കലവറ നിറഞ്ഞു ഏച്ചിക്കാനത്ത് ഇനി ഉത്സവനാളുകള്‍

Wednesday 14 June 2017 8:18 pm IST

മാവുങ്കാല്‍: ഭക്തിയുടെ നിറവില്‍ ഏച്ചിക്കാനം കൊരമ്പില്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് കലവറ നിറച്ചു. ഏച്ചിക്കാനത്ത് നാലുനാള്‍ ഉത്സവ രാവുകള്‍. തെയ്യം കെട്ടിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്ര സ്ഥാനികരും, ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ കന്നി കലവറ നിറച്ചു. തുടര്‍ന്ന് സമീപ ക്ഷേത്രങ്ങളായ 'പെരിയാങ്കോട് ഭഗവതീ ക്ഷേത്രം, അമ്പക്കോട് മഹാവിഷ്ണു ക്ഷേത്രം, കല്യാണം മുത്തപ്പന്‍ മടപ്പുര, വാഴക്കോട് സുബ്രമണ്യസ്വാമി ക്ഷേത്രം, കോഡറക്കാവ് ഭഗവതി ക്ഷേത്രം, വെളുട ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, മടിക്കൈ അഴകുളം ഭഗവതി ക്ഷേത്രം, ആലമ്പാടി നന്ദപുരം ക്ഷേത്രം, അഞ്ചാം വയല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം, വെളളിച്ചോരി കാലിച്ചാന്‍ ദേവസ്ഥാനം, ചെമ്പിലോട്ട് ഗുളികന്‍ ദേവസ്ഥാനം തുടങ്ങി വിവിധപ്രദേശങ്ങളില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്രകളെത്തി. തുടര്‍ന്ന് ഗുളികന്‍ ദൈവം കൊട്ടിയാടി. അന്നദാനം നടന്നു. ഏച്ചിക്കാനം പ്രവാസി സംഘം യുഎഇ കമ്മറ്റി 2 ലക്ഷം രൂപയുടെ ചെക്കും, വളയണ്ടിയര്‍മാര്‍ക്കുള്ള ടീം ഷര്‍ട്ടും ഭാരവാഹികളായ കെ.ജെ.രതീഷ്, സുനില്‍കുമാര്‍, സനീഷ്, മനോജ് പുളിക്കല്‍ എന്നിവര്‍ ആഘോഷ കമ്മറ്റി ട്രഷറര്‍ എ.സി.ധനഞ്ജയന്‍ നമ്പ്യാര്‍ക്ക് കൈമാറി. സേവനീര്‍ പ്രകാശനം പെരിയാ കോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കുഞ്ഞിരാമന്‍ വെളിച്ചാപ്പാടന് നല്‍കി നിര്‍വ്വഹിച്ചു. മാര്‍ച്ച് 7 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാദീപം തുടര്‍ന്ന് കൈവീത് തെയ്യംകൂടല്‍. 8 ന് ഉച്ചക്ക് 3 മണി മുതല്‍ കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വൈകിട്ട് ആറിന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 9 ന് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം തുടര്‍ന്ന് ഭക്ത്യാവേശം പകരുന്ന ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ തുടര്‍ന്ന് അന്നദാനം. 9 ന് രാവിലെ 6 മണിക്ക് കാര്‍ന്നോന്‍ തെയ്യം, 9 ന് കോരച്ചന്‍ തെയ്യം, 11 ന് കണ്ടനാര്‍കേളന്‍ തെയ്യം, വൈകിട്ട് 3 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ഭക്തിനിര്‍ഭരമായ ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. അഞ്ച് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍. തുടര്‍ന്ന് കൈവീതോട് കൂടി തെയ്യംകെട്ട് മഹോത്സവത്തിന് പരിസമാപ്തിയാകും. പെരിയാങ്കോട്ട് ഭഗവതി ദേവസ്ഥാനത്തിന്റെ അധിനതയിലുളളതുമായ കൊരവില്‍ വയനാട് കുലവന്‍ ദേവസ്ഥാനത്ത് നീണ്ട ഇരുപത് സംവത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വയനാട്ട് കുലവനും പരിവാര ദേവഗണങ്ങള്‍ക്കുമായി അരങ്ങോരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.