കണ്ണൂരില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയ പുലിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി

Monday 6 March 2017 7:44 pm IST

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലിയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. പുലിയുടെ ആരോഗ്യനില പരിശോധിച്ച് തൃപ്തികരമെങ്കില്‍ മാത്രമേ വനത്തിലേക്ക് തുറന്ന് വിടൂ എന്ന് വനംവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. തിരുവനന്തപുരത്തെത്തിച്ച് രണ്ട് ദിവസം നിരീക്ഷണത്തിന് വിധേയമാക്കും. നെയ്യാര്‍വനത്തില്‍ തുറന്നുവിടാനുള്ള ആലോചനയിലാണ് വനം വകുപ്പ് അധികൃതര്‍. ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് തായത്തെരു കസാനക്കോട്ടയില്‍ പുലി പ്രത്യക്ഷപ്പെട്ടത്. പ്രദേശവാസികളായ 5 പേരെ പുലി അക്രമിച്ചിരുന്നു. പുലിയുടെ അക്രമത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഏറെനേരത്തെ കഠിന പ്രയത്‌നത്തിന് ശേഷം രാത്രി 10.45 ഓടെയായിരുന്നു വയനാട്ടില്‍നിന്നെത്തിയ വിദഗ്ധസംഘം പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്. ചീറ്റപ്പുലിയാണ് നാട്ടിലിറങ്ങിയതെന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ ചീറ്റപ്പുലി ഇന്ത്യയില്‍ വംശനാശം വന്നവയാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കര്‍ണാടക വനത്തില്‍ കാണുന്ന പാന്തറ പാര്‍ഡെന്‍സ് ഇനത്തില്‍പെട്ട പുള്ളിപുലിയാണ് കണ്ണൂരിലെത്തിയത്. പുഴ വഴിയും ഗുഡ്‌സ് ട്രെയിന്‍ വഴിയും എത്താനുള്ള സാധ്യതയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. കിലോമീറ്ററുകളോളം നീന്താന്‍ കഴിവുള്ള ഇനത്തില്‍പെട്ട പുലിയാണ് ഇത്. കര്‍ണാടക വനത്തിലൂടെ മത്സ്യവുമായി വരുന്ന ലോറികളില്‍ കയറി പതുങ്ങിയിരുന്ന് പുലി നാട്ടിലെത്തിയ സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെന്നും ഈ രീതിയിലാവാം ഒരുപക്ഷെ പുലി ഇവിടെ എത്തിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ട് വയസ് പ്രായമുള്ള ആണ്‍പുലിയാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടത്. മയക്ക് വെടിയുടെ ആലസ്യത്തില്‍നിന്ന് രാത്രി പതിനൊന്നരയോടെ ഉണര്‍ന്ന പുലി പ്രത്യക്ഷത്തില്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് പുലിയെ കണ്ണൂരില്‍ നിന്ന് കൊണ്ടുപോയത്. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.