റവന്യൂ വകുപ്പിനെതിരെ സിപിഎം സമരം

Thursday 18 May 2017 10:40 pm IST

ഇടുക്കി: ഇടുക്കിയിലെ അനധികൃത ഖനനവും കയ്യേറ്റങ്ങളും നിയന്ത്രിക്കാന്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമം അട്ടിമറിക്കാന്‍ സിപിഎം രംഗത്ത്. ദേവികുളം ആര്‍ഡിഒയുടെ പരിധിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് പാറപൊട്ടിച്ചുകൊണ്ടിരുന്ന മടകള്‍ക്കെതിരെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെയാണ് സിപിഎം റവന്യൂ വകുപ്പിനെതിരെ നീക്കം ആരംഭിച്ചത്.   ഒരാഴ്ച മുമ്പ് കര്‍ഷക സംഘത്തെ മുന്നില്‍ നിര്‍ത്തി ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് സബ് കളക്ടര്‍ തടഞ്ഞ് വച്ചെന്നാരോപിച്ചായിരുന്നു സമരം. എന്നാല്‍ വീട് പണിക്കായി ലഭിച്ച 120 അപേക്ഷയില്‍ രണ്ടെണ്ണം മാത്രമാണ് തള്ളിയതെന്ന് തെളിവ് സഹിതം സബ് കളക്ടര്‍ വിശദീകരിച്ചിട്ടും തുടര്‍ സമരം നടത്താനാണ് കര്‍ഷക സംഘത്തെ മുന്‍ നിര്‍ത്തി സിപിഎം ശ്രമിക്കുന്നത്. കയ്യേറ്റക്കാര്‍ക്കും മണ്ണ്-പാറ മാഫിയയക്കുമെതിരെ ആറ് മാസത്തിനിടെ നിരവധി റിപ്പോര്‍ട്ടുകളാണ് ദേവികുളം ആര്‍ഡിഒ ഓഫീസില്‍ നിന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്. പള്ളിവാസലിലെ കെഎസ്ഇബി ഭൂമി കുംഭകോണമാണ് ഈ റിപ്പോര്‍ട്ടുകളില്‍ പ്രധാനപ്പെട്ടത്. ശാന്തന്‍പാറ, ചതുരങ്കപ്പാറ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് പാറപൊട്ടിച്ചിരുന്ന മടകളും റവന്യൂ വകുപ്പ് പൂട്ടിയിരുന്നു. പാറമടകള്‍ ഉഷ്ണക്കാറ്റിന് വഴിവയ്ക്കുമെന്ന് മുന്‍ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പാറമടകള്‍ക്ക് പൂട്ട് വീണത്. കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് ഈ പാറമടകള്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കിയിരുന്നു. ഇന്നലെ മുതല്‍ കര്‍ഷക സംഘം ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ റിലേ സമരം ആരംഭിച്ചിരിക്കുകയാണ്. 18ന് ശേഷം സബ് കളക്ടറെ വഴിയില്‍ തടയുമെന്നാണ് കര്‍ഷക സംഘത്തിന്റെ ഭീഷണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.