പുരാവസ്തുവിന്റെ പേരില്‍ തട്ടിപ്പ്

Tuesday 7 March 2017 12:31 pm IST

കുന്നത്തൂര്‍: പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്. ശൂരനാട് വടക്ക് ചക്കുവള്ളി സ്വദേശി ഡോ.രാധാകൃഷ്ണനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ ഏഴുലക്ഷം രൂപയും ഭാര്യയുടെ എട്ടുപവനും നഷ്ടമായി. പുരാവസ്തുക്കളിലെ ഇറിഡിയം ലോഹം വേര്‍തിരിച്ചെടുത്ത് വിദേശത്തേക്ക് വില്‍പ്പന നടത്തി കോടികള്‍ നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതി ഉള്‍പ്പെട്ട നാലംഗസംഘമാണ് തട്ടിപ്പ് നടത്തിയത്. ഡ്രൈവര്‍ അടൂര്‍ നെല്ലിമുകള്‍ സ്വദേശി മോഹനനാണ് സംഘത്തെ ഡോക്ടറിന് പരിചയപ്പെടുത്തി നല്‍കുന്നത്. പോരുവഴി ഇടയ്ക്കാട് തെക്ക് സ്വദേശിനി അനില, ഇടുക്കി കുമിളി സ്വദേശി ശശി, കോയമ്പത്തുര്‍ സ്വദേശി കൃഷ്ണ മുരുകേശന്‍ എന്നിവരാണ് തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവര്‍. മാസങ്ങള്‍ക്ക് മുന്‍പാണ് രൂപ നഷ്ടപ്പെടുന്നത്. ബിസിനസ് ആരംഭിക്കാത്തതിന്റെ കാരണമായി സംഘം നോട്ട് നിരോധനവും മറ്റും ചൂണ്ടിക്കാട്ടി രക്ഷപ്പെടുകയായിരുന്നു. തവണകളായാണ് പണവും സ്വര്‍ണ്ണവും തട്ടിയത്. നിരവധിപ്പേര്‍ ഇവരുടെ തട്ടിപ്പിനിരയായതായാണ് സൂചന. ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണമാരംഭിച്ചു. തട്ടേിപ്പ് സംഘം ഒളിവിലാണ്. സംസ്ഥാനം വിട്ടതായും സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.