ബജറ്റ് ചോര്‍ച്ച: സിബിഐ അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്

Wednesday 14 June 2017 5:58 pm IST

കോഴിക്കോട്: ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് . ബജറ്റ് ചോരുകയല്ല, ധനമന്ത്രി ബജറ്റ് വില്‍ക്കുകയാണ് ചെയ്തത്. ബഹുരാഷ്ട്ര കുത്തകകള്‍ക്കാണ് അദ്ദേഹം ബജറ്റ് വിവരങ്ങള്‍ നല്‍കിയത്. ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്കായി നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണ്. ബജറ്റിന്റെ തലേന്ന് വിശദാംശങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചതിന് തെളിവുകളുണ്ട്. ചില പത്രങ്ങള്‍ ബജറ്റിലെ നിര്‍ദ്ദേശങ്ങളടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27നാണ് ബജറ്റ് തയ്യാറാക്കല്‍ പൂര്‍ത്തിയായതെന്നാണ് പറയുന്നത്. 28ന് ബജറ്റ് ക്രോഡീകരിച്ച് തയ്യാറാക്കി. എന്നാല്‍ 24 ന് മുമ്പ് തന്നെ വിശദാംശങ്ങള്‍ പുറത്തുപോയിട്ടുണ്ട്. ഈ വിഷയം ചീഫ് സെക്രട്ടറി അന്വേഷിച്ചാല്‍ ഒന്നും പുറത്തുവരില്ല. പോലീസ് അന്വേഷണം കൊണ്ടും സാധ്യമല്ല. പ്രശ്‌നം ചെറുതായി കാണിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം. ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങളെല്ലാം നടപ്പാക്കുന്നത് കിഫ്ബിയില്‍ നിന്നുള്ള പണമെടുത്താണ്. മുന്‍കൂട്ടി കിഫ്ബിയില്‍ ആരെല്ലാം പണം നിക്ഷേപിച്ചെന്നും ആരെല്ലാം ബോണ്ടുകള്‍ വാങ്ങിയെന്നും അന്വേഷിക്കേണ്ടതുണ്ട്. ബജറ്റ് വിശദാംശങ്ങള്‍ ചോര്‍ന്നു കിട്ടിയവര്‍ കിഫ്ബിയില്‍ മുന്‍കൂട്ടി പണം നിക്ഷേപിച്ചിട്ടുണ്ടാവാമെന്നും ഇതെല്ലാം അന്വേഷണ പരിധിയില്‍ വരണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേരളത്തെ സെല്‍ഭരണത്തിന്‍ കീഴിലാക്കാന്‍ നീക്കം കോഴിക്കോട്: എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് കേരളത്തെ സെല്‍ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ആരോപിച്ചു. സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണിത്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനും നിയമ-നീതിന്യായ വ്യവസ്ഥയെ കൂച്ചുവിലങ്ങിടാനുമാണ് സിപിഎം ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എം.വി. ജയരാജന്‍. കേരളത്തെ അന്ധകാരത്തിലേക്ക് തളളിവിടാനാണ് ഈ നിയമനം. കേരളത്തെ പൂര്‍ണ്ണമായും സെല്‍ഭരണത്തിന്‍ കീഴിലാക്കാനുള്ള ശ്രമമാണിത് ഇതിനെ ആശങ്കയോടെയും ഭയത്തോടെയുമാണ് നോക്കിക്കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.