കളമശേരി: ‘എന്റെ കുളം എറണാകുളം’ പദ്ധതിയുടെ ഭാഗമായി കങ്ങരപ്പടി ചൂരക്കുളം വൃത്തിയാക്കി. അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍ക്ക് ഒപ്പം വിശ്വജോതി വാഴക്കുളം, എംഇഎസ് നോര്‍ത്ത് പറവൂര്‍, മാര്‍ ബസേലിയസ് കോതമംഗലം, എസ്എന്ജിഐടി എസ് പറവൂര്‍ എന്നീ കോളേജുകളിലെ എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ വോളണ്ടിയേഴ്സുമാണ് കുളം ശുചീകരിച്ചത്.
കളമശേരി നഗരസഭ 14-ാം വാര്‍ഡിലെ ചൂരക്കുളം ഏറെക്കാലമായി പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. വലകളും കുട്ടകളും ഉപയോഗിച്ച് കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളും മാറ്റി. കാടുപിടിച്ച് കിടന്ന പരിസരവും വൃത്തിയാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുളം ശുചീകരിച്ച് കഴിഞ്ഞത്. വാര്‍ഡ് കൗണ്‍സിലര്‍ മിനി സോംദാസ്, എന്‍എസ്എസ് എറണാകുളം കോ-ഓര്‍ഡിനേറ്റര്‍ ബ്ലസന്‍ പോള്‍ തുടങ്ങിയവരും ശുചീകരണത്തിന് നേതൃത്വം നല്കി. നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, കൗണ്‍സിലര്‍ മൈമൂനത്ത് അഷറഫ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: