ബജറ്റ് ചോര്‍ച്ച: ധനമന്ത്രി പ്രതിക്കൂട്ടില്‍

Wednesday 14 June 2017 5:54 pm IST

  തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ധനമന്ത്രി തോമസ് ഐസക്ക് പ്രതിക്കൂട്ടില്‍. പുറത്താക്കിയ അസിസ്റ്റന്റ് പ്രൈവറ്റ്‌സെക്രട്ടറിയുടെ തലയില്‍മാത്രം കുറ്റം കെട്ടിവച്ച് തടിയൂരാനുള്ള മന്ത്രിയുടെ ശ്രമമാണ് പൊളിയുന്നത്. ബജറ്റല്ല പത്രങ്ങള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ പ്രധാനതലക്കെട്ടുകള്‍ മാത്രമാണ് ചോര്‍ന്നതെന്നായിരുന്നു ഐസക്കിന്റെ വാദം. ബജറ്റ് തയ്യാറാക്കുന്ന ജീവനക്കാരും അച്ചടിക്കുന്ന ജീവനക്കാരും നിയമസഭയില്‍ ബജറ്റവതരിപ്പിച്ചു കഴിയുംവരെ കര്‍ശന നിരീക്ഷണത്തിലും സുരക്ഷാസംവിധാനത്തിലുമായിരിക്കും. പുസ്തകം അച്ചടിക്കുന്ന പ്രസ് ജീവനക്കാര്‍ സഭയില്‍ ബജറ്റ് അവതരിപ്പിച്ചശേഷമേ പുറത്തുപോകുകയുള്ളൂ. സഭയില്‍ വായിക്കാനുള്ള കോപ്പി മാത്രമേ മന്ത്രിയും കൈയ്യില്‍ കരുതാറുള്ളൂ. എന്നാല്‍ മന്ത്രി ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരിക്കെ തലക്കെട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കെഎസ്ആര്‍ടിസി മുതലായ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായ പാക്കേജില്‍ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള ചിത്രവും ചേര്‍ത്തിരുന്നു. കാലേകൂട്ടി തയ്യാറാക്കിയാലേ ഇത്തരത്തിലുള്ള തലക്കെട്ടുകള്‍ തയ്യാറാക്കാനാകൂ. ആധുനികരീതിയില്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വാര്‍ത്താക്കുറിപ്പായി നല്‍കണമെങ്കില്‍ മറ്റൊരു ബജറ്റ് പുസ്തകമോ അല്ലെങ്കില്‍ തയ്യാറാക്കിയതിന്റെ പകര്‍പ്പോ ധനമന്ത്രിയുടെ ഓഫീസില്‍ നേരത്തെ എത്തിയിരിക്കണം. ഇത് നിയമലംഘനമാണ്. ബജറ്റ് അവതരണത്തിന് മുമ്പുതന്നെ ചില ഭാഗങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചും മന്ത്രിക്ക് ഉത്തരം മുട്ടുന്നു. സിപിഎം സഹയാത്രികനും മുഖ്യമന്ത്രി പിണറായിവിജയനുമായി അടുപ്പവുമുള്ള ഫാരിസ് അബൂബേക്കറിന്റെ ഉടമസ്ഥതയില്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്ന പത്രത്തിലാണ് ബജറ്റിലെ വിവരങ്ങളടങ്ങിയ വാര്‍ത്ത ആദ്യംവന്നത്. മന്ത്രിയുടെ ഓഫീസില്‍ നിന്നാണോ അതോ മന്ത്രിയെ കുടുക്കാന്‍ മാറ്റാരെങ്കിലും ചോര്‍ത്തിയതാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് നിയമസഭയില്‍ ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് തിരുത്തി. ചീഫ്‌സെക്രട്ടറി അന്വേഷിച്ച് നിയമലംഘനം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രിയെ സംരക്ഷിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യപരാമര്‍ശം. പ്രതിപക്ഷത്തുനിന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ ചീഫ് സെക്രട്ടറിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നു പറഞ്ഞ് മുഖ്യമന്തി തടിയൂരി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ക്യാബിനറ്റ് ചര്‍ച്ചചെയ്ത് നടപടിസ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ അന്വേഷണവും ചര്‍ച്ചയും തോമസ് ഐസക്കിന്റെ വിശ്വാസ്യതയെയും മന്ത്രിസ്ഥാനത്തെയും ചോദ്യം ചെയ്യുന്നതായിരിക്കും. ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും നിയമനടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.