സിപിഎം അധികാര രാഷ്ട്രീയത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി തലശ്ശേരി-കൂത്തുപറമ്പ് മേഖല

Monday 6 March 2017 1:55 am IST

പാനൂര്‍: അധികാര രാഷ്ട്രീയത്തിന്റെ ക്രൂരത മറക്കാനാവാതെ തലശേരി. 2008 മാര്‍ച്ച് 5, 6 തീയ്യതികളിലായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ മണ്ഡലമായ തലശേരിയിലും കൂത്തുപറമ്പ് മേഖലയിലുമായി സിപിഎം കണ്ണൂര്‍ജില്ലാ നേതൃത്വം ആസൂത്രിതമായി നടപ്പാക്കിയ നരഹത്യയില്‍ പൊലിഞ്ഞത് അഞ്ചു ജീവനുകളായിരുന്നു. മേഖലയെയാകെ ഭീതിയിലാക്കി സിപിഎം കലാപം അഴിച്ചുവിടുകയായിരുന്നു. തലശേരി ടൗണില്‍ വെച്ച് ആര്‍എസ്എസ് നഗര്‍ ശാരീരിക്ക് ശിക്ഷണ്‍പ്രമുഖായിരുന്ന എം.പി.സുമേഷിനെ വെട്ടിപ്പിളര്‍ന്നായിരുന്നു കലാപത്തിന് തിരികൊളുത്തപ്പെട്ടത്. സുമേഷിന്റെ ജീവനെടുക്കാന്‍ സാധിച്ചില്ല എന്ന വാര്‍ത്തയറിഞ്ഞ് തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച അന്നത്തെ തലശേരി ഏരിയാസെക്രട്ടറി ഇന്ന് മറ്റൊരു കൊലക്കേസില്‍ ജില്ലയില്‍ കാലുകുത്താന്‍ പറ്റാതെ കോടതിയുടെ നിരീക്ഷണത്തില്‍ അന്യജില്ലയില്‍ കഴിയുകയാണ്. എം.പി.സുമേഷിനെ അക്രമിച്ച ശേഷം പല പ്രദേശങ്ങളിലായി തമ്പടിച്ച സിപിഎം നരഭോജികള്‍ വ്യാപക അക്രമം അഴിച്ചു വിട്ടു. തലശ്ശേരിയിലെ നിഖില്‍ എന്ന പതിനെട്ടുകാരനെ വെട്ടിക്കൊന്നു. കൂത്തുപറമ്പിലെ സത്യനെ ജോലി സ്ഥലത്ത് നിന്നും പിടിച്ചിറക്കി കൊണ്ടുപോയി തല അറുത്തെടുത്ത് മാറ്റി. ചിറ്റാരിപറമ്പിലെ മഹേഷിനെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വിളിച്ചിറക്കി കൊണ്ടുപോയി റോഡരികള്‍ കൊന്നു തളളി. ഇതിനു പുറമെ കതിരൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പിളര്‍ന്നു. സിപിഎം സംഘത്തിന്റെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന നായനാര്‍ റോഡിലെ ബിജുവിനെ വീണ്ടും അക്രമികള്‍ വെട്ടി. തടയാന്‍ ചെന്ന മാതാവിനും വെട്ടേറ്റു. ബിജുവിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ഇയാളെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാര്‍ പോലും സിപിഎം ക്രൂരതയില്‍ അതിശയപ്പെട്ടിരുന്നു. ചികിത്സ കഴിഞ്ഞ് തുന്നിക്കെട്ടിയ യുവാവിനെ വീണ്ടും കൊല്ലാനായി വന്ന ക്രൂരത മനസാക്ഷി മരവിച്ചവര്‍ക്കു മാത്രമെ സാധിക്കുകയുളളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്റെ പോലീസ് അക്രമികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തിരുന്നു അന്ന്. ബിജുവിനെ വെട്ടാന്‍ വന്നതിലും ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖായ അഡ്വ:ജയപ്രകാശിന്റെ വളര്‍ത്തു നായയുടെ തലയറുത്ത് കൊന്നതിലും ശിക്ഷാത്തടവുകരായി പരോളില്‍ ഇറങ്ങിയ പൊന്ന്യത്തെ സൂരജുമുണ്ടായിരുന്നു. ജയിലില്‍ നിന്നുപോലും പ്രവര്‍ത്തകരെ ഇറക്കിയായിരുന്നു അക്രമം. 6ന് ഉച്ചയോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇല്ലത്തുതാഴെയുളള സുരേഷ്ബാബുവിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊന്നു. സമീപത്തെ വധ്യവയോധികനും രോഗിയുമായിരുന്ന സുരേന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് കിടന്ന കട്ടിലില്‍ വെച്ചു തന്നെ വെട്ടിക്കൊന്നു. ക്രൂരതയുടെ സകലസീമകളും കടന്ന് സിപിഎം നടത്തിയ അരുംകൊലയുടെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഇന്നും പല കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നതാണ്. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ പിടിക്കപ്പെട്ട പ്രതികളില്‍ ചിലര്‍ എം.പി.സുമേഷിനെ അക്രമിച്ച സംഘത്തിലും ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ പിന്നീട് പ്രതികളുമായി. സംഭവത്തില്‍ നടന്ന ഗൂഢാലോചന ടിപി.കേസിലെ പ്രതികള്‍ അന്വേഷണസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണം അന്നത്തെ ജില്ലാസെക്രട്ടറി പി.ശശിയിലും കാരായി രാജനിലും പോയിരുന്നെങ്കില്‍ ജില്ലയിലെ മിക്ക സിപിഎം നേതാക്കളും ഇന്ന് അഴിക്കുളളിലാകുമായിരുന്നു. പക്ഷേ ഭരണസ്വാധീനം ഉപയോഗിച്ച് എല്ലാം പഴുതടച്ച് നടത്തിയ തലശേരി കലാപത്തെ ഇരകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ? അന്ന് ഡല്‍ഹിയിലെ എകെജി സെന്ററിലേക്കും പാര്‍ലമെന്റിലും പ്രതിഷേധം എത്തിയതോടെ സമാധാനത്തിന്റെ സ്വരവുമായി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരിലെത്തുകയായിരുന്നു. ഇന്ന് ദേശീയതലത്തില്‍ സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ സമാധാന ഉടമ്പടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നപോലെ. ഭരണം ലഭിച്ചാല്‍ കശാപ്പുകാരുടെ വേഷമണിഞ്ഞ് സായുധസംഘങ്ങള്‍ കണ്ണൂരില്‍ വിഹരിക്കുക പതിവാണ്. പോലീസും കോടതിയും ഇവിടെ പാര്‍ട്ടിയാകുന്നു. ജില്ല കണ്ടതില്‍ ഏറ്റവും ഭീകരവും ആസൂത്രിതവുമായ തലശ്ശേരി കലാപത്തിലെ ഗൂഢാലോചന പുറത്തു വരേണ്ടത് കാലത്തിന്റെ തിരുത്തലുകള്‍ക്ക് അഭികാമ്യമാണ്. കേസുകള്‍ അട്ടിമറിക്കാനുതകുന്ന തരത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ വ്യഗ്രത കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം അനിവാര്യമാണ്. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ 2008ലെ അഞ്ചുകൊലപാതകങ്ങളും അക്രമങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കണം. അതിനുളള ശ്രമങ്ങള്‍ തുടരുകയും വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.