പൊതുകിണറുകള്‍ വൃത്തിഹീനം

Monday 6 March 2017 9:31 pm IST

സ്വന്തം ലേഖകന്‍ അയ്മനം: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും പൊതുകിണറുകള്‍ വൃത്തിഹീനം. അയ്മനം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ പൊതുകിണറുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. പുളിഞ്ചുവട് കവല, കുടമാളൂര്‍ കിംസ് ആശുപത്രിക്ക് സമീപം, കുടമാളൂര്‍ കുരിശുപള്ളിക്ക് സമീപം, ആറാം വാ ര്‍ഡില്‍ കുന്നുംപുറം, 10-ാം വാര്‍ഡിലെ വടക്കോട്ട, 11-ാം വാര്‍ഡില്‍ വാരിശേരി കവലയ്ക്ക് സമീപം എന്നിവിടങ്ങളിലുള്ള കിണറുകള്‍ ഉപയോഗശൂന്യമായിട്ട് കാലങ്ങളായി. 8-ാം വാര്‍ഡില്‍ പുളിഞ്ചുവട് കവലയ്ക്ക് സമീപം പൊതുനിരത്തിനോട് ചേര്‍ന്നുള്ള കിണര്‍ ഉപയോഗ ശൂന്യമാണെങ്കിലും ഇപ്പോഴും ഇതില്‍നിന്നും പ്രദേശവാസികള്‍ വെശേഖരിക്കുന്നുണ്ട്. നാല്‍പ്പതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആവശ്യത്തിന് വെള്ളമുണ്ട്. പക്ഷേ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്നു. ഈ വെള്ളംകോരി തെളിഞ്ഞാല്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. കിണറിന്റെ രണ്ടുതൂണുകളും കുറുകെയുണ്ടായിരുന്ന സിമെന്റില്‍ വാര്‍ത്ത ബീമും ഇടിഞ്ഞ് കിണറ്റില്‍ വീണു. സമീപവാസികളുടെ ഏക ആശ്രയമാണ് ഈ കിണര്‍. ഇടിഞ്ഞുവീണ തൂണിന്റെ മുകളില്‍ കമ്പുകള്‍ ചേര്‍ത്ത്‌കെട്ടി കപ്പിയുംകയറും ഉപയോഗിച്ചാണ് മലിനജലം കോരിയെടുക്കുന്നത്. ഇതേവാര്‍ഡില്‍ കുടമാളൂര്‍ കിംസ് ആശുപത്രിക്ക് സമീപമുള്ള കിണറിന് വിസ്തൃതിയും 35അടിയോളം താഴ്ചയുമുണ്ട്. വെള്ളം വറ്റിയെങ്കിലും ഊറിവരുന്നവെള്ളം നാട്ടുകാര്‍ പങ്കിട്ടെടുക്കുകയാണ്. കല്ലംപള്ളില്‍ കുടുംബം നല്‍കിയ സ്ഥലത്താണ് കിണര്‍. അടിയില്‍ പാറയുണ്ട്. പാറപൊട്ടിച്ച് നീക്കിയാല്‍ യഥേഷ്ടം വെള്ളം ലഭിക്കും. നാല്‍പ്പതോളം കുടുംബങ്ങളാണ് ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നത്. സമീപത്തായി നിര്‍മ്മിച്ച കുഴല്‍ക്കിണറും ഉപയോഗിക്കാന്‍ കഴിയുന്നില്ല. തുരുമ്പിന്റെ മണവും രുചിയുമാണ് വെള്ളത്തിന്. ഇരുമ്പ് പൈപ്പുകള്‍മാറ്റി പിവിസി പൈപ്പുകള്‍ സ്ഥാപിച്ചാല്‍ ഇതിലെ ജലം ഉപയോഗിക്കാന്‍ കഴിയും. ആകെയുള്ള ഒരു പൊതുടാപ്പിലാകട്ടെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. കുടമാളൂര്‍ കുരിശുപള്ളിയുടെ മതിലിനോട് ചേര്‍ന്നുള്ള കിണറ്റില്‍ ധാരാളം വെള്ളമുണ്ട്. പക്ഷേ ജലം മനലിനമാണ്. കിണര്‍ വറ്റിച്ച് ശുദ്ധീകരിച്ചാല്‍ ഒരുപ്രദേശത്തിന്റെ ദാഹമകറ്റാന്‍ ഈ കിണറിന് സാധിക്കും. ആറാം വാര്‍ഡിലെ കുന്നുംപുറത്ത് ഭാസ്‌ക്കരനും കുടുംബവും നല്‍കിയ ഒരുസെന്റ് സ്ഥലത്തെ കിണറിലും ധാരാളം വെള്ളമുണ്ട്. ഉപയോഗിക്കാന്‍ കഴിയില്ല. ചുവന്നനിറമാണിതിന്. കിണര്‍ റീചാര്‍ജ്ജ് ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ. 10-ാം വാര്‍ഡിലെ വടക്കോട്ടയിലെ അന്‍പതടിയോളം താഴ്ചയുള്ള കിണറ്റില്‍ ധാരാളം വെള്ളമുണ്ട്. അന്‍പത് വര്‍ഷത്തോളം പഴക്കമുണ്ട് ഈ കിണറിന്. 12 കുടുംബങ്ങള്‍ ഇപ്പോഴും ഈ കിണറിനെയാണ് ആശ്രയിക്കുന്നത്. കിണര്‍ വലയിട്ട് സംരക്ഷിക്കുന്നത് പ്രദേശവാസികളാണ്. ചാമത്തറയില്‍ ജോസഫ് ചാക്കോ സംഭാവനചെയ്ത സ്ഥലത്താണ് കിണര്‍. ഇതേവാര്‍ഡില്‍പെട്ട കുടയംപടി കവലയില്‍ കിണറുണ്ടായിരുന്ന സ്ഥലം മണ്ണിട്ടുമൂടി ആരൊക്കെയോ കയ്യേറി. സമീപതോട്ടിലൂടെ കെട്ടുവള്ളങ്ങളില്‍ എത്തുന്ന ചരക്കിറക്കുന്നതിന് ഒരു കടവും ഇവിടെ ഉണ്ടായിരുന്നു. ഈ തോടും കടവുമെല്ലാം നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നു. 11-ാം വാര്‍ഡില്‍ വാരിശേരി കവലയ്ക്ക് സമീപം കുമ്മനത്തേക്ക് തിരിയുന്ന ഭാഗത്ത് കിണര്‍ ഉണ്ടായിരുന്നതും മൂടിപ്പോയി. ഇപ്പോള്‍ ഈ സ്ഥാനത്ത് ചെറുകുടകള്‍ ഉയര്‍ന്നിരിക്കുന്നു. ഈ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ച് മുമ്പ് നിലനിന്നിരുന്ന കിണറുകള്‍ പുനസ്ഥാപിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. നിലവില്‍ ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുന്ന കിണറികള്‍ക്ക് ആവശ്യമായ പണികള്‍ ചെയ്ത് ശുദ്ധജലം ലഭ്യമാക്കുവാനും കഴിയണം. പഞ്ചായത്ത് ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നില്‍ക്കാതെ ആവശ്യമായ ഫണ്ട് കണ്ടെത്തി ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. ഭാവിയില്‍ വരാനിരിക്കുന്ന ഭയാനകമായ കുടിവെള്ളക്ഷാമത്തില്‍നിന്നും ജനങ്ങളം രക്ഷിക്കാനുള്ള ആര്‍ജ്ജവം ഭരണാധികാരികളില്‍ നിന്നും ഉണ്ടായേതീരൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.