ശ്യൂന്യതയില്‍ നിന്ന് വിഷയമെടുത്ത് സിപിഎം പ്രകോപനം സൃഷ്ടിക്കുന്നു: ശോഭാ സുരേന്ദ്രന്‍

Wednesday 14 June 2017 6:06 pm IST

ബിജെപി മലയാളി സെല്‍ ആനേക്കല്‍ മണ്ഡലം കമ്മറ്റിയുടെ ഉദ്ഘാടനം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു

ബെംഗളൂരു: ശൂന്യതയില്‍ നിന്ന് വിഷയമെടുത്താണ് സിപിഎം പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ബിജെപി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബിജെപി മലയാളി സെല്‍ ആനേക്കല്‍ മണ്ഡലം കമ്മറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ആഗോളതലത്തില്‍ ഒരു കാലഘട്ടത്തില്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ വ്യാപിക്കുകയും അതേ വേഗതയില്‍ അസ്തമിക്കുകയും ചെയ്ത കമ്യൂണിസമെന്ന പ്രത്യയശാസ്ത്രം പ്രായോഗികതലത്തില്‍ നടപ്പാവില്ലെന്ന് തെളിഞ്ഞിരിക്കുകയുമാണ്. മൂന്നര പതിറ്റാണ്ട് കാലം ബംഗാള്‍ ഭരിച്ച പ്രസ്ഥാനം നാമാവശേഷമായിരിക്കയാണ്. കേരളത്തിലും ത്രിപുരയിലും മാത്രം നിലനില്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ബിജെപിയെ ആശയപരമായി തകര്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് അതിന്റെ സംസ്ഥാന സെക്രട്ടറി തന്നെ പ്രകോപനം സൃഷ്ടിക്കുന്നതിലൂടെ തെളിയിക്കുന്നത്. രാജ്യവ്യാപകമായി വിവേചനരഹിതമായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്നത്.

കേരളത്തിലെ മുഖ്യമന്ത്രി മുഴുവനും മലയാളികള്‍ക്കും പരിഹാസ്യ കഥാപാത്രമാവാതെ മുഖ്യമന്ത്രിയുടെ അന്തസ്സും പവിത്രതയും ഉള്‍ക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി മലയാളി സെല്‍ ആനേക്കല്‍ മണ്ഡലം കമ്മറ്റിയുടെ ഉദ്ഘാടനം ശോഭാ സുരേന്ദ്രനും മുന്‍ മന്ത്രി നാരായണ സ്വാമിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കര്‍ണ്ണാടകയിലെയും കേരളത്തിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി അദ്ധ്യക്ഷത വഹിച്ചു. കെ. കെ സുരേന്ദ്രന്‍, മലമേല്‍ സുരേഷ്, പാലക്കാട് കൗണ്‍സിലര്‍ നടേശന്‍, ജില്ലാ സഞ്ചാലക് ഹരി നായര്‍, ആദിത്യ ഉദയ്, സുധീഷ്, മധു കളമാനൂര്‍, സന്തോഷ് ഓ.പി, ദിനേഷ് പിഷാരടി, സലീഷ് പി.വി, കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സുദീഷ് കുമാറിനെ മണ്ഡലം കണ്‍വീനറായും കൃഷ്ണന്‍കുട്ടിയെ കോ കണ്‍വീനറായും തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.