കല്യാശ്ശേരി: പീഡനക്കാരുടെ സുവര്‍ണ കാലമായി പിണറായിയുടെ ഭരണകാലം ചരിത്രം രേഖപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാങ്ങാട്ട് പറമ്പ ക്യാമ്പസിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ടി.വി.രാമകൃഷ്ണന് വിദ്യാര്‍ത്ഥിനികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടിയാവശ്യപ്പെട്ട് ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവയസ്സുള്ള കുട്ടികള്‍ മുതല്‍ എണ്പതു കഴിഞ്ഞ വയോധികവരെ ഇവിടെ പീഡിപ്പിക്കപ്പെടുന്നു. ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഭരണകൂടവും പോലീസും വേട്ടക്കാര്‍ക്കൊപ്പമാണ്. ഇടതുവലതു മുന്നണികള്‍ ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രജീഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.രവീന്ദ്രന് സ്വാഗതവും സജീവന് വെങ്ങര നന്ദിയും പറഞ്ഞു.
നേരത്തെ ധര്‍മ്മശാലയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ശങ്കരന് കൈതപ്രം, എന്‍.പി.കുഞ്ഞിക്കണ്ണന്, ബാലകൃഷ്ണന് കൊട്ടില, എം.ബാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: