്ചതിനാല്‍ ഈ സംസ്ഥാനങ്ങളിലെ വിളവ് കൂടിയതാണ് വില കുറയാന്‍ മുഖ്യകാരണം. വരും ദിവസങ്ങളിലും വിലയില്‍ കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവോള, ഉള്ളി, കടല, വന്‍പയര്‍, ചെറുപയര്‍, കിഴങ്ങ് എന്നിവയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. തൊടുപുഴയിലെ മാര്‍ക്കറ്റുകളില്‍ വെളുത്തുള്ളി വില പാതിയായി കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് സാധനങ്ങള്‍ക്ക് കാര്യമായ വിലവ്യത്യാസം ഇല്ല. കടുത്ത വറുതിയിലും ഇത്തരത്തിലുള്ള തട്ടിപ്പ് മലയാളികളുടെ കീശ കാലിയാക്കുകയാണ്. തമിഴ്‌നാട്ടില്‍ മഴലഭിക്കാതായതോടെ മിക്കയിനം പച്ചക്കറികളും വിലകുതിച്ചുയരുന്ന സാഹചര്യത്തിലാണ് ചെറിയൊരു ആശ്വാസമാകുമായിരുന്നത് കൂടി അധികൃതരുടെ പിടിപ്പ് കേടുകൊണ്ട് നഷ്ടമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.